സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ നേതൃത്വം. സാഹിത്യ അക്കാദമി ചെയർമാൻ.ജി വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ.പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ.എം രഞ്ജിത്ത് സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ.പ്രൊഫ. പ്രകാശ് മൂർത്തി ലളിതകലാ അക്കാദമി ചെയർമാൻ.സുരേഷ് ബാബു എളയാവൂർ ഫോക്ലോർ അക്കാദമി ചെയർമാൻ.

സംസ്ഥാനത്തെ പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ നേതൃത്വം. സാഹിത്യം, സിനിമ, നാടകം, സംഗീതം, ചിത്രകല, നാടോടിക്കലകൾ തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരാണ് വിവിധ അക്കാദമികളുടെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും നേതൃത്വത്തിലേക്ക് എത്തുന്നത്.

കേരള സാഹിത്യ അക്കാദമിയുടെ ചെയർമാനായി പ്രമുഖ കവിയും എഴുത്തുകാരനും പ്രഭാഷകനുമായ കൽപ്പറ്റ നാരായണനെ സർക്കാർ നിശ്ചയിച്ചു. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ എം. പി. സുരേന്ദ്രനാണ് അക്കാദമിയുടെ പുതിയ സെക്രട്ടറി.
കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാനായി പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ ജി. വേണുഗോപാൽ ചുമതലയേൽക്കും. നാടക-സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഹേമന്ത്കുമാറാണ് വൈസ് ചെയർമാൻ. സാംസ്കാരിക സംഘടനാ രംഗത്ത് സജീവമായ എൻ. വി. പ്രദീപ്കുമാറാണ് അക്കാദമിയുടെ പുതിയ സെക്രട്ടറി.

കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ (KSFDC) ചെയർമാനായി പ്രശസ്ത നടനും സാംസ്കാരിക പ്രവർത്തകനുമായ പ്രേംകുമാറും, വൈസ് ചെയർമാനായി സംവിധായകനും നിർമ്മാതാവുമായ ആലപ്പി അഷറഫും ചുമതലയേൽക്കും. പ്രേംകുമാർ നേരത്തെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായും വൈസ് ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിന്റെ ചെയർമാനായി പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും ചലച്ചിത്ര മേഖലയിലെ സംഘാടകനുമായ എം. രഞ്ജിത്തിനെ നിയമിച്ചു. കലാകാരന്മാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ക്ഷേമം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് ബോർഡ് നേതൃത്വം നൽകും.
കേരള ലളിതകലാ അക്കാദമിയുടെ ചെയർമാനായി രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ ആനിമേറ്ററും പ്രൊഡക്ഷൻ ഡിസൈനറുമായ പ്രൊഫ. പ്രകാശ് മൂർത്തി ചുമതലയേൽക്കും. ചിത്രകലാരംഗത്ത് ശ്രദ്ധേയനായ ടി. ആർ. ഉദയകുമാർ വൈസ് ചെയർമാനാകും. വൈക്കം എം. കെ. ഷിബുവാണ് അക്കാദമിയുടെ സെക്രട്ടറി.
കേരള ഫോക്ലോർ അക്കാദമിയുടെ ചെയർമാനായി നാടോടി കലാ-സാംസ്കാരിക രംഗത്തെ പ്രമുഖനും ഗാന്ധി ദർശൻ വേദിയുടെ സംസ്ഥാന വൈസ് ചെയർമാനുമായ സുരേഷ് ബാബു എളയാവൂർ സ്ഥാനമേൽക്കും. ഗോത്രവിഭാഗങ്ങളുടെ അവകാശ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീരാമൻ കൊയ്യോനാണ് വൈസ് ചെയർമാൻ. അക്കാദമിയുടെ മുൻ സെക്രട്ടറിയായിരുന്ന പ്രദീപ്കുമാർ എം. പയ്യന്നൂർ പുതിയ മെമ്പർ സെക്രട്ടറിയായി ചുമതലയേൽക്കും.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി പ്രമുഖ മലയാളം-തമിഴ് നടനും രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ ഫിലിം ഫെസ്റ്റിവൽ ക്യൂറേറ്ററുമായ രവീന്ദ്രനെ നിയോഗിച്ചിരുന്നു. പ്രശസ്ത നടിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാൻ.
നടൻ സലിം ഹസ്സന്, യുവ സംവിധായകൻ ജോഫിന്.ടി.ചാക്കോ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാവും.