എകെജി സ്മൃതി മ്യൂസിയം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിലെ പെരളശ്ശേരിയിലാണ് സ്മൃതി മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ആറരക്കോടിയോളം രൂപ ചെലവിൽ സജ്ജമാക്കിയ മ്യൂസിയത്തിൽ എകെജിയുടെ കുട്ടിക്കാലം മുതൽ പാർലമെന്ററി ജീവിതം വരെയുള്ള സുപ്രധാന മുഹൂർത്തങ്ങൾ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ആവിഷ്കരിച്ചിട്ടുണ്ട്.

പാവപ്പെട്ടവന്റെയും പണിയെടുക്കുന്നവന്റെയും ശബ്ദം പാർലമെന്റിൽ പ്രതിധ്വനിപ്പിച്ച സമാനതകളില്ലാത്ത ജനനേതാവായിരുന്നു എകെജിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഗുരുവായൂർ സത്യഗ്രഹം മുതൽ മിച്ചഭൂമി സമരങ്ങൾ വരെ അദ്ദേഹം നയിച്ച ഐതിഹാസിക പോരാട്ടങ്ങൾ നാടിന്റെ വളർച്ചയ്ക്ക് കരുത്തേകി. ഒരു പാർലമെന്റ് അംഗം എങ്ങനെയായിരിക്കണമെന്ന് സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം കാണിച്ചുതന്നു. ജാതി-ജന്മിത്വ വാഴ്ചയ്ക്കെതിരെയും അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടിയും സഖാവ് നടത്തിയ സമരങ്ങൾ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ സുവർണ്ണാധ്യായങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എകെജി വിഭാവനം ചെയ്ത വികസന കാഴ്ചപ്പാടുകളുടെ തുടർച്ചയാണ് ഇന്ന് നാടിന് സമർപ്പിച്ച കീഴത്തൂർ പാലമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 12.2 കോടി രൂപ ചെലവിൽ നിർമിച്ച ഈ പാലം പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകും. വികസനത്തിന്റെ ഗുണഫലങ്ങൾ ഗ്രാമഗ്രാമാന്തരങ്ങളിൽ എത്തണമെന്ന സർക്കാരിന്റെ നിശ്ചയദാർഢ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. ചരിത്രസ്മരണകളെ നെഞ്ചിലേറ്റിയും വികസന നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചും നമുക്ക് ഒരുമിച്ച് മുന്നേറാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.