Kerala

പോളണ്ടിനെ കുറിച്ച് ഇനി ഒരക്ഷരം മിണ്ടി പോവരുത് എന്ന് മുൻ ചെയർപേഴ്‌സൺ :പേടിപ്പിക്കാൻ വരേണ്ടെന്ന് ബിനു പുളിക്കക്കണ്ടം ;കാര്യം പറയുന്നത് പേടിപ്പീരാണോ എന്ന് ജോസിൻ ബിനോ

പാലാ :പാലാ നഗരസഭയുടെ റിപ്പബ്ലിക് ദിനാഘോഷം ഇത്തവണയും ഏറ്റവും ഭംഗിയായി നടന്നു.ചെയർപേഴ്‌സൺ ദിയാ ബിനുവിന്റെ ജന്മ ദിനം അന്നായതിനാൽ ഏറെ മധുരതരവുമായിരുന്നു .എല്ലാവരും രാഷ്ട്രീയ ഭേദമെന്യേ ദിയയെ ആശംസകൾ അറിയിച്ചു .ഒരു പക്ഷെ ദിയയുടെ ജന്മദിനത്തിൽ ഏറ്റവും വിശാലമായ ആശംസ ലഭിച്ചതും ഈ ഇരുത്തിരണ്ടാം വയസിലാവണം .

കേരളാ കോൺഗ്രസ് പാലാ ഭരിച്ചപ്പോഴൊക്കെ സ്വാതന്ത്ര്യ ദിനത്തിനും ;റിപ്പബ്ലിക്ക് ദിനത്തിനും കൗൺസിൽ റിപ്പോർട്ട് ചെയ്യുന്ന പത്ര പ്രവർത്തകരെ ചെയർമാൻ നേരിട്ട് ചടങ്ങിന് ക്ഷണിക്കുന്ന രീതിയൊക്കെ ഉണ്ടായിരുന്നു .അതൊക്കെ ഒരു കാലം.ഇപ്പോൾ കാലം മാറി ;കഥ മാറി .സ്ഥലം എം എൽ എ യുടെ ചടങ്ങ് പോലും വേണ്ടപ്പെട്ട മാധ്യമങ്ങളെ ക്ഷണിക്കുന്ന രീതിയിലായി .വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ യു  ഡി എഫ് സുനാമി പ്രതീക്ഷിക്കുമ്പോൾ വേണ്ടപ്പെട്ട മാധ്യമങ്ങളെ വിളിച്ചാൽ മതിയല്ലോ.ഒത്താലൊരു കൃഷി മന്ത്രി സ്ഥാനവും ലഭിക്കും .അല്ലെങ്കിൽ വനം മന്ത്രി .

പക്ഷെ രാഷ്ട്രീയത്തിൽ നാലും നാലും എട്ടല്ലെന്നേ ഇവരെയൊക്കെ ഓർമ്മിപ്പിക്കുന്നുള്ളൂ.ഇന്ദിരാഗാന്ധി മരിച്ചതിനു ശേഷം നടന്ന 1984 ലെ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിലും ;മാവേലിക്കര മണ്ഡലത്തിലും ;വടകര മണ്ഡലത്തിലും എൽ ഡി എഫ് സ്ഥാനാർത്ഥികൾ ഇന്ദിരാ തരംഗത്തിലും വിജയക്കൊടി പാറിച്ചിരുന്നു എന്ന യാഥാർഥ്യം പലരും മറന്നു പോകുന്നു.അന്ന് കോട്ടയത്ത് സുരേഷ് കുറുപ്പും ;മാവേലിക്കരയിൽ തമ്പാൻ തോമസും ;വടകരയിൽ കെ പി ഉണ്ണികൃഷ്ണനും വിജയക്കൊടി പാറിക്കുകയും പാർലമെന്റിൽ തിളങ്ങുകയും ചെയ്തിരുന്നു.ഭാഷ വശമുള്ളതു കൊണ്ടായിരുന്നു അത് സാധ്യമായത് .തദ്ദേശ തെരെഞ്ഞെടുപ്പിൽ പാലായിൽ എൽ ഡി എഫിന് രണ്ടായിരത്തിൽ പരം വോട്ടിന്റെ ലീഡ് ഉണ്ടെന്നുള്ള യാഥാർഥ്യവും എം എൽ എ യും  ,മുൻസിപ്പൽ ഭരണക്കാരും;മുളങ്കുന്ന ;കൃഷ്ണ സഖ്യവും(എം കെ സഖ്യം)  സൗകര്യ പൂർവം മറന്നു കളയുന്നു.

1980 ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇന്ദിരാ ഗാന്ധിയുടെ മന്ത്രി സഭയിൽ കേന്ദ്ര കാബിനറ്റ് മിനിസ്റ്റർ ആവുമായിരുന്ന കെ പി സി സി പ്രസിഡണ്ട് കെ എം ചാണ്ടിയെ എൽ ഡി എഫിൽ നിന്ന കേരളാ കോൺഗ്രസുകാരനായ സ്കറിയാ തോമസ് തോൽപ്പിച്ച മണ്ഡലമാണ് കോട്ടയം .ആ സ്കറിയാ തോമസിനെ 1984 ൽ സുരേഷ് കുറുപ്പ് തോൽപ്പിക്കുകയും ചെയ്തു.അന്ന് പുതുപ്പള്ളിയിൽ പോലും ലീഡ് ചെയ്തത് സുരേഷ് കുറുപ്പായിരുന്നു .ചരിത്രം സമരായുധമാണ് .ഓർമ്മകൾ ഉണ്ടായിരിക്കണം എം കെ സഖ്യത്തിന്.

