
മികച്ച കോളേജിനുള്ള 2023 – 24 വർഷത്തെ സംസ്ഥാന എൻ. എസ്. എസ്. അവാർഡ് നേടി പാലാ അൽഫോൻസാ കോളേജ്. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസറായിരുന്ന ഡോ. സിമിമോൾ സെബാസ്റ്റ്യൻ മികച്ച പ്രോഗ്രാം ഓഫീസറിനുള്ള അവാർഡും കരസ്ഥമാക്കി. ഫെബ്രുവരി 25 ന് തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അവാർഡുകൾ വിതരണം ചെയ്യും.
3 വർഷത്തെ പ്രവർത്തന മികവ് പരിഗണിച്ചാണ് ഈ അവാർഡ് നിർണ്ണയം നടത്തുന്നത്. 2021 – 2024 കാലയളവിൽ, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി തലത്തിൽ 10 എൻ. എസ്. എസ്. അവാർഡുകൾ അൽഫോൻസാ കോളേജിന് ലഭിക്കുകയുണ്ടായി. ഇക്കാലയളവിൽ, മൂന്ന് തവണയും ബെസ്റ്റ് യൂണിറ്റിനുള്ള അവാർഡ് അൽഫോൻസാ കോളേജിനും ബെസ്റ്റ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് ഡോ. സിമിമോൾ സെബാസ്റ്റ്യനും ലഭിച്ചു. 2023 – 24 ൽ എം. ജി. യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാമത്തെത്തുന്ന കോളേജിന് നൽകുന്ന മോസ്സസ് ട്രോഫി അൽഫോൻസാ കോളേജിനെ തേടിയെത്തി.ആ സന്തോഷത്തിൽ ആയിരിക്കെയാണ് 2023-2024 ലെ എൻ. എസ്. എസ്. സ്റ്റേറ്റ് അവാർഡ് കോളേജിനെ തേടിയെത്തുന്നത്.. 2023 – 24 ൽ, യൂണിവേഴ്സിറ്റി യിലെ ബെസ്റ്റ് എൻ. എസ്. എസ്. സൗഹൃദ പ്രിൻസിപ്പാൾ അവാർഡിന് അന്നത്തെ പ്രിൻസിപ്പാളായിരുന്ന റവ. ഡോ. ഷാജി ജോൺ അർഹനായിരുന്നു. മേഘ വിൻസെന്റ്, കീർത്തന റെജി, ആഷാ വി. മാർട്ടിൻ എന്നിവരാണ് ഓരോ വർഷത്തെയും ബെസ്റ്റ് വോളന്റിയർ അവാർഡ് കരസ്ഥമാക്കിയത്.
2023 – 24 ൽ ട്രിച്ചിയിൽ വച്ചു നടന്ന പ്രീ റിപ്പബ്ലിക് ഡേ പരേഡ് ക്യാമ്പിലും ഡൽഹിയിൽ വച്ചു നടന്ന റിപ്പബ്ലിക് ഡേ പരേഡ് ക്യാമ്പിലും കേരളാ കണ്ടിൻജെന്റ് ലീഡറായിരുന്നു ഡോ. സിമിമോൾ സെബാസ്റ്റ്യൻ.
ബോധവൽക്കരണ ക്ലാസുകൾ, പ്ലാസ്റ്റിക്കിനെതിരെയുള്ള പ്രവർത്തനങ്ങൾ, രക്തദാനം, സ്നേഹാരാമം, കാമ്പസ്സിൽ പച്ചക്കറിത്തോട്ട നിർമ്മാണം, വൃക്ഷതൈ നടീൽ, ഹെൽത്ത് ക്യാമ്പുകൾ, അഡോപ്റ്റഡ് വില്ലേജിലെ പ്രവർത്തനങ്ങൾ, അഗതി മന്ദിരങ്ങൾക്കുള്ള സഹായങ്ങൾ എന്നീ പ്രവർത്തനങ്ങളോടൊപ്പം സ്നേഹവീട് പ്രൊജക്റ്റ്, പാലാ സബ്ജയിലിൽ പച്ചക്കറിത്തോട്ട നിർമ്മാണം, കാവാലിപ്പുഴക്കടവ് മിനി ബീച്ച് ദത്തെടുക്കൽ, കളരിയമ്മാക്കൽ ചെക്ക് ഡാം ശുചീകരണം തുടങ്ങി ശ്രദ്ധാർഹമായ വേറിട്ട പ്രവർത്തനങ്ങളും കോളേജ് എൻ. എസ്. എസ്. കാഴ്ച വച്ചു.
പാലാ രൂപത ഹോം പ്രൊജക്റ്റും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പിലാക്കിയ സ്നേഹവീട് പ്രൊജക്റ്റ് വഴി, നിർദ്ധനരും രോഗികളുമായ 35 പേർക്ക് വീടുകൾ നിർമിച്ചു നൽകാനായത് എടുത്തു പറയേണ്ട നേട്ടമാണ്. ഉത്തരവാദിത്വങ്ങളിൽ നിന്ന് ഓടിയകലുന്ന യുവതലമുറയാണ് ഇന്നുള്ളത് എന്ന് പരിതപിക്കുന്നവർക്ക് മുമ്പിൽ ഉത്തമ മാതൃകയാണ് അൽഫോൻസായുടെ പെൺപട.
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധ കൊടുത്തുകൊണ്ട്, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഈ കോളേജിന് സാധിക്കുന്നു എന്നതിന്റെ തെളിവായി ഈ അംഗീകാരത്തെ കാണുന്നുവെന്ന് പ്രിൻസിപ്പൽ ഫ്രൊഫ.ഡോ. സിസ്റ്റർ മിനിമോൾ മാത്യു പറഞ്ഞു. പെൺകുട്ടികൾ മാത്രമായതുകൊണ്ട്, എല്ലാ കാര്യങ്ങളും സ്വന്തമായി ഏറ്റെടുത്ത് ചെയ്യുന്നത് അവരുടെ വ്യക്തിത്വവികസനത്തിന് കൂടുതൽ ഉപകരിക്കുന്നുണ്ടെന്ന് കോളേജ് ബർസാർ റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് ഏറെ ബുദ്ധിമുട്ടുള്ള പ്രൊജക്റ്റുകളൊക്കെ സധൈര്യം ഏറ്റെടുത്ത് മുമ്പോട്ട് പോകാൻ ഇവർക്ക് സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.