പാലാ:- അമ്പതിലേറെ വർഷം എം.എൽ.എയും അതിൽ പകുതിയിലധികം കാലം മന്ത്രിയുമായിരുന്ന കെ.എം മാണി പ്രതിപക്ഷത്തായിരുന്നപ്പോൾ പറഞ്ഞിരുന്ന പല്ലവി ജോസ് കെ.മാണി ആവർത്തിക്കുകയാണെന്ന് മാണി സി കാപ്പൻ എം.എൽ.എ. പ്രതിപക്ഷത്തായിരുന്നപ്പോൾ പാലായെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് കെ.എം മാണി സ്ഥിരമായി നടത്തിയിരുന്ന പ്രസ്താവനകളും സമരങ്ങളും ഭരണകക്ഷിയിൽപ്പെട്ട ആളാണെന്ന് മറന്നാണ് ജോസ് കെ.മാണി ആവർത്തിക്കുന്നത്.

താൻ എം.എൽ.എ ആകുന്നതിനു മുമ്പ് പണിത കളരിയാമാക്കൽ പാലവും അമിനിറ്റിസെന്ററും കെ .എസ്. ആർ.ടി.സി കെട്ടിടവും നെല്ലിയാനിയിലെ മിനി സിവിൽ സ്റ്റേഷനും മുത്തോലിയിലെ കാറ്ററിംഗ് കോളജും ഉൾപ്പെടെയുള്ളവ പൂർത്തീകരിക്കാനുള്ള തന്റെ ശ്രമങ്ങളെ അട്ടിമറിച്ചത് ഭരണസ്വാധീനമുപയോഗിച്ചാണ്. ഭരണകക്ഷിയുടെ എം.എൽ.എ ആയിരുന്ന ഒന്നര വർഷo കൊണ്ട് പ്രതിപക്ഷത്തായ നാലര വർഷം ചെയ്തതിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞുവെന്നത് വാസ്തവമാണ്. പരാജയപ്പെട്ടതിന് വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന സമീപനം ജോസ് കെ.മാണി ഉപേക്ഷിച്ചിരുന്നെങ്കിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമായിരുന്നുവെന്ന് ഉറപ്പുണ്ട്.
പാലാക്കാരോട് അൽപമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ തൊടുപുഴ മോഡൽ വികസനം നാട്ടിലെത്തിക്കാൻ തന്നോട് സഹകരിക്കണം. മുനിസിപ്പൽ സ്റ്റേഡിയം നവീകരണത്തിന് എം.എൽ എ യുടെ ബഡ്ജറ്റ് നിർദ്ദേശാനുസരണം പണം അനുവദിച്ചറിയാതെ നവകേരള സദസിന് പാലായിലെത്തിയ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ച് അപ ഹാസ്യരായവർ തന്റെ കത്തിലൂടെയാണ് മുനിസിപ്പൽ സ്റ്റേഡിയം യാഥാർത്ഥ്യമായതെന്ന വാദം ഉയർത്തുന്നത് എത്രയോ ബാലിശമാണ്. ഓരോ നിയോജക മണ്ഡലത്തിലെയും ബഡ്ജറ്റ് നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള എം.എൽ എ യുടെ അവകാശം പാലായിൽ തോറ്റ വ്യക്തിയ്ക്കാണ് എന്ന് വീമ്പടിച്ച് ജനങ്ങളെ പരിഹസിക്കരുത്. തനിക്കെതിരെയും താൻ കൊണ്ടുവരുന്ന പദ്ധതികൾക്കെതിരെയും തടസങ്ങൾ സൃഷ്ടിക്കുകയും കോടതിയിൽ കേസ് കൊടുപ്പിക്കുകയും തനിക്കെതിരെ പരസ്യ ബോർഡുകളും സോഷ്യൽ മീഡിയ പ്രചരണങ്ങളും നടത്തുകയും ചെയ്യുന്ന രീതി ഇനിയെങ്കിലും അവസാനിപ്പിച്ച് നാടിന്റെ വികസനത്തിന് സഹകരിക്കുകയാണ് വേണ്ടത്. യു.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ കെ.എം.മാണി അമ്പത് വർഷം കൊണ്ട് ചെയ്തതിൽ കൂടുതൽ കാര്യങ്ങൾ കാർഷിക , വ്യാവസായിക, ടൂറിസം മേഖലകളിൽ അഞ്ച് വർഷം കൊണ്ട് പൂർത്തീകരിക്കാൻ കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് മാണി സി കാപ്പൻ പ്രത്യാശ പ്രകടിപ്പിച്ചു.
