
രാമപുരം: രാമപുരം പള്ളി മൈതാനിയിൽ നടന്ന കാർഷിക മേള 2026 ഇന്ന് (01/03/2026) സമാപിച്ചു. മൂന്ന് ദിവസങ്ങളായി വൈവിധ്യമാർന്ന കാർഷിക പ്രദർശനങ്ങൾ, സെമിനാറുകൾ, സാംസ്കാരിക പരിപാടികൾ എന്നിവയിലൂടെ വലിയ ജനപങ്കാളിത്തം നേടിയ മേളയുടെ സമാപന സമ്മേളനവും അവാർഡുദാനവും ശ്രദ്ധേയമായി.
മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. ജോസ് കെ. മാണി എം.പി. സമാപന സമ്മേളനവും അവാർഡുദാനവും നിർവഹിച്ചു.
സമ്മേളനത്തിൽ സംസാരിച്ച ജോസ് കെ. മാണി എം.പി. മലയാളികൾ, പ്രത്യേകിച്ച് മീനച്ചിൽ താലൂക്കിലുള്ളവർ സാഹസികരാണെന്ന് പറഞ്ഞു. കൃഷി ആധുനികവൽക്കരിക്കുന്നതിലൂടെ 5 ഏക്കറിലും 10 ഏക്കറിലും കൃഷി ചെയ്ത് ലഭിക്കുന്ന വരുമാനം 10 സെന്റിൽ നിന്ന് പോലും നേടാൻ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏത് കൃഷി ചെയ്യുന്നതിനുമുള്ള അവകാശം കര്ഷകനുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാർഷിക മേഖലയിലെ മികവ് തെളിയിച്ച വ്യക്തികൾക്കും മികച്ച സ്റ്റാളുകൾക്കും ഈ വേളയിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ജോസ് മാമ്പറമ്പിൽ, എം. ജെ. കുര്യാക്കോസ് മാണിവേലിൽ, സഞ്ജു നെടുംകുന്നേൽ തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു. മികച്ച സ്റ്റാളുകൾക്കും പ്രത്യേക അംഗീകാരം നൽകി.
റവ. ഫാ. ജോസഫ് ചെറുകരക്കുന്നേൽ, റവ. ഫാ. ഫ്രാൻസിസ് ഇടത്തനാൽ, ശ്രീമതി ഷിബി മത്തായി, ഡോ. റെജി വർഗീസ് മേക്കാടൻ, ശ്രീ. സജി മിററത്തായി, കുമാരി ജൊവാന ലിസ്ബത്ത്, കുമാരി ജിയന്ന മേരി മെൽബി കൂനമ്മാക്കൽ, ശ്രീമതി ആലീസ് ജോർജ്, ശ്രീ. എം. കെ. കുര്യാക്കോസ് മാണിവയലിൽ, ശ്രീ. ബിനു മാണിമംഗലത്ത് എന്നിവർ ആശംസകളും സന്ദേശങ്ങളും അറിയിച്ചു.
7.30 മുതൽ ഐഡിയ സ്റ്റാർ സിംഗർ ഫെയിം മേഘ നയിച്ച ഗാനമേളയും ഉണ്ടായിരുന്നു.കുടുംബസമേതം നിരവധി പേർ പങ്കെടുത്ത കാർഷിക മേള 2026, കർഷകരുടെ ഉത്സാഹത്തിനും കാർഷിക മേഖലയിലെ നവോത്ഥാന ചിന്തകൾക്കും പുതു ഉണർവ് നൽകിക്കൊണ്ട് വിജയകരമായി സമാപിച്ചു.