Kerala

പാലാ രൂപത ബൈബിൾ കൺവൻഷൻ 19 ന് ജോർജ് ആലഞ്ചേരി പിതാവ് ഉദ്‌ഘാടനം നിർവഹിക്കും :രൂപതയുടെ കുടുംബ സമ്മേളനമായ ഈ ബൈബിൾ കൺവെൻഷൻ എല്ലാ ഇടവകകളിൽ നിന്നും വിശ്വാസ സമൂഹം ഒരുമിച്ചുചേരുന്ന ഏറ്റവും വലിയ ആത്മീയ സംഗമവും ആഘോഷവുമാണ്

43-മത് പാലാ രൂപത ബൈബിൾ കൺവെൻഷൻ 2025 ഡിസംബർ 19 വെള്ളി മുതൽ 23 ചൊവ്വ വരെ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽവച്ച് നടത്തപ്പെടും. തിരുപ്പിറവിക്ക് ആത്മീയമായി ഒരുങ്ങുന്നതിനും സീറോമലബാർ സഭയുടെ സാമുദായിക ശക്തീകരണ വർഷത്തിന്റെ രൂപതാതല ആരംഭത്തിന്റെ ഭാഗമായും ഈ വർഷം നടത്തപ്പെടുന്ന ബൈബിൾ കൺവെൻഷൻ കൂടുതൽ ശ്രദ്ധേയമാകുകയാണ്. രൂപതയുടെ കുടുംബ സമ്മേളനമായ ഈ ബൈബിൾ കൺവെൻഷൻ എല്ലാ ഇടവകകളിൽ നിന്നും വിശ്വാസ സമൂഹം ഒരുമിച്ചുചേരുന്ന ഏറ്റവും വലിയ ആത്മീയ സംഗമവും ആഘോഷവുമാണ്. സീറോമലബാർ സഭ ഈ വർഷം സമുദായിക ശക്തീകരണ വർഷമായി ആചരിക്കുവാൻ ആഹ്വാനം ചെയ്തിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ സഭാസമൂഹത്തിന്റെ കെട്ടുറപ്പും വിശ്വാസ തീക്ഷണതയും വർധിപ്പിക്കുക എന്നതും ഈ കൺവെൻഷന്റെ ലക്ഷ്യമാണ്.

അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലച്ചൻ നേതൃത്വം നൽകുന്ന അഞ്ചുദിവസം നീളുന്ന ഈ കൺവെൻഷൻ ഉച്ചകഴിഞ്ഞ് 3.30 ന്റെ ജപമാലയോടുകൂടി ആരംഭിക്കും. 4.00 ന് വി. കുർബാന തുടർന്ന് വചനപ്രേഘോഷണം. 9 മണിക്ക് ദിവ്യകാരുണ്യാരാധനയോടെ സമാപിക്കും. ഡിസംബർ 19 വെള്ളിയാഴ്ച വൈകുന്നേരം 5 ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി (മേജർ ആർച്ച്ബിഷപ് എമരിത്തൂസ്, സീറോ മലബാർ സഭ) കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. രൂപത പ്രോട്ടോസിഞ്ചല്ലൂസ് മോൺ. ജോസഫ് തടത്തിൽ വികാരി ജനറാൾമാർ തുടങ്ങിയവർ കൺവെൻഷൻ ദിവസങ്ങളിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകും. 20-തീയതി മുതലുള്ള കൺവെൻഷൻ ദിവസങ്ങളിൽ വൈകുന്നേരം കുമ്പസാരത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൺവൻഷന്റെ അവസാന ദിവസമായ ഡിസംബർ 23 ന് വൈകുന്നേരം മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത സമാപന സന്ദേശം നൽകും. കൺവെൻഷന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളുടെ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.

പബ്ലിസിറ്റി, സ്വീകരണം, ഫിനാൻസ്, വിജിലൻസ്, പന്തൽ, അക്കോമഡേഷൻ, ആരാധനക്രമം, ഫുഡ്, ട്രാഫിക്, വോളണ്ടിയർ, സ്റ്റേജ്, ലൈറ്റ് & സൗണ്ട്, കുടിവെള്ളം മദ്ധ്യസ്ഥപ്രാർത്ഥന, കുമ്പസാരം തുടങ്ങിയ കമ്മിറ്റികൾ കൺവെൻഷന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകും.

