തിരുവനന്തപുരം കിളിമാനൂരിൽ ഥാർ ജീപ്പിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ അനിശ്ചിതകാല നിരാഹാരം ആരംഭിച്ച് കോൺഗ്രസ്. പ്രതികളെ ഉന്നതർ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഗിരി കൃഷ്ണൻ, കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കണ്ണൻ പുല്ലയിൽ എന്നിവരാണ് നിരാഹാരം ഇരിക്കുന്നത്.

പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക, കുടുംബത്തിന് സാമ്പത്തിക സഹായം നൽകുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് നിരാഹാര സമരം. ഇക്കഴിഞ്ഞ നാലിനാണ് കിളിമാനൂർ പാപ്പാല ജംഗ്ഷനിൽ വച്ച് രജിത്ത് അംബിക ദമ്പതികൾ അപകടത്തിൽപ്പെട്ടത്. മദ്യപിച്ച് പ്രതികൾ ഓടിച്ച ഥാർ വാഹനമിടിച്ച് ആയിരുന്നു അപകടം.അംബിക അപകടം നടന്ന് മൂന്ന് ദിവസത്തിനു ശേഷവും രജിത്ത് കഴിഞ്ഞദിവസവുമാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിന് നൽകിയിരുന്നു.ഇയാളെ അന്ന് തന്നെ പോലീസ് ജാമ്യം നൽകി വിട്ടയച്ചിരുന്നു.