വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തവനൂരില്‍ തീപാറും പോരാട്ടം നടക്കാനുള്ള സാധ്യതയേറുന്നു. തവനൂരില്പി വി അന്‍വറിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം യുഡിഎഫില്‍ സജീവമായതോടെയാണിത്. കോണ്‍ഗ്രസാണ് ഈ മണ്ഡലത്തില്‍ മത്സരിക്കാറുള്ളത്. കഴിഞ്ഞ തവണ അവസാന ലാപ്പിലാണ് കെ ടി ജലീല്‍ ഓടിക്കയറിയത്. ഫിറോസ് കുന്നുംപറമ്പിലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി.പി വി അന്‍വര്‍ തവനൂരില്‍ മത്സരിക്കുന്നതില്‍ മുസ്ലിം ലീഗിനും താല്പര്യമുണ്ട്.

പി വി അന്‍വറിനെ രംഗത്തിറക്കിയാല്‍ ഇക്കുറി മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. മണ്ഡലം രൂപീകരിച്ച കാലം മുതല്‍ക്കെ എല്‍ഡിഎഫിനോടൊപ്പം നിലയുറപ്പിച്ച മണ്ഡലത്തിലേക്ക് പി വി അന്‍വറിനെ എത്തിക്കുന്നത് വേഗത്തിലായത് യുഡിഎഫിന് മണ്ഡലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ വന്‍വിജയമാണ്.
തവനൂര്‍ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളും ഭരിക്കുന്നത് യുഡിഎഫാണ്. 2020ല്‍ മൂന്ന് പഞ്ചായത്തുകളില്‍ മാത്രം ഭരണം ഉണ്ടായിരുന്ന യുഡിഎഫ് ഇത്തവണ ഉണ്ടായിരുന്ന പഞ്ചായത്തുകള്‍ നിലനിര്‍ത്തുകയും ബാക്കി നാലെണ്ണം എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പിലും തവനൂരില്‍ യുഡിഎഫാണ് മുന്നിലെത്തിയത്. 18,101 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് നേടിയത്.