പയ്യന്നൂരിൽ പാർട്ടി വിട്ട വി. കുഞ്ഞികൃഷ്ണൻ എംഎൽഎ അനുകൂലിയായ മുൻ സിപിഎം നേതാവ് ടി പുരുഷോത്തമന്റെ ചെമ്മീൻ കൃഷി നടത്തുന്ന സ്ഥലത്തെ ഷെഡിനു തീയിട്ടു. ചെമ്മീൻ കൃഷിക്ക് വേണ്ട സാമഗ്രികൾ സൂക്ഷിക്കുന്ന ഷെഡിനാണ് തീയിട്ടത്. പയ്യന്നൂരിലെ കണ്ടങ്കാളിയിലാണ് സംഭവം. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പുരുഷോത്തമന്റെ വീട് ആക്രമിച്ചു കാറിനു തീയിട്ടിയിരുന്നു. കാർ കത്തിച്ച കേസിൽ 5 സിപിഎം പ്രവർത്തകർ അറസ്റ്റിലായിരുന്നു.

ഇന്നലെ അർദ്ധരാത്രിക്ക് ശേഷമാണ് ഒരു സംഘം ഷെഡിന് തീയിട്ടത്. ഇന്ന് രാവിലെ ചെമ്മീന് തീറ്റ കൊടുക്കാനായി എത്തിയപ്പോഴാണ് തീപിടിച്ച് നശിച്ച നിലയിൽ ഷെഡ്ഡ് കണ്ടെത്തിയത്.ആക്രമണത്തിന് പിന്നിൽ ടി.ഐ. മധുസൂദനനെന്ന് സംശയിക്കുന്നതായി പുരുഷോത്തമൻ ആരോപിച്ചു.ഷെഡ്ഡിനുള്ളിൽ ചെമ്മീന് കൊടുക്കേണ്ട തീറ്റ, വല, ചെമ്മീൻ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ബോക്സുകൾ എന്നിവയുണ്ടായിരുന്നു.

ഇതെല്ലാം കത്തി നശിച്ചിട്ടുണ്ട്. ചെമ്മീൻ കെട്ടിനകത്തും ദ്രാവ രൂപത്തിലുള്ള എന്തോ കലക്കിയതായി സംശയിക്കുന്നുണ്ടെന്ന് പുരുഷോത്തമൻ പറഞ്ഞു. ചെമ്മിൻ കുഞ്ഞുങ്ങളെ കൊല്ലാൻ ശ്രമം നടന്നതായി പുരുഷോത്തമൻ സംശയിക്കുന്നുണ്ട്. തീപിടിത്തത്തിൽ ഷെഡ്ഡ് പൂർണ്ണമായും നശിച്ച നിലയിലാണ്. തീറ്റകളും പൈപ്പുകളും, ട്രേകളും പൂർണ്ണമായും കത്തി ഉരികിയപ്പോയി. എന്തോ സ്ഫോടക വസ്തു ഉപയോഗിച്ചാണ് തകർത്തതെന്നാണ് കരുതുന്നതെന്ന് പുരുഷോത്തമൻ പറഞ്ഞു.