മുംബൈ :അഞ്ചു ദിവസം വെർച്വൽ അറസ്റ്റിലായിരുന്ന 74 കാരനെ സൈബർ പോലിസ് രക്ഷിച്ചു. തട്ടിപ്പ് സംഘത്തിന് 10 ലക്ഷം കൈമാറാൻ ബാങ്കിലെത്തിയപ്പോള്‍ മാനേജർക്കുണ്ടായ സംശയമാണ് 74 കാരൻെറ ജീവനും സമ്പാദ്യവും സംരക്ഷിക്കാൻ ഇടയായത്. പണം കൈമാറിയ ശേഷം ജീവൻ അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നതായി തട്ടിപ്പിൽ അകപ്പെട്ടയാള്‍ പറഞ്ഞു. അഞ്ചു ദിവസമാണ് മുൻ സർക്കാർ ഉദ്യോഗസ്ഥനെ വെർച്വൽ അറസ്റ്റ് ചെയ്ത് വീട്ടിനുള്ളിൽ വച്ചിരുന്നത്. മുംബൈ പോലീസെന്ന് പരിചയപ്പെടുത്തിയാണ് വാട്സ് ആപ്പ് വീഡിയോ കോള്‍ വന്നത്.

സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായതിനാൽ അറസ്റ്റിലാണെന്നും മറ്റാരോടും വിവരം പറയരുതെന്നും തട്ടിപ്പ് സംഘം പറഞ്ഞു. ഭാര്യയോടും പോലും വിവരം പറയാതെ ഒടുവിൽ സ്ഥിര നിക്ഷേപമായി മാറ്റി വച്ചിരുന്ന 10 ലക്ഷം തട്ടിപ്പ് സംഘത്തിന് കൈമാറാൻ തീരുമാനിച്ചു. ബാങ്കിലെത്തി സ്ഥിര നിക്ഷേപമെടുത്ത് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി. ഓണ്‍ ലൈൻ വഴി മുംബൈയിലെ ഒരു കമ്പനിയുടെ അക്കൗണ്ടിലേക്ക് മാറ്റാൻ നീക്കം നടത്തിയപ്പോഴാണ് ബാങ്ക് മാനേജർക്ക് സംശയം തോന്നിയത്. വിവരം സൈബർ പോലിസിനെ അറിയിച്ചു
ബാങ്കിൽ നിന്നും 74കാരനെ കൂട്ടികൊണ്ടുവന്ന് മൊബൈൽ ഫോണ്‍ പരിശോധിച്ചു. അപ്പോഴും തട്ടിപ്പു സംഘം വിളിച്ചുകൊണ്ടിരുന്നു. ഫോണ്‍ പോലീസെടുത്തതോടെ സംഘം പിൻമാറി. പൊലിസ് സഹായത്തോടെ തട്ടിപ്പിൽ നിന്നും രക്ഷപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞുവെങ്കിലും വൃദ്ധൻ ഞെട്ടലിൽ നിന്നും വിട്ടുമാറിയിരുന്നില്ല. ബാങ്ക് മാനേജറും പോലിസും സമയോചിതമായ ഇടപെട്ടതുകൊണ്ടാണ് ഒരു വൃദ്ധൻെറ ജീവനും സമ്പാദ്യവുമെല്ലാം സംരക്ഷിക്കാനായത്.