Kerala

പാലാ നഗരസഭ:ഞങ്ങടെ പോലീസ് ഞങ്ങളെ തല്ലിയാൽ; നിങ്ങൾക്കെന്താ കോൺഗ്രസ്സേ

പാലാ :1967 ലെ ഇ എം എസ് ഭരണത്തിൽ ഭരണ കക്ഷിയായ സിപിഐഎം പ്രവർത്തകരെ പോലീസ് ലാത്തിച്ചാർജ് ചെയ്തു.പ്രതിപക്ഷങ്ങൾ നിയമസഭയിൽ ഉറഞ്ഞു തുള്ളി.നിയമസഭാ കഴിഞ്ഞു ഇറങ്ങിയ സാമാജികരെ  നേരിട്ടത് തിരുവനന്തപുരത്തെ സിപിഐഎം പ്രവർത്തകരായിരുന്നു .അവർ ഉച്ചത്തിൽ കോൺഗ്രസ് സാമാജികരെ  നോക്കി മുദ്രാവാക്യം മുഴക്കി .

ഞങ്ങടെ പോലീസ് ഞങ്ങളെ തല്ലിയാൽ
നിങ്ങൾക്കെന്താ കോൺഗ്രസ്സേ …
അടിയുടെ ഇടിയുടെ വെടിയുടെ  മുന്നിൽ 
അടി പതറാത്തൊരു പ്രസ്ഥാനം
സിപിഐഎം സിന്ദാബാദ്

ഏതാണ്ട് അതെ അവസ്ഥയാണ് ഇന്നലെ പാലാ മുനിസിപ്പാലിറ്റിയിലും  ഉണ്ടായത്.ഭരണ കക്ഷിയിലെ കൗൺസിലറായ ടോണി തൈപ്പറമ്പിൽ തന്റെ വാർഡിലെ ജനകീയ വിഷയങ്ങളിൽ തന്നെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് മുൻസിപ്പൽ ഉദ്യോഗസ്ഥരോട് കയർത്ത് സംസാരിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം .അതേസമയം രാത്രി വളരെ വൈകിയും ജോലി നോക്കുന്ന എഞ്ചിനീയർ സിയാദിനു അത് പിടിച്ചില്ല അദ്ദേഹവും കയർത്തു സംസാരിച്ചു.ഉദ്യോഗസ്ഥർ സിയാദിനെ  സഹായിക്കാനെത്തി കൂട്ടപ്പൊരിച്ചിലായി .ജീവനക്കാരെല്ലാം സൂചനാ പണിമുടക്കിലുമായി.ഒത്തു തീർപ്പ് ചർച്ച കഴിഞ്ഞു പുറത്തേക്കു വന്ന ജീവനക്കാരെല്ലാം പത്രക്കാരെ നോക്കി പുച്ഛിച്ചു . ഞങ്ങള് തമ്മിൽ പല പ്രശ്നങ്ങളും ഉണ്ടാവും അതിനു പത്രക്കാർക്കെന്താ കുഴപ്പം എന്ന് പറയും പോലെയായിരുന്നു നോട്ടവും ഭാവവും .

വാർഡിൽ വികസനമെത്തിക്കുന്നതിൽ ടോണി തൈപ്പറമ്പിൽ മുന്നിലാണ്.രണ്ടു മാസം കൊണ്ട് ഒൻപതു ലക്ഷത്തിലേറെ രൂപയുടെ  വികസനം നടപ്പിലാക്കി . .രാവിലെ മുതൽ ജനങ്ങളോടൊപ്പമാണ് ടോണി  .പക്ഷെ ടോണിക്കും സിയാദിനും ആത്മാർത്ഥത കൂടുതലാണ് .അതാണ് വാക്കേറ്റത്തിന് കാരണവും .ഇതിനിടയിൽ മുൻ കൗൺസിലർ ബിന്ദു മനുവിന്റെ ഇടപെടലിലാണ് റോഡിൽ ഇരുന്ന വീപ്പ മാറ്റിയത് എന്നുള്ള പ്രചാരണവും ടോണി തൈപ്പറമ്പനെ വിഷമിപ്പിച്ചു .

