Kottayam

മാഞ്ഞൂരിലും കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു; രോഗബാധിത മേഖലകളിലെ പക്ഷികളെ നശിപ്പിക്കും

കോട്ടയം: ജില്ലയില്‍ രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. മാഞ്ഞൂര്‍ പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡിലും കോട്ടയം നഗരസഭയിലെ 37,38 വാര്‍ഡുകളിലുമാണ് രോഗബാധ.

പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് ദ്രുതകര്‍മസേനയ്ക്ക് രൂപം നല്‍കി. രോഗം ബാധിച്ച പക്ഷികളെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റു വളര്‍ത്തുപക്ഷികളെയും വള്ളിയാഴ്ച (ഡിസംബര്‍ 26) നശിപ്പിക്കും. ഇവയെ കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങളനുസരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കും.

മാഞ്ഞൂരില്‍ കാടക്കോഴികളും കോട്ടയത്ത് ഇറച്ചിക്കോഴികളും അസ്വാഭാവികമായി ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് തിരുവല്ലയിലെ ഏവിയന്‍ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലാബിലും ഭോപ്പാലിലെ വൈറോളജി ലാബിലും നടത്തിയ സാമ്പിള്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. എല്ലാ പക്ഷികളെയും ബാധിക്കാവുന്ന എച്ച്5എന്‍1 ഇനത്തിലുള്ള പക്ഷിപ്പനിയാണിതെന്ന് ഭോപ്പാലിലെ വൈറോളജി ലാബില്‍നിന്നുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദേശാടനപ്പക്ഷികകള്‍,കടല്‍ പക്ഷികള്‍ എന്നിവയിലൂടെയാണ് രോഗം വ്യാപിക്കുന്നത്. രോഗബാധയേറ്റ് മൂന്നു മുതല്‍ അഞ്ചു വരെ ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുകയും കൂട്ടത്തോടെ ചാവുകയും ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top