പാലാ നഗരസഭയിൽ കടുപ്പിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി; സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിച്ച് ഐക്യകണ്ഠേന പ്രമേയം പാസാക്കിപാലാ നഗരസഭയിൽ സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നാടകീയ നീക്കം. പാലാ മണ്ഡലത്തിൽ നിന്നുള്ള ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ, വാർഡ് പ്രസിഡന്റുമാർ നഗരസഭാ കൗൺസിലർമാർ എന്നിവരെ ഉൾപ്പെടെ മണ്ഡലം പ്രസിഡൻറ് തോമസുകുട്ടി നെച്ചിക്കാടിന്റെ അധ്യക്ഷതയിലാണ് സമ്പൂർണ്ണ മണ്ഡലം കമ്മിറ്റി യോഗം ചേർന്നത്. ഈ യോഗത്തിൽ വച്ച് കൗൺസിലർമാരുടെയും പ്രധാനപ്പെട്ട നേതാക്കളുടെയും അഭിപ്രായം ആരാഞ്ഞ ശേഷമാണ് യോഗം ഐക്യകണ്ഠേന സ്വതന്ത്ര മുന്നണിക്ക് പിന്തുണ പിൻവലിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ച് പാസാക്കിയത്.

കോൺഗ്രസ് പാർട്ടിയുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന സമീപനങ്ങൾ നിരന്തരമായി സ്വതന്ത്ര മുന്നണിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു എന്ന് യോഗം വിലയിരുത്തി. കോൺഗ്രസ് പിന്തുണയിൽ അധികാരം നേടിയ ശേഷം സിപിഎമ്മിനൊപ്പം ചേർന്ന് അവിശുദ്ധ സഖ്യമായി പ്രവർത്തിക്കുന്നത് സ്വതന്ത്ര മുന്നണിയുടെ രാഷ്ട്രീയ ധാർമികത ഇല്ലായ്മയാണ് വെളിവാക്കുന്നതെന്നും യോഗത്തിൽ ആരോപണം ഉയർന്നു. രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ഇനിയും സ്വതന്ത്ര മുന്നണിക്കൊപ്പം സഹകരിച്ചു പോകുന്നത് കോൺഗ്രസിന്റെ പാലായിലെ സാധ്യതകളെ ഇല്ലാതാക്കും എന്ന വിലയിരുത്തരുടെ അടിസ്ഥാനത്തിലാണ് പിന്തുണ പിൻവലിച്ചു കൊണ്ടുള്ള പ്രമേയം അവതരിപ്പിച്ച പാസാക്കുവാൻ തീരുമാനമെടുത്തത്.
കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനത്തിന് വിലയിട്ടു കൊണ്ട് അധികാരം പങ്കുവെക്കുവാൻ ആഗ്രഹിക്കുന്നില്ല എന്ന് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിച്ച മണ്ഡലം പ്രസിഡൻറ് തോമസ്കുട്ടി നെച്ചിക്കാട് വ്യക്തമാക്കി. പ്രമേയത്തിന്റെ കോപ്പി ജില്ലാ കോൺഗ്രസ് കമ്മിറ്റിക്കും കെപിസിസിക്കും നൽകുവാനും തുടർന്നേക്കങ്ങൾ നേതൃത്വവുമായി ആലോചിച്ച് നടത്തുമെന്നും നേതാക്കൾ അറിയിച്ചു.
