പാലാ: മരിയസദനം സൈക്കോ–സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിന് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ (KSWDC) സി.എസ്.ആർ ഫണ്ടിൽ നിന്നും അനുവദിച്ച എട്ട് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ആദ്യ ഘട്ടമായി നിർമ്മിച്ച സർവ്വിസ് ലിഫ്റ്റിന്റെ ഉദ്ഘാടനം നടന്നു. ഞായറാഴ്ച രാവിലെ 9.30-ന് നടന്ന ചടങ്ങിൽ ജോസ് കെ. മാണി എംപി ലിഫ്റ്റിന്റെ ഉദ്ഘാടനവും ശിലാഫലക അനാച്ഛാദനവും നിർവഹിച്ചു.

പാലാ രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റവ.ഫാദർ. ജോസഫ് തടത്തിൽ ലിഫ്റ്റ് വെഞ്ചരിക്കുകയും അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. സ്ഥാപനത്തിലെ വനിതാ അന്തേവാസികൾക്ക് ആവശ്യമായ ഒക്യുപേഷണൽ തെറാപ്പി ഉപകരണങ്ങളും മറ്റ് അനുബന്ധ സാമഗ്രികളും കെട്ടിടത്തിന്റെ വിവിധ നിലകളിലേക്ക് സുരക്ഷിതമായും വേഗത്തിലും എത്തിക്കുന്നതിനാണ് പ്രധാനമായും ഈ സർവീസ് ലിഫ്റ്റ് വിനിയോഗിക്കുന്നത്.

മരിയസദനം ഡയറക്ടർ ശ്രീ. സന്തോഷ് ജോസഫ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. കേരള വനിതാ വികസന കോർപ്പറേഷൻ ഡയറക്ടറും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീമതി പെണ്ണമ്മ ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പാലിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജിജി ബൈജു കൊല്ലപറമ്പിൽ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു.
വനിതകളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും അവരെ സ്വയംപര്യാപ്തരാക്കുന്നതിനുമുള്ള ഒക്യുപേഷണൽ തെറാപ്പി (OT) റൂമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോട് അനുബന്ധിച്ച് പുരോഗമിക്കുകയാണെന്ന് മരിയ സദനം സന്തോഷ് അറിയിച്ചു. ചടങ്ങിൽ സ്ഥാപനത്തിലെ ജീവനക്കാരും സുഹൃത്തുകളും അന്തേവാസികളും പങ്കെടുത്തു.