Kerala

പുതിയ ഭാവത്തിൽ ;പുതിയ രൂപത്തിൽ :മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ 1994ൽ പുറത്തിറങ്ങിയ മലയാളത്തിലെ എവർഗ്രീൻ ക്ലാസിക് ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ 1994ൽ പുറത്തിറങ്ങിയ മലയാളത്തിലെ എവർഗ്രീൻ ക്ലാസിക് ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്. 4കെ ദൃശ്യമികവിലും ഡോൾബി അറ്റ്മോസ് ശബ്ദ സാങ്കേതിക വിദ്യയിലും പുനഃസംവിധാനം ചെയ്ത ചിത്രം 2026 ഒക്ടോബർ 1ന് ആഗോളതലത്തിൽ വീണ്ടും പ്രദർശനത്തിനെത്തും.

പ്രസിദ്ധി ക്രിയേഷൻസിന്റെയും സൂര്യ സിനി ആർട്സിന്റെയും ബാനറിൽ ഒരുക്കിയ ചിത്രത്തിന്റെ രചനയും സംവിധാനവും പ്രിയദർശനാണ് നിർവഹിച്ചത്. എൻ ഗോപാലകൃഷ്ണനാണ് നിർമ്മാതാവ്. റീ റിലീസിനായി ചിത്രം 4കെയിൽ റീ മാസ്റ്റർ ചെയ്തത് മാറ്റിനി നൗവും ഇ ഫോർ എൻ്റർടെയ്ൻമെൻ്റ്സും ചേർന്നാണ്.

മലയാളി പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ട മാണിക്യൻ, കാർത്തുമ്പി, ശ്രീകൃഷ്ണൻ തമ്പുരാൻ അടക്കമുള്ള കഥാപാത്രങ്ങളെയും അവരുടെ രസകരമായ ലോകത്തെയും വീണ്ടും ബിഗ് സ്ക്രീനിൽ കാണാനുള്ള അവസരമാണ് ചിത്രത്തിന്റെ റീ-റിലീസ്. മോഹൻലാൽ, ശോഭന, നെടുമുടി വേണു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പ്രണയവും നർമ്മവും ഗ്രാമീണ പശ്ചാത്തലവും സംഗീതവും സമന്വയിപ്പിച്ചാണ് ഒരുക്കിയത്.

1994 മെയ് 13നാണ് ചിത്രം ആദ്യമായി തിയേറ്ററുകളിലെത്തിയത്. മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷം ചിത്രം പുതിയ ദൃശ്യമികവിൽ തിയേറ്ററുകളിലെത്തുമ്പോൾ, പഴയ പ്രേക്ഷകർക്ക് ഗൃഹാതുരമായ ഓർമ്മകളും പുതിയ തലമുറയ്ക്ക് മലയാള സിനിമയിലെ ഒരു ക്ലാസിക് അനുഭവവും സമ്മാനിക്കുന്നതാകും ഈ റീ-റിലീസ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top