കോഴിക്കോട്: മാവൂരിലെ ബൈക്ക് ഷോറൂമിൽ ഉണ്ടായ തീപിടുത്തത്തില്‍ ഏഴ് വാഹനങ്ങള്‍ കത്തിനശിച്ചു. സര്‍വീസിനായി ഉടമകൾ നല്‍കിയിരുന്ന വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ആണ് അപകടം ഉണ്ടായത്. മാവൂര്‍ പോലീസ് സ്‌റ്റേഷന് സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന കെഎംഎച്ച് മോട്ടോഴ്‌സ് എന്ന സ്ഥാപനത്തിൽ ആണ് തീപിടുത്തം ഉണ്ടായത്.

അപകടമുണ്ടായ ഉടന്‍ തന്നെ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും പരിസരത്തുണ്ടായിരുന്ന യാത്രക്കാരും ചേര്‍ന്ന് തീയണക്കാന്‍ ശ്രമം നടത്തി. പിന്നീട് മുക്കം അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
രാവിലെ ആറ് മണിയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്. ഉടമകള്‍ സര്‍വീസ് ചെയ്യാനായി നല്‍കിയ ആറ് ബൈക്കുകളും വില്‍പനക്കായി വെച്ചിരുന്ന ഒരു പുതിയ ബൈക്കും കത്തിനശിച്ചിട്ടുണ്ട്. സർവീസ് സെന്ററിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
