
പാലാ: കെ എം മാണി സ്മാരക ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പാലാ സ്വദേശിയായ പ്രവാസിയെ വാഹന പാർക്കിംങ് ഏരിയായിൽ വനിതാ സെക്യൂരിറ്റി ജീവനക്കാരി അധിക്ഷേപിച്ചതായി പരാതി.
പാലായിൽ ജനിച്ചു വളർന്ന് കാനഡയിൽ പൗരത്വം നേടി സ്ഥിരതാമസമാക്കിയ പാലാ സ്വദേശിയാണ് ഇത് സംബന്ധിച്ച് നഗരസഭ ചെയർപേഴ്സണ് പരാതി നൽകിയത്. ക്രിസ്മസ്സ് അവധിക്ക് നാട്ടിൽ എത്തിയ പ്രവാസി സുഹൃത്തിനൊപ്പം ജനറൽ ആശുപത്രിയിലെ രാജീവ്ഗാന്ധി റീജിയണൽ ലബോറട്ടറിയിൽ
എക്സിക്യൂട്ടീവ് ചെക്കപ്പിന് സുഹൃത്തായ അഭിഭാഷകനൊപ്പം എത്തിയപ്പോൾ തിങ്കളാഴ്ച രാവിലെ എട്ടിനാണ് സംഭവം.
രണ്ട് മേജർ സർജറികൾ കഴിഞ്ഞ പ്രവാസി കാനേഡിയൻ സർക്കാരിൻ്റെ ഹാൻഡിക്യാപ്ഡ് പെർമിറ്റ് ഉള്ളയാളാണ്. ഇതനുസരിച്ച് ആശുപത്രിയുടെ മുന്നിലെ ഹാൻഡിക്യാപ്ഡ് പാർക്കിംങ് ഏരിയായിൽ വാഹനം നിർത്താൻ എത്തിയപ്പോൾ നിരവധി ബൈക്കുകൾ പാർക്ക് ചെയ്തിരുന്നു. തുടർന്ന് എതിർവശത്ത് മാർഗ്ഗതടസമില്ലാത്ത നിലയിൽ വാഹനം പാർക്ക് ചെയ്ത് പുറത്തിറങ്ങിയപ്പോൾ ജീവനക്കാരിയെത്തി വാഹനം മാറ്റിയിടാൻ ആവശ്യപ്പെടുകയായിരുന്നു.
തനിക്ക് ഇവിടെ പാർക്ക് ചെയ്യാനുള്ള അനുമതി ഉണ്ടെന്ന് അറിയിച്ചപ്പോൾ കയർത്ത ജീവനക്കാരി മൊബൈലിൽ വാഹനത്തിൻ്റെ ചിത്രം പകർത്തി ഭീഷണിപ്പെടുത്തി. ഇതിനിടെ ഒപ്പം ഉണ്ടായിരുന്ന അഭിഭാഷകനും ജീവനക്കാരിയെ കാര്യങ്ങൾ ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ചെവിക്കൊള്ളാതെ പൊലീസ് നടപടി വന്നാലേ ഇവനൊക്കെ പഠിക്കൂവെന്ന് പറഞ്ഞ് ഭീഷണി തുടർന്നു. തൻ്റെ കാറിന്റെ മുൻപിൽ മറ്റൊരു കാർ മുൻപേ അവിടെ പാർക്ക് ചെയ്തിരുന്നു. ഇക്കാര്യം ചോദിച്ചപ്പോൾ അതൊക്കെ തങ്ങൾ നോക്കിക്കോളാം എന്ന മറുപടിയാണ് ലഭിച്ചത്. തൻ്റെ വാഹനം പാർക്ക് ചെയ്തത് പകർത്തിയ ഫോട്ടോ പോലീസിൽ കൊടുത്തിട്ടുണ്ടെന്നും പണി അവിടുന്ന് കിട്ടുമ്പോൾ പഠിച്ചോളും എന്നും പറഞ്ഞ് വീണ്ടും അധിക്ഷേപം തുടർന്നു.
തുടർന്ന് വാഹനത്തിൽ സുഹൃത്തായ അഭിഭാഷകനെയും കൂട്ടി പാലാ പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി കാര്യങ്ങൾ അറിയിച്ചപ്പോൾ നിലവിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലന്നും പൊയ്ക്കൊള്ളാനുമുള്ള സൗഹാർദ്ദപരമായ സമീപനമാണ് ഉണ്ടായത്. ഇവർ മുൻപും പലരോടും ഇതേ രീതിയിൽ മര്യാദ രഹിതമായി പെരുമാറിയതായി അന്വേഷണത്തിൽ അറിഞ്ഞു. തുടർന്നാണ് വനിതാ സെക്യൂരിറ്റി ജീവനക്കാരിയുടെ ജനദ്രോഹപരവും അജ്ഞതയും നിറഞ്ഞ പെരുമാറ്റം മൂലം തനിക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ആശുപത്രി വികസന സമിതി അധ്യക്ഷ കൂടിയായ നഗരസഭാ ചെയർപേഴ്സണ് പരാതി നൽകിയത്.