പാലാ :പാലാ നഗര സഭയിലെ കൗൺസിലർമാരിൽ ഒട്ടേറെ പ്രത്യേകതകൾ ഉള്ളയാളാണ് സിപിഐഎം മെമ്പർ റോയി ഫ്രാൻസിസ്.ആരോടും ദേഷ്യമില്ല .സിപിഐഎം കാരുടെ സ്ഥിരം മറുപടിയായ തട്ടിക്കളയും ,കൊന്നു കളയും ,അടിച്ചു നീളൻ വലിക്കും ;കൊത്തിയരിഞ്ഞു കൊഴിക്കിട്ടു കൊടുക്കും ;കുടല് മണ്ണ് തിന്നും ;സിമന്റ് ബഞ്ചേൽ കേറ്റും ഇത്യാദി പ്രയോഗങ്ങളൊന്നും റോയിച്ചനിലില്ല .എല്ലാവരോടും സൗമ്യത ;ഒരു അര ഗാന്ധിയനായിട്ടു വരും റോയി ഫ്രാൻസിസ് .

പച്ചവെള്ളം കുടിച്ചാൽ പോലും അതിൽ തപ്പി നോക്കും അതിൽ കഷ്ണം വല്ലതും ഉണ്ടോ …?ഉണ്ടെങ്കിൽ തുപ്പി കളയാമല്ലോ.2015 ൽ ഒന്നാം നമ്പർ കസേരയിലായിരുന്നു റോയി ഫ്രാൻസിസിന്റെ ഇരുപ്പ് ;ഇന്നും സത്യ പ്രതിജ്ഞയ്ക്കു ശേഷം ആ പഴയ ഒന്നാം നമ്പറിൽ പോയിരുന്നു .ഇന്നും പ്രതിപക്ഷത്താവാനാണ് സാധ്യത .ഇനിയുള്ള കാലത്ത് പ്രതിപക്ഷ നേതൃത്വം കേരളാ കോൺഗ്രസ് എമ്മിനുള്ളതാണ് .പത്ത് അംഗങ്ങളുള്ള കേരളാ കോൺഗ്രസിലെ സീനിയർ മെമ്പർ ബിജു പാലൂപ്പടവൻ പ്രതിപക്ഷ നേതാവാകും .പ്രതിപക്ഷ നേതൃത്വ പദവി ആദ്യ രണ്ടര വർഷം തനിക്കു വേണം എന്നൊന്നും റോയി ഫ്രാൻസിസ് പറയാൻ പോകില്ല .അത്തരക്കാരനല്ല റോയിച്ചൻ.അതൊരു ശേല് കേടല്ലേ ..?വർഗാധിപത്യവും കൊളോണിയസ്റ്റ് ചിന്താ സരണികളും തമ്മിലുള്ള റാഡിക്കലായിട്ടുള്ള മാറ്റമല്ലല്ലോ പാലായിൽ ഉണ്ടായിട്ടുള്ളത് .
തന്റെ വാർഡിന്റെ വികസനത്തിനായി ഘോരഘോരം വാദിക്കുന്ന റോയി ഫ്രാൻസിസ് ശുദ്ധ ഗതിക്കാരനായത് കൊണ്ട് ;തന്നെ വെട്ടിൽ വീഴിക്കാൻ നടക്കുന്ന വനിതാ രത്നങ്ങളെ സഭയിൽ ശക്തമായി വിമർശിച്ചിട്ടുണ്ട് .അതിന് അക്കാലത്തെ കൗൺസിലറായ ടോണി തോട്ടം സാക്ഷിയുമായിരുന്നു .അരിവാൾ ചുറ്റികയിൽ മത്സരിച്ച റോയി ഫ്രാൻസിസ് ദൈവ നാമത്തിലാണ് സത്യ പ്രതിജ്ഞ ചെയ്തത്.അരിവാൾ പണിയായുധമാണെന്നാണ് റോയിച്ചന്റെ പക്ഷം ,പരിശുദ്ധ ദൈവ മാതാവ് കതിർ കൊയ്യാൻ ഉപയോഗിച്ചതും അരിവാളാണല്ലോ ;ചുറ്റികയും പണിയായുധമാണ് .യൗസേപ്പിതാവ് ചുറ്റിക ഉപയോഗിച്ചല്ലേ പണി നടത്തിയത്.നക്ഷത്രം അത് ക്രിസ്മസിന്റെ നക്ഷത്രമല്ലേ എന്നാണ് റോയിച്ചന്റെ ത്വാത്വീക അവലോകനം .
അയ്യോയീ അരിവാള് തലകൊയ്യാനാണെ ;അയ്യോയീ ചുറ്റിക ചുറ്റിക്കാനാണെ ;അയ്യോയീ നക്ഷത്രം നാശത്തിനാണെ എന്നൊക്കെ പറയുന്ന വിപ്ലവ പാതയിലെ കാരമുള്ളുകളോട് റോയിച്ചൻ പറയും ;തലകൊയ്യാനല്ലിത് കതിർ കൊയ്യാനാണെ ;ചുറ്റിക്കാനല്ലിതു പണിയായുധമാണെ ;നാശത്തിനെല്ലിത് ജനനന്മയ്ക്കാണെ .. എന്നാലും അരിവാളിൽ മത്സരിച്ചിട്ട് ദൈവ നാമത്തിൽ സത്യ പ്രതിജ്ഞ ചെയ്തതിന്റെ ഒരു ഇണ്ടൽ ബത മിണ്ടവതല്ല മമ :അതിനും റോയി ഫ്രാൻസിസ് എന്ന പാലായിലെ ഏക ചുവപ്പ് നക്ഷത്രത്തിന് മറുപടിയുണ്ട് .അത് ജൂബിലി പെരുന്നാളും ;രാക്കുളി പെരുന്നാളും ഒക്കെ കൂടി നടക്കുന്നതല്ലേ വായിൽ അങ്ങനെയേ വരൂ ..
അതേസമയം അടുത്ത ജൂബിലി പെരുന്നാളിന് ജൂബിലി പന്തലിൽ പ്രദക്ഷിണം കയറി കഴിഞ്ഞു പാലാ ടൗണിലൂടെ റോയിച്ചൻ നടക്കുമ്പോൾ കൂടെ നടക്കുവാൻ ഒരു ചുരിദാറും ഉണ്ടെന്നുള്ള വിവരവും കോട്ടയം മീഡിയയ്ക്കു ലഭിച്ചിട്ടുണ്ട് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