
പാലാ:ജലസമൃദ്ധിയുടെ കാര്യത്തിൽ രാജ്യത്ത് ഏറ്റവും മുന്നിലാണ് നമ്മുടെ സംസ്ഥാനം എന്നതിനാൽ മലയാളിയുടെ ജീവിതം നേരിട്ട് ജലസമ്പർക്കമുള്ളതാണ്. എങ്കിലും നീന്തൽ അഭ്യസിക്കാത്തവരാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും. ഇതുമൂലം ഏറ്റവും കൂടുതൽ ആളുകൾ മുങ്ങിമരിക്കുന്ന നാടായി മാറിയിരിക്കുകയാണ് നമ്മുടെ സംസ്ഥാനം. ഒരു വർഷത്തിൽ ഏകദേശം ആയിരത്തിലധികം കുട്ടികളും,യുവാക്കളുമാണ് കേരളത്തിൽ മുങ്ങിമരിക്കുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഈ വിപത്തിനെ പ്രതിരോധിക്കുവാൻ നീന്തൽ പഠനം സ്വയം രക്ഷയ്ക്കും, പര രക്ഷയ്ക്കും ഉപകരിക്കുന്ന രീതിയിൽ നിന്തൽ പരിശീലിപ്പിക്കുവാനുള്ള പദ്ധതിയുമായി ലോകോത്തര സാഹസിക നീന്തൽ താരവും, ഇൻഡ്യക്കും ശ്രീലങ്കയ്ക്കുമിടയിലുള്ള 35 കിലോമീറ്റർ പാക് കടലിടുക്ക് നീന്തിക്കടന്ന ആദ്യ മലയാളിയുമായ എസ്. പി. മുരളീധരൻ മൈൽസ്റ്റോൺ സ്വിമ്മിംഗ് പ്രമോട്ടിംഗ് ചാരിറ്റബിൾ സൊസൈറ്റി എന്ന സംഘടനയ്ക്കു രൂപം നൽകി സ്വിം കേരള സ്വിം എന്ന പദ്ധതിയിലൂടെ വിവിധ ജില്ലകളിൽ നീന്തൽ പരിശീലനം നല്കി വരുന്നു.
ഈ പരിശീലന പദ്ധതിയുടെ ഭാഗമായി എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി 450 കുട്ടികൾക്കുള്ള ശാസ്ത്രീയ നീന്തൽ പരിശീലനം നൽകികഴിഞ്ഞു. ഈ പദ്ധതിയുടെ നാലാം ഘട്ടം അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാനയുടെ സഹായത്തോടെ നൂറ് കുട്ടികൾക്ക് സൗജന്യമായി വിദഗ്ദ്ധരായ പരിശീലകരുടെ നേതൃത്വത്തിൽ പാലാ സെൻ്റ് തോമസ് കോളേജിലെ നീന്തൽക്കുളത്തിൽ വച്ച് പരിശീലനം നൽകുന്നു. 12 വയസ്സിന് മുകളിൽ 25 വയസ്സുവരെയുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം രാവിലെ 6 മണി മുതൽ 7 മണി വരെ ഓരോമണിക്കൂർ വീതമാണ് പരിശീലനം .
2026 ജനുവരി 18 നു നടക്കുന്ന സമാപന ചടങ്ങിൽ വിജയകരമായി ക്ലാസ്സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ്, മെഡൽ, ടീ ഷർട്ട് എന്നിവ സമ്മാനിക്കും.
ഫൊക്കാന പ്രസിഡൻ്റ് സജിമോൻ ആൻ്റണി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ മന്ത്രിമാർ , സിനിമാ താരങ്ങൾ, കായിക പ്രതിഭകൾ തുടങ്ങിയവർ സംബന്ധിക്കും.
ഡിസംബർ 28 ന് ആരംഭിച്ച രജിസ്ട്രഷൻ ജനുവരി 3 വരെ തുടരും. ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറ് പേർക്കായിരിക്കും അവസരം. അപേക്ഷാ ഫോം സ്വിമ്മിങ്ങ് പൂൾ കൗണ്ടറിൽ നിന്നോ , 9667789518 എന്ന നമ്പരിൽ വാട്ട്സ് ആപ്പ് മുഖേനയും ലഭ്യമാണെന്ന് സംഘാടകരായ സൊസൈറ്റി വൈസ് പ്രസിഡൻ്റ് മാമ്പുഴക്കരി വി.എസ് ദിലീപ് കുമാർ ,ജനറൽ സെക്രട്ടറിയും സാഹസിക നീന്തൽ താരവുമായ എസ്.പി മുരളീധരൻ ,എഴുത്തുകാരി സിജിത അനിൽ ,ഫൊക്കാന കോർഡിനേറ്റർ സുനിൽ പാറക്കൽ ,പി.ആർ.ഒ അഷ്റഫ് ചേർത്തല എന്നിവർ മീഡിയ അക്കാഡമിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മാമ്പുഴക്കരി വി എസ് ദിലീപ്കുമാർ (വൈസ് പ്രസിഡൻ്റ്
മൈൽസ്റ്റോൺ സ്വിമ്മിംഗ് പ്രമോട്ടിംഗ് ചാരിറ്റബിൾ സൊസൈറ്റി 94472 28158 )
എസ് പി മുരളിധരൻ
(ജനറൽ സെക്രട്ടറി മൈൽസ്റ്റോൺ സൊസൈറ്റി.
9667789518
8800987665)
സുനിൽ പാറക്കൽ (പ്രതിനിധി ഫൊക്കാന കേരള.
9645170170)