സീറോ മലബാർ സഭ സാമുദായിക ശാക്തീകരണ വർഷം 2026
സഭാംഗംങ്ങളുടെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക പരിസ്ഥിതികളെക്കുറിച്ചു യാഥാര്‍ഥ്യബോധത്തോടെ നടത്തിയ പഠനങ്ങളുടെ വെളിച്ചത്തില്‍, വിശ്വാസികളുടെ ആത്മീയ മേഖലയില്‍ എന്നതുപോലെതന്നെ ഭൗതിക ആവശ്യങ്ങളിലും അവര്‍ നേരിടുന്ന വെല്ലുവിളികളിലും സഭയുടെ സത്വരമായ ശ്രദ്ധ പതിയേണ്ടതുണ്ടെന്ന ബോധ്യത്തോടെയാണ് സമുദായ ശാക്തീകരണവര്‍ഷം ആചരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് കര്‍മ്മപദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള ബോധവത്കരണമാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്. രണ്ടാമത്തെതു പ്രായോഗികഘട്ടമാണ്. സീറോമലബാര്‍ സഭ ഒരു സമുദായം എന്ന നിലയില്‍ നിലനില്‍ക്കുന്നതിനും വളരുന്നതിനും സഹായകമാകുന്ന കര്‍മപദ്ധതികള്‍ നടപ്പിലാക്കുകയാണ് ഈ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ടതും ക്രമേണ ലക്ഷ്യത്തിലെത്തേണ്ടതുമായ പദ്ധതികളെയാണ് മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വാഹനങ്ങളുടെ പാർക്കിംഗ് ക്രമീകരണങ്ങൾ
പാലാ: പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടക്കുന്ന 43-ാമത് ബൈബിൾ കൺവൻഷനിൽ പങ്കെടുക്കുന്നവരുടെ വാഹന പാർക്കിംഗ് ക്രമീകരണങ്ങൾക്ക് വിപുലമായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പാലാ ഡി.വൈ എസ്.പി. സദൻ കെ., സർക്കിൾ ഇൻസ്പെക്ടർ കുര്യാക്കോസ് പി. ജെ, എസ്.ഐ. ദിലീപ് കുമാർ, പാലാ ട്രാഫിക് പോലീസ് ഓഫീസർ സുരേഷ്കുമാർ ബി., ഫാ. തോമസ് കിഴക്കേൽ (കോർഡിനേറ്റർ), ഫാ.കുര്യൻ പോളക്കാട്ട്, ഫാ.കുര്യാക്കോസ് വെള്ളച്ചാലിൽ, ഫാ.മാത്യു എണ്ണക്കാപ്പള്ളിൽ, ജോർജ് പാലക്കാട്ടുകുന്നേൽ, തോമസ് പാറയിൽ, മാത്തുക്കുട്ടി താന്നിയ്ക്കൽ, സണ്ണി വാഴയിൽ, ലാലു പാലമറ്റം എന്നിവരുടെ നേതൃത്വത്തിൽ 100 ഓളം വോളണ്ടിയേഴ്സ് ട്രാഫിക് ക്രമീകരണത്തിന് നേതൃത്വം നൽകും.

പാലായിൽ നിന്നും വരുന്ന വാഹനങ്ങൾ

1. എല്ലാ വലിയ വാഹനങ്ങളും സെന്റ് തോമസ് കോളേജിന്റെ മുൻവശത്ത് ആളുകളെ ഇറക്കിയശേഷം പുലിയന്നൂർ ജങ്ഷനിൽ എത്തി മരിയൻ ആശുപത്രി ജംങ്ഷനിൽ എത്തി തിരിഞ്ഞ് ബൈപാസ് റോഡിൽക്കൂടി പാലാ കത്തീഡ്രൽ കുരിശുംതൊട്ടി മൈതാനിയിലും ളാലം പഴയപള്ളി മൈതാനിയിലും സെന്റ് തോമസ് ഹൈസ്കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യാവുന്നതാണ്.
2. എല്ലാ ചെറിയ വാഹനങ്ങളും അൽഫോൻസാ കോളേജ് ഗ്രൗണ്ട്, പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് ഗ്രൗണ്ട്, സ്പോർട്സ് കോംപ്ളക്സ് ഗ്രൗണ്ട്, ക്രിസ്തുരാജ് ഹോസ്റ്റലിന്റെ മുൻവശം, പിൻവശം, സെന്റ് തോമസ് കോളജിന്റെ മുൻപിലുള്ള ഹെലിപ്പാഡിലും (BLOCK A) പാർക്ക് ചെയ്യുക.
3. കൺവെൻഷന്റെ മെയിൻ ഗേറ്റ് വഴി വരുന്ന വാഹനങ്ങൾ സെന്റ് തോമസ് കോളേജിന്റെ മെയിൻ ബിൽഡിംഗിന്റെ മുൻവശത്തും പിൻവശത്തുമായി പാർക്കുചെയ്യണം.

ഏറ്റുമാനൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ

എല്ലാ വലിയ വാഹനങ്ങളും സെന്റ് തോമസ് കോളജിന്റെ മുൻവശത്ത് ആളെ ഇറക്കിയതിനുശേഷം പാലാ കത്തീഡ്രൽ കുരിശും തൊട്ടി മൈതാനിയിലും ളാലം പഴയപള്ളി മൈതാനിയിലും സെന്റ് തോമസ് ഹൈസ്കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യാവുന്നതാണ്.

