Kerala

​ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് സർക്കാർ മുൻഗണന നൽകി-മന്ത്രി റോഷി അഗസ്റ്റിൻ

 

കോട്ടയം: ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് സംസ്ഥാന സർക്കാർ മുൻഗണന നൽകിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കാഴ്ച പരിമിതിയും മറ്റു ശാരീരിക വെല്ലുവിളികളും നേരിടുന്നവർക്കുള്ള സാങ്കേതിക സഹായ ഉപകരണങ്ങൾ നിർമിക്കുന്നതിന് വാളക്കയം സർവോദയ ഗ്രന്ഥശാലയിൽ ആരംഭിച്ച സ്ട്രൈഡ് മേക്കർ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷിക്കാർക്ക് സഹായകമായ ഉപകരണങ്ങൾ നിർമിക്കുന്നതിനൊപ്പം അവർക്ക് വരുമാനം ഉറപ്പുവരുത്തുകയും ചെയ്യുന്ന പദ്ധതിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രന്ഥശാലയ്ക്കു സമീപം നടന്ന ചടങ്ങിൽ ഗവൺമെൻറ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. ഇത്തരം പദ്ധതികൾ ഭിന്നശേഷിക്കാർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സ്‌ട്രൈഡ് മേക്കർ സ്റ്റുഡിയോയിൽ നിർമിച്ച ബ്രെയിൽ പഠന ഉപകരണങ്ങൾ കാളകെട്ടി അസീസി സ്‌കൂൾ ഓഫ് ദ ബ്ലൈൻഡിലെ വിദ്യാർഥികൾക്ക് മന്ത്രി റോഷി അഗസ്റ്റിൻ വിതരണം ചെയ്തു.

സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെയും പ്രാദേശിക സമൂഹങ്ങളുടെയും സഹകരണത്തോടെ ഭിന്നശേഷിക്കാരെ ശാക്തീകരിക്കുന്നതിന് ലക്ഷ്യമിടുന്ന പദ്ധതിയാണിത്. സെൻറ് എഫ്രേംസ് കമ്യൂണിറ്റി, കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംഗ് കോളജ് എന്നിവയുടെ പങ്കാളിത്തത്തോടെ കേരള ഡവലപ്മെൻറ് ആൻറ് സ്ട്രാറ്റജിക് കൗൺസിൽ(കെ-ഡിസ്‌ക്) ആണ് പദ്ധതി നടപ്പാക്കുന്നത്. കാഴ്ചപരിമിതിയുള്ള കുട്ടികളെ സഹായിക്കുന്ന ബ്രെയിൽ വിദ്യാഭ്യാസ സാമഗ്രികളുടെയും സഹായ ഉപകരണങ്ങളുടെയും നിർമ്മാണം മേക്കർ സ്റ്റുഡിയോയിൽ നടക്കും.

ചടങ്ങിൽ ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ഗിരീഷ് കുമാർ, ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി, കെ-ഡിസ്‌ക് എക്സിക്യൂട്ടീവ് ഡയറക്ടർ റോബിൻ ടോമി, ചിറക്കടവ് ഗ്രാമപഞ്ചായത്തംഗം അഭിലാഷ് ബാബു, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി.കെ. ബാബുലാൽ, സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, സർവോദയ ഗ്രന്ഥശാലാ പ്രസിഡൻറ് സാബു ഫിലിപ്പ്, കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംഗ് കോളജ് ഡയറക്ടർ ഫാ. റോയി ഏബ്രഹാം പഴയപറമ്പിൽ, ഷാജി പാമ്പൂരി, ഫാ. റെജി മാത്യു വയലുങ്കൽ, ലൗലി ആന്റണി എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top