Kerala

വീട് നിർമ്മാണത്തിൽ ന്യൂനത കരാറുകാരൻ 1.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃകോടതി

 

​കൊച്ചി: വീട് നിർമ്മാണത്തിൽ ഗുരുതരമായ വീഴ്ച വരുത്തുകയും പണി പൂർത്തിയാക്കാതെ കരാർ ലംഘിക്കുകയും ചെയ്ത കരാറുകാരൻ പരാതിക്കാരന് ഒരു ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കോടതി.നായത്തോട് സ്വദേശി ഔസേപ്പ് ജോർജ്ജ് കരുമാത്തി, കെട്ടിട നിർമാണ കരാറുകാരനായ ഷിജോ യോഹന്നാനെതിരെ സമർപ്പിച്ച പരാതിയിൽ ആണ് ഉത്തരവ്.

രണ്ട് വീടുകളുടെ നിർമ്മാണത്തിനായി 2017 നവംബർ ഒന്നിനാണ് പരാതിക്കാരൻ, കരാറുകാരനുമായി കരാറിൽ ഏർപ്പെട്ടത്. നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി 9,30,900/- രൂപ പരാതിക്കാരൻ എതിർകക്ഷിക്ക് ക നൽകിയിരുന്നു. എന്നാൽ, 2018 ഓഗസ്റ്റ് മാസം യാതൊരു കാരണവുമില്ലാതെ കരാറുകാരൻ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. മോശം നിർമ്മാണ രീതികളും ഗുണനിലവാരമില്ലാത്ത സാമഗ്രികളുടെ ഉപയോഗവും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പരാതിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു.

​ കോടതി നിയോഗിച്ച വിദഗ്ദ പരിശോധനയിൽ രണ്ട് കെട്ടിടങ്ങളുടെയും പണി പകുതിപോലും പൂർത്തിയായിട്ടില്ലെന്നും ഭിത്തികൾ, വാതിലുകൾ, ജനലുകൾ എന്നിവ സ്ഥാപിച്ചിട്ടില്ലെന്നും കോടതി കണ്ടെത്തി.
കൂടാതെ, നിർമ്മാണത്തിനായി എത്തിച്ച 56 ചാക്ക് സിമന്റ് കട്ടപിടിച്ച് നശിച്ച നിലയിലായിരുന്നു.
​വൻതുക കൈപ്പറ്റിയ ശേഷം നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിക്കുന്നത് സേവനത്തിലെ വലിയ വീഴ്ചയാണെന്നും, 99 ശതമാനം പണിയും പൂർത്തിയായി എന്ന കരാറുകാരന്റെ വാദം തെറ്റാണെന്നും കമ്മീഷൻ റിപ്പോർട്ടിലൂടെ വ്യക്തമായതായി ഡി.ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു.

പരാതിക്കാരനുണ്ടായ മാനസിക വിഷമത്തിനും സാമ്പത്തിക നഷ്ടത്തിനും പരിഹാരമായി 1,00,000/- രൂപ നഷ്ടപരിഹാരവും 10,000/- രൂപ കോടതി ചെലവും 30 ദിവസത്തിനുള്ളിൽ നൽകാൻ എതിർകക്ഷിക്ക്‌ കോടതി ഉത്തരവ് നൽകി.
പരാതിക്കാരന് വേണ്ടി അഡ്വ. ജെ. സൂര്യ കോടതിയിൽ ഹാജരായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top