
ഇലഞ്ഞി: നാടിന്റെ വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ അതിന് ഇരകളാകുന്നവരെയും നഷ്ടം സംഭവിക്കുന്നവരെയും ചേർത്ത് നിർത്തുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. അനൂപ് ജേക്കബ് പറഞ്ഞു. ഇലഞ്ഞി – നെല്ലൂരുപാറ പിഡബ്ല്യുഡി റോഡിൻറെ വികസനവുമായി ബന്ധപ്പെട്ട് കാലാനിമറ്റം ജംഗ്ഷനിൽ വീട് നഷ്ടമായ കുടുംബത്തിന് മുത്തലപുരം സർവീസ് സഹകരണ ബാങ്കിൻറെ പൊതുനന്മ ഫണ്ടിൽ നിന്നുള്ള 6 ലക്ഷം രൂപയുടെ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തു അദ്ദേഹം. നാടിൻറെ വികസന പ്രവർത്തനങ്ങളിൽ വിവിധ സ്ഥാപനങ്ങൾ കൈകോർത്ത് പിടിക്കുന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് മുത്തോലപുരം സർവീസ് സഹകരണ ബാങ്കിൻ്റെ ഈ മാതൃകാപരമായ പ്രവർത്തനമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നാടിൻറെ ദീർഘനാളത്തെ ആവശ്യമായിരുന്ന ഇലഞ്ഞി – നെല്ലൂരുപാറ റോഡ് വികസനം നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് യാഥാർത്ഥ്യമാക്കിയത്. കുടിവെള്ള പൈപ്പ് ലൈനുകൾ സ്ഥാപിക്കുക, വീതി കൂട്ടുന്നതിനായി സ്ഥലമുടമകളുടെ അനുവാദം വാങ്ങുക തുടങ്ങി നിരവധി കടമ്പകൾ ഉണ്ടായിരുന്നു. റോഡ് ബി.എം.ബി.സി നിലവാരത്തിൽ പൂർത്തിയാക്കിയപ്പോൾ, കഴിഞ്ഞ 70 വർഷമായി കാലാനിമറ്റം ജംഗ്ഷനിൽ താമസിച്ചിരുന്ന കുടുംബത്തിന് കിടപ്പാടം നഷ്ടമാവുകയായിരുന്നു. ഈ കുടുംബത്തെ പുനരധിവസിപ്പിക്കുക എന്നത്, പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമായി ഏറ്റെടുക്കുകയായിരുന്നു.
രണ്ടു വർഷങ്ങൾക്ക് മുൻപ് അനൂപ് ജേക്കബ് എം.എൽ.എയുടെ നേതൃത്വത്തിലും അന്നത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രീതി അനിലിന്റെ അധ്യക്ഷതയിലും വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിലാണ് പുനരധിവാസം മുഖ്യ ചർച്ചയായത്. അന്ന് യോഗത്തിൽ പങ്കെടുത്ത മുത്തലപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ജോണി അരീക്കാട്ടേൽ ബാങ്കിൻറെ പൊതുനന്മ ഫണ്ടിൽ നിന്നും 6 ലക്ഷം രൂപയും, വി.ജെ ലൂക്കോസ് വെള്ളാമ്മതടത്തിൽ, വീട് വയ്ക്കുന്നതിനായി മൂന്നര സെൻറ് സ്ഥലം സൗജന്യമായും വാഗ്ദാനം ചെയ്തിരുന്നു. ഈ നിർദ്ദേശങ്ങളാണ് ഇപ്പോൾ യാഥാർത്ഥ്യമായത്. പ്രഖ്യാപിച്ച തുകയുടെ ആദ്യ ഗഡുവാണ് ചടങ്ങിൽ മന്ത്രി കൈമാറിയത്.
ബാങ്ക് പ്രസിഡണ്ട് ജോണി അരീക്കാട്ടേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി ഷിബു മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് വൈസ് പ്രസിഡണ്ട് മാത്യു ജോസഫ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ബാങ്ക് മുൻ പ്രസിഡന്റുമായ എം.പി ജോസഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡിൻസി ജോജി, സ്ഥിരം സമിതി അധ്യക്ഷൻമാരായ മോളി അബ്രാഹം, സുരേഷ് നാണുകുട്ടൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോയിസ് മാമ്പിള്ളിൽ, മോളി ആൻറണി, മാജി സന്തോഷ്, മത്തായി കുഞ്ഞ്, പി.വി സാജു, സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ബിജുമോൻ ജോസഫ്, പി.കെ ജോസ്, ചാക്കപ്പൻ പി.എം, ടെസ്സി സിറിയക്, എ.ജെ ജോസഫ്, ദീപാ സാലോ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പ്രീതി അനിൽ, വി.ജെ ലൂക്കോസ് വെളളാമ്മതടത്തിൽ, ഡയറക്ടർ ബോർഡ് അംഗം കെ.ജെ മാത്യുസ് തുടങ്ങിയവർ സംസാരിച്ചു