Kottayam

ഇരുപത്തിനാല് മണിക്കൂറും ശുദ്ധമായ പാല്‍ ലഭ്യമാകുന്ന എ.ടി.എം മില്‍ക്കിന് (ഓട്ടോമാറ്റ് മില്‍ക്ക് വെൻഡിംഗ് മെഷീൻ) ആവശ്യക്കാർ ഏറുന്നു;പൈക, കൂരാലി, പള്ളിക്കത്തോട്, കൂരോപ്പട എന്നിവിടങ്ങളില്‍ മെഷീന്‍ സ്ഥാപിക്കാൻ സാധ്യത 

കോട്ടയം: ഇരുപത്തിനാല് മണിക്കൂറും ശുദ്ധമായ പാല്‍ ലഭ്യമാകുന്ന എ.ടി.എം മില്‍ക്കിന് (ഓട്ടോമാറ്റ് മില്‍ക്ക് വെൻഡിംഗ് മെഷീൻ) ആവശ്യക്കാർ ഏറുന്നു.ജില്ലയില്‍ വിവിധയിടങ്ങളിലായി പത്ത് മെഷീനുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പാമ്പാടി ബ്ലോക്കിന് കീഴില്‍ ആറ്, പള്ളം ബ്ലോക്കിന് കീഴില്‍ മൂന്ന്, കാണക്കാരിയില്‍ ഒന്ന് എന്നിങ്ങനെ. ജില്ലയിൽ ആദ്യമായി മില്‍ക്ക് എ.ടി.എം സ്ഥാപിച്ചത് പാമ്പാടി ബ്ലോക്കിന് കീഴിലെ അരീപ്പറമ്പിലാണ്.ഈ പദ്ധതി ക്ഷീര സഹകരണസംഘങ്ങളുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. അഞ്ച് ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം. രണ്ട് ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തിന്റെയും ബാക്കി ക്ഷീര സംഘത്തിന്റെ തനത് ഫണ്ടുമാണ്.

ആദ്യഘട്ടത്തില്‍ മെഷീന്‍ വഴി ദിവസേന വിറ്റിരുന്നത് ഏകദേശം 100 ലിറ്റര്‍ പാലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 200 ലിറ്ററായി. ഈ ഓട്ടോമാറ്റിക് മില്‍ക്ക് മെഷീനുകളുടെ പരമാവധി സംഭരണശേഷി 300 ലിറ്ററാണ്. പൊതുവേ ഒരു ലിറ്റര്‍ പാലിന് 60 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ അരീപ്പറമ്പിലെ ക്ഷീര സഹകരണസംഘം 56 രൂപയ്ക്ക് ലിറ്ററിന് വില.

എല്ലാ ദിവസവും രാവിലെ മെഷീൻ ചൂട്‌വെള്ളത്തില്‍ വൃത്തിയാക്കും, അണുനശീകരണം നടത്തും. തുടർന്നാണ് മെഷീനിലേക്ക് പാല്‍ നിറയ്ക്കുന്നത്. അതാത് ദിവസത്തെ പാലിന് 72 മണിക്കൂർ സമയപരിധിയുണ്ട്. 4 ഡിഗ്രി സെല്‍ഷ്യസില്‍ തണുപ്പിച്ചാണ് ഇത് സൂക്ഷിയ്ക്കുന്നത്. അതിനാല്‍ ഏത് ക്വാളിറ്റിയിലാണോ പാല്‍ ഒഴിക്കുന്നത് ആ രീതിയില്‍ ഏത് രീതിയിലും നിലകൊള്ളും. പാല്‍ മിച്ചം വരുന്നത് വിരളമാണെന്ന് അധികൃതർ പറയുന്നു. ക്യാഷ്, ഗൂഗിള്‍ പേ തുടങ്ങിയ രീതിയിലും ബില്ല് അടയ്ക്കാം. ഡല്‍ഹി കേന്ദ്രമായി പ്രവർത്തിക്കുന്ന പ്യുവർ ലോ കമ്പനിക്കാണ് അറ്റകുറ്റപ്പണികളുടെ ചുമതല.

പ്രധാനമായും ആളുകള്‍ കൂടുതലായി എത്തുന്ന സ്ഥലത്താണ് മെഷീനുകള്‍ സ്ഥാപിക്കുന്നത്. കൂടുതല്‍ ആളുകളിലേയ്ക്ക് മെഷീന്റെ പ്രയോജനം എത്തിക്കുകയാണ് എന്നതാണ് പ്രധാനം ലക്ഷ്യം. പൈക, കൂരാലി, പള്ളിക്കത്തോട്, കൂരോപ്പട എന്നിവിടങ്ങളില്‍ മെഷീന്‍ സ്ഥാപിക്കുന്നതിന്റെ സാധ്യതകൾ നിലനില്ക്കുന്നുവെന്ന് ക്ഷീര സഹകരണ സംഘം അധികൃതര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top