കോട്ടയം : 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫ് സര്‍ക്കാരിന് മൂന്നാമതും ഭരണത്തുടര്‍ച്ച ഉറപ്പിക്കുന്ന ജനവിധി ഉണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ. മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് എം മധ്യമേഖല നേതൃയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള വികസന കുതിപ്പാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത സാമ്പത്തിക ഉപരോധത്തെ അതിജീവിച്ചുകൊണ്ടാണ് കേരളം വിവിധ മേഖലകളില്‍ സുപ്രധാന നേട്ടങ്ങള്‍ കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുകയും കര്‍ഷകരെ ചേര്‍ത്തുപിടിക്കുന്ന നയമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.
എല്‍ഡിഎഫിന്റെ മധ്യമേഖല ജാഥയുടെ ഒരുക്കങ്ങളും യോഗം വിശദമായി ചര്‍ച്ച ചെയ്തു പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും പരമാവധി പ്രവര്‍ത്തകരെ ഓരോ കേന്ദ്രങ്ങളിലും പങ്കെടുപ്പിക്കുന്നതിന് എല്ലാ ഘടകങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കുന്നതിന് യോഗം തീരുമാനിച്ചു. മധ്യമേഖലജാഥയുടെ കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ ജനറല്‍ കണ്‍വീനറായി ഡോ. സ്റ്റീഫന്‍ ജോര്‍ജിനെയും, സഹകണ്‍വീനറായി സണ്ണി തെക്കേടത്തെയും യോഗം തെരെഞ്ഞെടുത്തു.
യോഗത്തില്‍ തോമസ് ചാഴിക്കാടന്, സ്റ്റീഫന്‍ ജോര്‍ജ്, ജോബ് മൈക്കിള്‍ എംഎല്‍എ, ബേബി ഉഴുത്തുവാല്‍, സണ്ണി തെക്കേടം, വിജി എം.തോമസ്, ചെറിയാന് പോളച്ചിറക്കല്‍, ടി ഓ എബ്രഹാം, സഖറിയാസ് കുതിരവേലി, ജോര്‍ജ്കുട്ടി ആഗസ്തി, പ്രൊ. ലോപ്പസ് മാത്യു, സജി അലക്സ്, ടോമി ജോസഫ്, സിറിയക് ചാഴികാടന്, ജോസ് പുത്തന്‍കാലാ, ബ്രൈറ്റ് വട്ടനിരപ്പേല്‍, ഡാനി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു