Kerala

സാധാരണക്കാരുടെ അടുക്കള ബജറ്റിൽ വീണ്ടും ‘പുളിപ്പ്’ കൂടുന്നു:നാരങ്ങാ അച്ചാർ ;നാരങ്ങാ വെള്ളം ഒക്കെ ഇനി പുളിക്കും

ചെറുനാരങ്ങയ്ക്കും പൊന്നിൻ വില ! വിപണിയിൽ വില കുതിച്ചുയരുന്നു ; സാധാരണക്കാരുടെ അടുക്കള ബജറ്റിൽ വീണ്ടും ‘പുളിപ്പ്’ കൂടുന്നു.ജൂലൈ മാസത്തില്‍ കിലോഗ്രാമിന് 80-90 രൂപ വരെ മാത്രമുണ്ടായിരുന്ന ചെറുനാരങ്ങയുടെ ചില്ലറവില്‍പന വില നിലവില്‍ 280 രൂപയിലെത്തി. ഓണക്കാലത്ത് 120 രൂപ വരെ വില ഉയര്‍ന്നിരുന്നു.

ദിവസങ്ങള്‍ക്കുള്ളിലാണ് വില വീണ്ടും ഉയരത്തിലേക്ക് കുതിച്ചെത്തിയത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള വരവിലുണ്ടായ വന്‍ കുറവും തമിഴ്‌നാട് വിപണിയിലെ വിലക്കയറ്റവുമാണ് ഇപ്പോള്‍ പ്രാദേശിക വിപണിയെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന പുളിയങ്കുടി നാരങ്ങയ്‌ക്കാണ് കടകളില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ്.

ഏറെ വലുപ്പം ചെന്നതും പെട്ടെന്ന് ചീത്തയാകാത്തതുമാണ് പുളിയങ്കുടി നാരങ്ങയെ പ്രിയങ്കരമാക്കുന്നത്. ഈ ചെറുനാരങ്ങയ്‌ക്കാണ് പ്രാദേശിക വിപണിയിലും ജ്യൂസ് കടകളിലും കൂടുതല്‍ ആവശ്യക്കാര്‍. ചിങ്ങമാസത്തില്‍ കല്യാണങ്ങള്‍ കൂടുതലുള്ളതുകൊണ്ട് ചെറുനാരങ്ങയ്‌ക്ക് വന്‍ ഡിമാന്‍ഡാണ്. സാധാരണയായി ജൂണ്‍ മുതല്‍ ആഗസ്ത് വരെ നാരങ്ങക്ക് വിലക്കയറ്റം ഉണ്ടാകാറില്ല.

മഴ മാറിയതോടെ നാരങ്ങാവെള്ളം വില്പന കൂടുന്ന സമയമാണ്. വില ഉയര്‍ന്നത് ചെറിയ പെട്ടിക്കടക്കാരെയും ബേക്കറിക്കാരെയും ഇതു പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.കുടുംബശ്രീയടക്കമുള്ള ചെറുകിട അച്ചാര്‍ യൂണിറ്റുകളും വില വര്‍ദ്ധനവ് മൂലം പ്രതിസന്ധിയിലായി. പെട്ടെന്നുണ്ടായ ഈ വിലക്കയറ്റം മൂലം ഉത്പന്നങ്ങള്‍ക്ക് വിലകൂട്ടിയാല്‍ വില്‍പന കുറയുമെന്നാണ് കുടുംബശ്രീക്കാരും കച്ചവടക്കാരും പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top