തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനുനേരെ ഭീഷണി മുഴക്കിയെന്ന ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി കൂടിയായ എംഎൽഎ വി. ജോയിക്കെതിരെ വിവാദം. സിപിഎം സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിനിടെയാണ് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ വി. ജയചന്ദ്രന് മുന്നിൽ വി. ജോയി നടത്തിയ പരാമർശം പുറത്തുവന്നത്.

“അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കിൽ ഞാൻ പറയുകയാണ്, ഒരു കൊലപാതകം… നിങ്ങൾ നോക്കിക്കോ” എന്നായിരുന്നു വി. ജോയിയുടെ പരാമർശമെന്നാണ് പുറത്തുവന്ന വീഡിയോയിലെ ശബ്ദത്തിൽനിന്ന് വ്യക്തമാകുന്നത്. എന്നാൽ ‘കൊലപാതകം’ എന്ന് പറഞ്ഞതിന് പിന്നാലെയുള്ള വാക്കുകൾ വീഡിയോയിൽ വ്യക്തമായി കേൾക്കാനാകുന്നില്ല. സിപിഎം നേതാക്കൾ പോലീസ് ഉദ്യോഗസ്ഥർക്കുനേരെ പ്രതിഷേധിക്കുകയും ആക്രോശിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വി. ജോയിയുടെ പരാമർശമുണ്ടായത്. കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലെ എസ്ഐ ഗോകുലിനെ ലക്ഷ്യമിട്ടാണ് പരാമർശമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

എസ്എഫ്ഐ പ്രവർത്തകർക്കെതിരായ ലാത്തിച്ചാർജുമായി ബന്ധപ്പെട്ട് എസ്ഐ ഗോകുലിനെതിരെ സിപിഎം പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ വിമർശനവും പ്രചാരണവും നടത്തിവരുന്നതിനിടെയാണ് സംഭവമുണ്ടായത്. സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു വി. ജോയിയുടെ പരാമർശം.
അതേസമയം, കൊലപാതകം നടത്തുമെന്ന ഭീഷണിയല്ല താൻ നൽകിയതെന്ന് വി. ജോയ് വിശദീകരിച്ചു. പോലീസ് കുട്ടികളെ മർദിക്കുന്നത് തുടർന്നാൽ അതിന്റെ ഫലമായി മരണം സംഭവിക്കാമെന്ന മുന്നറിയിപ്പാണ് താൻ നൽകിയതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. കുട്ടികളെ “മൃഗീയമായി അടിച്ചാൽ കൊല്ലപ്പെടുമെന്നും, അപ്പോൾ കൊലപാതകം നടക്കുമെന്നുമാണ്” അസിസ്റ്റന്റ് കമ്മിഷണറോട് പറഞ്ഞതെന്നും വി. ജോയ് പ്രതികരിച്ചു.
