Kerala

ടെക് ഫോർ ലൈഫ്’ ഇന്നവേഷൻ സമ്മിറ്റിന് പാലാ സെന്റ് ജോസഫ്‌സിൽ ആവേശകരമായ സമാപനം

 

പാലാ: അത്യാധുനിക സാങ്കേതിക വിദ്യകളും സംരംഭകത്വ സാധ്യതകളും സാധാരണക്കാരിലേക്കും വിദ്യാർത്ഥികളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ‘ടെക് ഫോർ ലൈഫ്’ ഇന്നവേഷൻ സമ്മിറ്റിന് പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ (SJCET) ഉജ്ജ്വല സമാപനം. രണ്ടുദിവസങ്ങളിലായി നടന്ന മെഗാ ഇവന്റിന്റെ സമാപന സമ്മേളനത്തിൽ പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യാതിഥിയായി.

സെന്റ് ജോസഫ്‌സ് എൻജിനീയറിംഗ് കോളേജ്, മാർ സ്ലീവാ മെഡിസിറ്റി, സെന്റ് ജോസഫ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സമ്മിറ്റ് സംഘടിപ്പിച്ചത്. കൃഷി, ആരോഗ്യം, ഊർജ്ജം, റോബോട്ടിക്സ് തുടങ്ങി വൈവിധ്യമാർന്ന മേഖലകളിലെ നൂതന കണ്ടുപിടുത്തങ്ങൾ സമ്മിറ്റിൽ ശ്രദ്ധാകേന്ദ്രമായി.

സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ബിൾഡത്തോൺ 2026’ മത്സരത്തിൽ എൻജിനീയറിംഗ്, മെഡിക്കൽ, മാനേജ്‌മെന്റ് മേഖലകളിൽ നിന്നുള്ള നാൽപ്പതിലേറെ ടീമുകൾ മാറ്റുരച്ചു.ഒന്നാം സമ്മാനമായ രണ്ട് ലക്ഷം രൂപ പാലാ സെന്റ് ജോസഫ്‌സ് കോളേജിലെ അഥീന ജോബി, ഏയ്ഞ്ചൽ ജോൺ ഷാജി, അഫ്ന ടി. ആർ എന്നിവരുടെ ടീം സ്വന്തമാക്കി.

രണ്ടാം സമ്മാനമായ ഒരു ലക്ഷം രൂപ നേടിയത് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ അഭിനവ് എസ്. ആർ, സ്റ്റെഫിൻ പി. ആർ, അഭിനവ് കെ. എം, ഡേവിസ് ടി. ജോസഫ് എന്നിവരുടെ ടീമാണ്. പാലാ സെന്റ് ജോസഫ്‌സ് കോളേജിലെ പ്രണവ് പി., അഞ്ചുമോൾ തോമസ്, അജയ് കൃഷ്ണൻ, സാന്ദ്ര സജി എന്നിവരുടെ ടീം അമ്പതിനായിരം രൂപയുടെ മൂന്നാം സമ്മാനം നേടി. വിജയികൾക്കുള്ള പുരസ്കാരങ്ങൾ മാർ ജോസഫ് കല്ലറങ്ങാട്ട് വിതരണം ചെയ്തു.

ഹൈഡ്രോപോണിക്സ്, ബയോഗ്യാസ്, അത്യാധുനിക കാർഷിക യന്ത്രങ്ങൾ എന്നിവയുടെ തത്സമയ പ്രദർശനം സമ്മിറ്റിലുണ്ടായിരുന്നു. മാർ സ്ലീവാ മെഡിസിറ്റി അവതരിപ്പിച്ച എ.ഐ. അധിഷ്ഠിത സ്തനാർബുദ നിർണയ സംവിധാനം, നിഷ് (NISH) ഒരുക്കിയ അസിസ്റ്റീവ് ടെക്നോളജികൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗ്ലാസുകൾ, ഡ്രോണുകൾ എന്നിവ സന്ദർശകരെ ആകർഷിച്ചു. വെള്ളത്തിൽ നിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിച്ച് വൈദ്യുതിയാക്കി മാറ്റുന്ന മൈക്രോഗ്രിഡ് സിസ്റ്റം, സോളാർ വാഹനങ്ങൾ, ഹൈഡ്രജൻ ഫ്യൂവൽ സെല്ലുകൾ എന്നിവയും എക്സിബിഷന്റെ ഭാഗമായി.

പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസും കോളേജ് ചെയർമാനുമായ മോൺ. ഡോ. ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ കോളേജ് ഡയറക്ടർ റവ പ്രൊഫ ഡോ ജയിംസ് ജോൺ മംഗലത്ത് അധ്യക്ഷനായി. കേരള അഗ്രികൾച്ചറൽ സർവകലാശാലയിലെ ഡോ. കെ. പി. സുധീർ, പിറവം അഗ്രോപാർക്ക് ചെയർമാൻ ബൈജു നെടുംകേരി,പ്രിൻസിപ്പൽ ഡോ വി പി ദേവസ്യ, എസ്‌ജെഐഎച്ച്എംസിറ്റി ഡയറക്ടർ റവ ഫാ ജോസഫ് വാട്ടപ്പിള്ളിൽ, എസ്‌ജെഐഎച്ച്എംസിറ്റി പ്രിൻസിപ്പൽ ഡോ ഷെറി കുര്യൻ, കോളേജ് വൈസ് പ്രിൻസിപ്പൽ റവ ഡോ ജോസഫ് പുരയിടത്തിൽ, ബർസാർ റവ ഡോ ജോർജ് കാരാംവേലിൽ, കോളേജ് കോർഡിനേറ്റർ റവ ഫാ ജോൺ മറ്റമുണ്ടയിൽ, മാർ സ്ലീവാ മെഡിസിറ്റിയിലെ പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി എയർ കൊമഡോർ ഡോ. പോളിൻ ബാബു,ടെക് ഫോർ ലൈഫ് കോർഡിനേറ്റർ ഡോ രാജേഷ് ബേബി, ഡോ ജോബി പി പി, ഡോ പയസ് തോമസ്, പ്രൊഫ സർജു എസ്‌, പ്രൊഫ ശബരിനാഥ് ജി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കാർഷിക സംരംഭകത്വം, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം, വായ്പാ സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള സെമിനാറുകളും സമ്മിറ്റിന്റെ ഭാഗമായി നടന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top