കോട്ടയം ഈരാറ്റുപേട്ടയിൽ വിദ്യാർത്ഥിയെ അദ്ധ്യാപകൻ മർദ്ദിച്ച സംഭവത്തിൽ ആരോപണ വിധേയനായ അദ്ധ്യാപകൻ സന്തോഷ് എം ജോസിനെ സ്കൂളിൽ നിന്നും സസ്പെന്റ് ചെയ്യും. വിദ്യാർത്ഥിയുടെ രക്ഷിതാക്കളുടെ പരാതിയിൽ ആണ് നടപടി എടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. മാനേജ്മെന്റ്ന്റെ പ്രാഥമിക അന്വേഷണത്തിൽ അധ്യാപകന്റെ ഭാഗത്തുണ്ടായത് ഗുരുതരവീഴ്ച എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ചേർന്ന സ്കൂളിലെ പിടിഎ യോഗത്തിലും അധ്യാപകനെതിരെ കടുത്ത നടപടി എടുക്കണമെന്ന് ആവശ്യമുയർന്നിരുന്നു.

അധ്യാപകൻറെ മർദ്ദനത്തിൽ അഞ്ചാം ക്ലാസുകാരൻറെ തോളിന് പരിക്കേറ്റിരുന്നു. കാരയ്ക്കാട് എംഎംഎം യുപി സ്കൂളിലെ അധ്യാപകനാണ് സന്തോഷ് എം ജോസ്. അധ്യാപകൻ പരീക്ഷയ്ക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞതിനാണ് തോളിൽ ഇടിച്ചതെന്ന് മർദ്ദനമേറ്റ വിദ്യാർത്ഥി പറഞ്ഞു. സന്തോഷ് എം ജോസിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് പിടിഎയും സ്കൂൾ മാനേജ്മെൻറും അറിയിച്ചിരുന്നു.
മാഷിൻറെ മനുഷ്വത്വമില്ലാത്ത ക്രൂരതയിൽ വേദനകൊണ്ട് പുളയുകയാണ് അഞ്ചാം ക്ലാസുകാരൻ. ക്ലാസ്മുറിക്കുള്ളിൽ വച്ച് പരീക്ഷ നടക്കുമ്പോഴാണ് സന്തോഷ് എം ജോസ് അഞ്ചാം ക്ലാസുകരാനെ ഇടിച്ചത്. വിദ്യാർത്ഥിയുടെ വലത് തോളിന് ക്ഷതമേറ്റു. ഇടത് കൈപ്പത്തിയിൽ പിച്ചി തൊലിയെടുത്ത പാടുണ്ട്. സഹപാഠിയായ വിദ്യാർത്ഥി എന്തിനാണ് ഇടിച്ചതെന്ന് ചോദിച്ചപ്പോൾ ആ കുട്ടിയോടും സന്തോഷ് ദേഷ്യപ്പെട്ടു.