ഓരോ ചെടിയും സ്വന്തം മക്കളെപ്പോലെ… പുത്തൻ പള്ളിയുടെ പൂന്തോട്ടത്തിന് പിന്നിൽ അഷ്റഫിന്റെ കരുതലും സമർപ്പണവു
ഈരാറ്റുപേട്ട പുത്തൻ പള്ളി ജുമാ മസ്ജിദ് മനോഹരമായൊരു നിർമ്മിതിയാണ്. പൂഞ്ഞാർ റോഡിൽ മനോഹരമായ മിനാരങ്ങളുമായി നിൽക്കുന്ന ഇൻഡോ – ഇസ്ലാമിക് ശൈലിയിലുള്ള ഈ പള്ളിയുടെ മുറ്റത്ത് മനോഹരമായ പൂന്തോട്ടം കാണാം.

വിവിധ തരം ചെടികൾ പൂത്ത് നിൽക്കുന്നു. വെട്ടിയൊതുക്കി മനോഹരമായി നിർത്തിയിരിക്കുന്ന ചെടികളിൽ നിറയെ പൂക്കൾ. ചെടികൾ നട്ട് വെള്ളമൊഴിച്ചും കളകൾ പറിച്ചും വളമിട്ടും മനോഹരമായ ഈ പൂന്തോട്ടം നിർമ്മിച്ച് പരിപാലിക്കുന്നത് ഒരാളാണ് ; അഷ്റഫ് ഇഞ്ചക്കാട്.

16 വർഷം പ്രവാസിയായിരുന്ന അഷ്റഫ് സ്വന്തം നിലക്കാണ് മൂന്നു വർഷം മുമ്പ് പരിപാലന സമിതിയുടെ അനുവാദത്തോടെ പള്ളിയിൽ പൂന്തോട്ടം നിർമ്മിക്കാൻ തുടങ്ങിയത്. വിവിധയിടങ്ങളിൽ ന്നിന്ന് ചെടികൾ സംഘടിച്ച് കലാപരമായി തന്നെ ഗാർഡൻ ഒരുക്കി.

എല്ലാ ദിവസവും രാവിലെ പള്ളിയിലെത്തുന്ന അഷ്‌റഫ് ഓരോ ചെടിയുടെയും അടുത്തെത്തും. പഴുത്ത ഇലകൾ ഒഴിവാക്കിയും അമിതമായി വളർന്നവയെ വെട്ടിയൊതുക്കിയും വെള്ളമൊഴിച്ചും വളമിട്ടും ഒരു മണിക്കൂറിലധികം അഷ്‌റഫ് പൂന്തോട്ടത്തിൽ ചെലവഴിക്കും. എല്ലാപണികളും ചെയ്യുന്നത് ഒറ്റക്ക് തന്നെ.
ഏറെ സൗമ്യനായ അഷ്റഫിന് ഓരോ ചെടിയും സ്വന്തം മക്കളെപ്പോലെയാണ്. അത്രയേറെ കരുതലോടെയാണ് ഓരോ ചെടിയെയും അദ്ദേഹം പരിപാലിക്കുന്നത് . ചെടികൾ നിർത്തിയിരിക്കുന്ന കോൺക്രീറ്റ് ചട്ടികൾ നിർമ്മിക്കുന്നതും അഷ്റഫ് തന്നെ.
പൂന്തോട്ട നിർമ്മാണവും പരിപാലനവും തനിക്ക് നൽകുന്ന ആത്‌മസംതൃപതി വാക്കുകൾക്കതീതമാണന്ന് അഷ്‌റഫ് ഇഞ്ചക്കാട് പറയുന്നു. ഒരു വ്യക്തിയുടെ സമർപ്പണം ഒരു അരാധനാലയത്തെ എത്ര മനോഹരമാക്കാം എന്ന് അഷ്റഫ് തെളിയിക്കുന്നു. വിടിനടുത്തുള്ള മുണ്ടക്കപ്പറമ്പ് ഹിറാ മസ്ജിദിലും ഗാർഡനൊരുക്കിയിട്ടുണ്ട് അഷ്‌റഫ്.
ഈരാറ്റുപേട്ടയിലെ ഏറ്റവും പഴയ പള്ളികളിലൊന്നായ പുത്തൻ പള്ളി പരിപാലന സമിതിയുടെ എല്ലാ പിന്തുണയും അഷ്‌റഫിനുണ്ട്.
ആലുമ്മൂട്ടിൽ കുടുംബത്തിലെ ഇഞ്ചക്കാട് ശാഖയിലെ അഹമ്മദ് പരിത് ഫാത്തിമ ദമ്പതികളുടെ മകനാണ് അഷ്‌റഫ്.
സലീനയാണ് ഭാര്യ. മക്കൾ – ഷാഹിദ അഫ്സൽ, നാസിം അഷ്‌റഫ് .മരുമക്കൾ – അഫ്സൽ മുളംതാനം, ഫാത്തിമ നാസിം.