Kerala

ട്രെയിൻ പോയപ്പോൾ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 51.750 കിലോഗ്രാം കഞ്ചാവ് പിടികൂടി

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 51.750 കിലോഗ്രാം കഞ്ചാവ് പിടികൂടി. കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഏകദേശം 25.88 ലക്ഷം രൂപ വിപണിമൂല്യമുള്ള കഞ്ചാവ് ശേഖരം കണ്ടെത്തിയത്. ട്രെയിൻ മാർഗം കേരളത്തിലേക്ക് വൻതോതിൽ ലഹരിവസ്തുക്കൾ കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പാലക്കാട്, തൃശൂർ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷനുകളുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.

ബുധനാഴ്ച റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തുന്നതിനിടെ ചില ട്രെയിനുകൾ പുറപ്പെട്ടതിന് പിന്നാലെയാണ് പ്ലാറ്റ്‌ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ അഞ്ച് ബാക്ക്‌പാക്ക് ബാഗുകൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. പരിശോധനയിൽ ബാഗുകൾ ആരും ഏറ്റെടുക്കാനെത്തിയില്ലെന്ന് സ്ഥിരീകരിച്ചതോടെ ആർ.പി.എഫിന്റെ സഹായത്തോടെ കസ്റ്റംസ് സംഘം ബാഗുകൾ കസ്റ്റഡിയിലെടുത്തു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗുകളിൽ കഞ്ചാവ് കണ്ടെത്തിയത്. ഓരോ ബാഗിലും ഏകദേശം രണ്ട് കിലോഗ്രാം വീതം തൂക്കമുള്ള അഞ്ച് പാക്കറ്റുകൾ വീതമാണ് ഉണ്ടായിരുന്നത്. പച്ച നിറത്തിലുള്ള പോളിത്തീൻ കവറുകളിൽ സൂക്ഷിച്ച കഞ്ചാവ് പാക്കറ്റുകൾ ബ്രൗൺ നിറത്തിലുള്ള അഡ്ഹസീവ് ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു.

ലഹരിവസ്തുക്കൾ എളുപ്പത്തിൽ കൈമാറുന്നതിനും പരിശോധനയിൽ നിന്ന് ഒളിപ്പിക്കുന്നതിനുമായാണ് ഇത്തരത്തിൽ പാക്ക് ചെയ്തതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. കഞ്ചാവ് അടങ്ങിയ ബാഗുകൾ കസ്റ്റംസ് പിടിച്ചെടുത്തു. തുടർ നിയമനടപടികൾക്കായി കേസ് സെഷൻസ് കോടതിയിൽ ഹാജരാക്കി. ലഹരി കടത്തിന് പിന്നിലുള്ള പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top