കൊല്ലം : തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച യുഡിഎഫ് സ്ഥാനാർത്ഥിയുടെ ജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാനാർത്ഥി കോടതിയെ സമീപിച്ചു. ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ അച്ചൻകോവിൽ വാർഡിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് തർക്കം.

ജയിച്ച യുഡിഎഫ് സ്ഥാനാർഥി ഗീതാ സുകുനാഥിനെതിരെ സിപിഎം സ്ഥാനാർത്ഥിയായിരുന്ന ശ്രീജ ശ്രീകാന്താണ് പുനലൂർ മുൻസിഫ് കോടതിയെ സമീപിച്ചത്. കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം സംസ്ഥാന സർക്കാരുമായോ ഏതെങ്കിലും പഞ്ചായത്തുമായോ കരാറിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന ചട്ടം ലംഘിച്ചെന്നാണ് ആരോപണം.