വളയിട്ട കൈകൾ ഇടപെട്ടത് പ്രശ്നം കൂടുതൽ വഷളാക്കി.തന്റെ ശാക്തീക മേഖലയിൽ വളയിട്ട കൈകളുടെ ഇടപെടൽ ടോണിക്കും സഹിച്ചില്ല .കഴിഞ്ഞ തവണ ഭരണ കക്ഷിയിലെ ആഭ്യന്തര പ്രശ്നങ്ങൾ മൂലം ;നിസ്സഹകരണ സമരം ആരംഭിച്ച കൗണ്സിലറായിരുന്നു ബിന്ദു മനു .പിന്നീട്  അവർ നോക്കീം കണ്ടും മാത്രമേ സഭയിൽ ഇടപെടാറുണ്ടായിരുന്നുള്ളൂ.അന്നത്തെ പാർലമെന്ററി പാർട്ടി യോഗത്തിൽ  ബിജി ജോജോ യെയും ;ലീന സണ്ണിയെയും ;ജോസിൻ  ബിനോയും ;ഷീബ ജിയോയും വലിച്ചു കീറിയപ്പോൾ അതിലൊന്നും ഇടപെടാതെ പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്നും  ഇറങ്ങി പോയ ചരിത്രവും ബിന്ദു മനുവിന് ഉണ്ട് .

എന്നാലും 2030 ലെ തദ്ദേശ തെരഞ്ഞെടുപ്പിനായി ഇപ്പോഴേ അവർ ഒരുക്കം തുടങ്ങിയിട്ടുണ്ട് .പിള്ളേരല്ലേ പിണ്ണാക്കല്ലേ കണ്ടലിച്ചിരി തിന്നാൽ തോന്നും എന്ന് പറഞ്ഞപോലെ കൗൺസിലർ സ്ഥാനത്തോട് ഒരു എതിർപ്പും ബിന്ദുവുനില്ല .ജനങ്ങൾ നിർബന്ധിച്ചാൽ എന്ത് ചെയ്യും മത്സരിക്കാതിരിക്കാനാവുമോ .എന്തൊക്കെയായാലും ബഹളങ്ങളില്ലാതെ മാന്യമായി കാലാവധി പൂർത്തിയാക്കിയ കൗണ്സിലറായിരുന്നു ബിന്ദു മനു .കൗണ്സിലിൽ സംസാരിക്കാനൊന്നും ഞങ്ങൾ മിനക്കെടാറില്ല.അക്കാര്യത്തിൽ ആർ സന്ധ്യയുടെ കൂട്ടുകാരിയായിരുന്നു .ചായകുടിക്കാൻ മാത്രം വായ തുറക്കും .ഇപ്പോഴത്തെ കൗൺസിലിൽ ആർ സന്ധ്യക്കൊരു കൂട്ടുകാരനുണ്ട് അഞ്ചാം വാർഡ് കൗൺസിലർ കോൺഗ്രസിന്റെ തോമസ് പനയ്ക്കൻ .പുള്ളിക്കാരനും കൗണ്സിൽ  ഹാളിലെത്തിയാൽ മൗനിബാബ ചമയുകയാണ്  പതിവ് .പക്ഷെ ചെയേം കടിയുമെത്തിയാൽ പയ്യെ വായ തുറക്കും.റൂബി ആന്റോയും പനയ്ക്കന്  പഠിക്കുകയാണിപ്പോൾ .

ഇന്നലെയുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ബിനു പുളിക്കക്കണ്ടം നന്നായി വിയർത്തു .കല്ലറങ്ങാട്ട് പിതാവിന്റെ റോളിലായിരുന്നു അദ്ദേഹം .വന്ദ്യ സഹോദരരെ പ്രിയ മക്കളെ പാലാ രൂപതയുടെ ഇടയൻ കല്ലറങ്ങാട്ട് പിതാവിന്റെ ഇടയ ലേഖനം എന്ത് കൊണ്ടെന്നാൽ ;നമ്മുടെ കുടുംബങ്ങളിൽ സമാധാന വളരേണ്ടതുണ്ട്.കുടുമ്പംഗങ്ങൾ തമ്മിലുള്ള സ്നേഹം വളർന്നാലേ  കുടുംബത്തിൽ സമാധാനം വളരൂ എന്ന ശൈലിയിലുള്ള ഉദ്ബോധനമായിരുന്നു ബിനുവിന്റേത് .ഏതായാലും പ്രശ്നങ്ങൾ കലുഷിതമാവാതെ അദ്ദേഹം കരയ്ക്കടിപ്പിച്ചു .പ്രതിപക്ഷത്തിനും .മാധ്യമങ്ങൾക്കും നിരാശയായിരുന്നു ഫലം .

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top