യോഗത്തിൽ നേതാക്കളായ പ്രൊഫ.സതീശ് ചൊള്ളാനി, ആർ. മനോജ്, സാബു എബ്രഹാം, സന്തോഷ് മണർകാട്ട്, തോമസ് ആർ വി ജോസ്, ഷോജി ഗോപി, പ്രിൻസ് വി സി, ബിജോയി എബ്രഹാം, കൗൺസിലർമാരായ ടോണി തൈപ്പറമ്പിൽ, സെബാസ്റ്റ്യൻ പനയ്ക്കൽ’ ബിജു മാത്യുസ്, ലിസിക്കുട്ടി മാത്യു, റെജിത പ്രകാശ്, റിയ ചീരാംകുഴി, ആനി ബിജോയി , ബിനു അറയ്ക്കൽ, വക്കച്ചൻ
മേനാംപറമ്പിൽ ജോസഫ് പുളിക്കൻ, അലോഷി റോയി, കിരൺ അരീക്കൽ, തോമസുകുട്ടി മുകാല, സജോ വട്ടക്കുന്നേൽ ടോണി ചക്കാല, തോമാച്ചൻ പുളിന്താനം, അപ്പച്ചൻ പാതി പുരയിടം, ബാബു കുഴിവേലി, കെ.കെ ദിവാകരൻ, ബിജോയി തെക്കേൽ, സാവിയോ മാളിയേക്കൽ ,പ്രിൻസ് ചെമ്പുളായിൽ, ജിമ്മി കണ്ടനാം , അലക്സ് റോയി, അലക്സ്ചാരംതൊട്ടിയിൽ, ശശി പ്ലാക്കുഴിയിൽ എന്നിവർ സംസാരിച്ചു
യോഗത്തിൽ പാസാക്കിയ പ്രമേയത്തിന്റെ പൂർണ്ണരൂപം ചുവടെ05/07/2026ൽ ചേർന്ന കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച് ഐക്യ കണ്ഠേന പാസാക്കുന്ന പ്രമേയം
അവതാരകൻ: തോമസുകുട്ടി നെച്ചിക്കാട്
വിഷയം: പാലാ നഗരസഭാ ഭരണത്തിൽ സ്വതന്ത്ര മുന്നണിയുമായുള്ള പങ്കാളിത്തം സംബന്ധിച്ച്
പാലാ നഗരസഭയിൽ സ്വതന്ത്ര മുന്നണിക്ക് നൽകിവന്ന പിന്തുണ പിൻവലിക്കണമെന്നാണ് മണ്ഡലം കമ്മിറ്റി യോഗത്തിന്റെ പൊതുവികാരം. ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം സംഘടിപ്പിക്കുവാൻ പാലാ നഗരസഭയുടെ നിയന്ത്രണത്തിനുള്ള കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡ് വിട്ടുകൊടുക്കരുത് എന്ന കോൺഗ്രസ് പാർട്ടിയുടെ നിലപാട് ഔപചാരികമായിത്തന്നെ സ്വതന്ത്ര മുന്നണിയെ അറിയിച്ചിരുന്നതാണ്.
എന്നാൽ ഇത് അംഗീകരിക്കാതെ സിപിഎം നേതാക്കളുടെ താൽപര്യത്തിന് അനുസൃതമായി വിഷയം ചർച്ച ചെയ്ത കൗൺസിലിൽ നിന്നും ബോധപൂർവ്വം വിട്ടു നിൽക്കുകയും, ഭരണമുന്നണിക്ക് യോഗത്തിൽ ഭൂരിപക്ഷം ഇല്ലാതിരുന്ന സാഹചര്യത്തിൽ വോട്ടെടുപ്പിന് ചെയർപേഴ്സൺ അനുമതി നൽകിക്കൊണ്ട് സ്റ്റാൻഡ് വിട്ട് കൊടുക്കുവാൻ ഉള്ള തീരുമാനം കൗൺസിൽ യോഗം സ്വീകരിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കുകയും ചെയ്ത നടപടികൾ സ്വതന്ത്ര മുന്നണി അംഗങ്ങൾ കോൺഗ്രസിനോട് കാണിച്ച രാഷ്ട്രീയ വഞ്ചനയാണ്.
സിപിഎം നേതാക്കളുമായും ഇടതുമുന്നണിയുടെ നേതാക്കളുമായി അവിശുദ്ധമായ രാഷ്ട്രീയ സഖ്യത്തിൽ ഏർപ്പെടുന്ന സ്വതന്ത്ര മുന്നണിയുടെ തുടർച്ചയായ നിലപാടുകൾ മൂലം അവരോടൊപ്പം ഭരണത്തിൽ പങ്കാളികളായി മുന്നോട്ട് നീങ്ങിയാൽ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൻറെ വിശ്വാസ്യതയ്ക്കും അന്തസ്സിനും കോട്ടം ഏൽപ്പിക്കുമെന്നാണ് വിഷയം ചർച്ച ചെയ്യുവാനായി ഇന്ന് ചേർന്ന് യോഗത്തിന്റെ വിലയിരുത്തൽ.
ഇക്കാര്യങ്ങൾ കണക്കിലെടുത്ത് പാലാ നഗരസഭയിൽ യുഡിഎഫ് മുന്നണിയുടെ ഭാഗമല്ലാതെ സ്വതന്ത്ര നിലപാടുകളും ആയി മുന്നോട്ടുപോകുന്ന സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിക്കണം എന്ന പ്രമേയം അംഗീകരിച്ച് പാസാക്കുന്നു. പ്രമേയത്തിൻറെ പകർപ്പ് കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി, ജില്ലാ കോൺഗ്രസ് കമ്മിറ്റി, കെപിസിസി അധ്യക്ഷൻമാർക്ക് ഉടനടി എത്തിച്ചു കൊടുക്കുവാനും തീരുമാനം എടുക്കുന്നു.