ഇനി റിപ്പബ്ലിക് ദിനത്തിലെ കാര്യത്തിലേക്കു വരാം ദിയാ ബിനു പതാക ഉയർത്തി സന്ദേശം നൽകി.പ്രതിപക്ഷത്ത് നിന്നും ഒരു കൗൺസിലർ ആശംസ നേരണമല്ലോ.എല്ലാവരും തെല്ലൊന്നു മടിച്ചപ്പോൾ .;  മുൻ മുൻസിപ്പാലിറ്റി ജീവനക്കാരിയും ആർമി പ്രവർത്തകയുമായ ലുലു; ഇനി ചേച്ചി പറഞ്ഞോ എന്ന് പറഞ്ഞു  കേരള കോൺഗ്രസിന്റെ തുരുത്തിൽ കഴിയുന്ന മുൻ ചെയർ പേഴ്‌സന്റെ പേര് പറഞ്ഞു  പ്രോത്സാഹിപ്പിച്ചു .ഉടനെ വന്നു മറുപടി ശ്രീനിവാസൻ സന്ദേശം സിനിമയിൽ പറഞ്ഞത് പോലെ പോളണ്ടിനെ കുറിച്ച് ഇനി ഒരക്ഷരം നീ മിണ്ടി  പോവരുത് എന്ന രീതിയിൽ   ഇനി ആ വാക്ക് ഉച്ചരിച്ചു പോകരുത് .മറുപടി കേട്ട ലുലു ചേച്ചി സ്തംഭിച്ചു  പോയി എന്നാണ് സംസാരം .ഞങ്ങളിലൊന്നിനെ തൊട്ടെന്നാൽ പത്തിനെ തട്ടും കട്ടായം എന്ന് ചില സംഘടനകളുടെ മുദ്രാവാക്യമാണ് കോട്ടയം മീഡിയാ ഇത്തരുണത്തിൽ ഓർത്തു പോയത് .അതിന്റെയൊക്കെ ഹിക്ക് മത്തിനെ കുറിച്ച് കോട്ടയം മീഡിയാ ഒന്നും പറയുന്നില്ലേ ഏ ..ഏ ..ഏ ..ഏ

ഇന്നെലെ നടന്ന കൗൺസിൽ യോഗത്തിലും വാക്കേറ്റമുണ്ടായി .തന്റെ വാർഡിലെ രണ്ടു റോഡ് ടാറിംഗ് പദ്ധതികൾ തന്റെ അനുവാദമില്ലാതെ ഒഴിവാക്കുന്ന പട്ടികയിൽ പെടുത്തിയതിനെ വാർഡ് കൗൺസിലർ ജോസിൻ  ബിനോ ശക്തമായ ഭാഷയിൽ ചോദ്യം ചെയ്തു.ജോസിൻ ബിനോയുടെ ശകാരം ബിനു പുളിക്കക്കണ്ടത്തിനും പിടിച്ചില്ല .പേടിപ്പിക്കാനൊന്നും വരണ്ട എന്നായി ബിനു .കാര്യം പറയുന്നത് പേടിപ്പീരാണോ എന്നായി ജോസിൻ ബിനോ.ഉടനെ ജോസെഫിലെ സിജി ടോണി ഏറ്റു  പിടിച്ചു.നിങ്ങടെ ഭരണ കാലത്തും ഇങ്ങനെയൊക്കെ തന്നെ ആയിരുന്നില്ലേ നടത്തിയിരുന്നത്.എന്നിട്ടിപ്പോൾ ന്യായം പറയുന്നോ എന്നായി സിജി ടോണി.ഞങ്ങടെ കാലത്തേ തെറ്റുകൾ ആവർത്തിക്കാനാണോ നിങ്ങൾ കയറിയത് എന്ന് പറഞ്ഞു ജോസിൻ അൽപ്പം മയപ്പെട്ടു .

എന്നാൽ ജോസിനെ വളഞ്ഞിട്ട് ഭരണ പക്ഷം ആക്രമിച്ചപ്പോൾ പ്രതിപക്ഷത്തെ ആരും ജോസിന് പിന്തുണ കൊടുത്തില്ലെന്നതും ശ്രദ്ധേയമായി .സിപിഐഎം മെമ്പറായ ജോസിനെ രക്ഷിക്കാൻ; മറ്റൊരു സിപിഐഎം മെമ്പറായ റോയി ഫ്രാൻസിസും മിനക്കെട്ടില്ല .കൊക്ക് മീൻ പിടിക്കുമ്പോൾ ചെറിയ മീനുകളെ അകത്താക്കും ,വലുതിനെ കണ്ടാൽ കണ്ണടയ്ക്കും അതാണ് റോയി പ്രയോഗിച്ചതെന്നു അനുമാനിക്കാം .അതോ ശങ്കരാടി സന്ദേശത്തിൽ പറഞ്ഞ പോലെ വർഗാധിപത്യവും കൊളോണിയസ്റ്റ് ചിന്താ സരണികളും തമ്മിലുള്ള റാഡിക്കലായിട്ടുള്ള ഒരു മാറ്റമാണോ ഇതെന്നും കോട്ടയം മീഡിയയ്ക്കു സംശയമുണ്ട് .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top