ടൂവീലർ പാർക്കിങ്ങ്
എല്ലാ ടൂവീലർ വാഹനങ്ങളും സെന്റ് തോമസ് കോളജിന്റെ മെയിൻ ഗെയിറ്റിനുള്ളിലും, ജിമ്മി ജോർജ് മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിന് സമീപവും അൽഫോൻസാ ഹോസ്റ്റൽ, എസ്.എച്ച് ഹോസ്റ്റൽ എന്നിവിടങ്ങളിലും പാർക്കു ചെയ്യാവുന്നതാണ്.

പൊതുനിർദ്ദേശങ്ങൾ
1. മെയിൻ റോഡ് സൈഡിൽ നിയമവിരുദ്ധമായ ഒരുതരത്തിലുള്ള വാഹന പാർക്കിംഗുകളും അനുവദനീയമല്ല.
2. ഡിസംബർ 19 മുതൽ 23 വരെയുള്ള കൺവെൻഷൻ ദിനങ്ങളിൽ രാത്രി 9 മണി മുതൽ 9.45 മണി വരെ പാലായിൽ നിന്നും, കടപ്പാട്ടൂർ ബൈപാസ് വഴിയും കോട്ടയം ഭാഗത്തേയ്ക്കു പോകേണ്ട വാഹനങ്ങൾ കൊട്ടാരമറ്റം ആർ.വി. ജംങ്ഷനിൽ നിന്നു തിരിഞ്ഞ് പാലാ ബൈപാസ് വഴി പുലിയന്നൂരിലെത്തി പോകേണ്ടതാണ്. ആംബുലൻസ്, ഫയർഫോഴ്‌സ് വാഹനങ്ങൾക്ക് ഈ നിയന്ത്രണം ബാധകമല്ല.
3. കൺവെൻഷൻ കഴിഞ്ഞ് തിരിച്ച് കുറവിലങ്ങാട്, ഉഴവൂർ, രാമപുരം, തൊടുപുഴ പൊൻകുന്നം, ഈരാറ്റുപേട്ട ഭാഗങ്ങിലേക്കു പോകേണ്ട എല്ലാ സ്വകാര്യവാഹനങ്ങളും കൊട്ടാരമറ്റം എത്തി തിരിഞ്ഞ് പോകേണ്ടതാണ്.
4. എല്ലാ വലിയ വാഹനങ്ങളിലും അതത് ഇടവകയുടെ പേര് എല്ലാവരും കാണത്തക്കരീതിയിൽ പ്രദർശിപ്പിക്കേണ്ടതാണ്.
5. കൺവൻഷൻ കഴിഞ്ഞു മടങ്ങിപ്പോകുന്ന എല്ലാ വലിയ വാഹനങ്ങളും സെന്റ്. തോമസ് കോളേജിന്റെ മുൻപിൽ നിന്ന് ആളുകളെ കയറ്റി മരിയൻ ആശുപത്രി ജംഗ്‌ഷൻ എത്തി തിരിഞ്ഞ് ബൈപാസ് റോഡിൽക്കൂടി പോകേണ്ടതാണ്. വലിയ വാഹനങ്ങൾക്ക് അരുണാപുരത്തു നിന്നും കൊട്ടാരമറ്റം ഭാഗത്തേയ്ക്ക് നേരിട്ടുള്ള പ്രവേശനം അനുവദനീയമല്ല.
5. രോഗികൾ, മറ്റ് എമർജൻസി വാഹനങ്ങൾ സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിന്റെ മുൻവശത്ത് പാർക്കുചെയ്യുക.
6. ബഹു. വൈദികരുടെയും സിസ്റ്റേഴ്സിന്റെയും വോളണ്ടിയേഴ്സിന്റെയും വാഹനങ്ങൾ അരുണാപുരം പള്ളി ഓഡിറ്റോറിയത്തിന്റെ മുൻവശത്തും സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ട് കോമ്പൗണ്ടിലും പാർക്കു ചെയ്യാവുന്നതാണ്.
7. കൺവെൻഷൻ ഗ്രൗണ്ടിന്റെ സമീപമുള്ള ട്രാഫിക് ഓഫീസിൽ നിന്നും ആവശ്യമായ സഹായങ്ങൾ ലഭിക്കുന്നതാണ്.
8. കൺവൻഷൻ കഴിഞ്ഞു സെന്റ് തോമസ് കോളേജ് ക്യാമ്പസ്സിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ പുറത്തേയ്ക്കു പോകുമ്പോൾ അൽഫോൻസിയൻ പാസ്റ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഗേറ്റ് വഴി മാത്രമേ പുറത്തേയ്ക്ക് പോകാവൂ.
9. അരുണാപുരം പള്ളിയിലേയ്ക്കുള്ള വഴിയിൽ പാർക്കിംഗ് അനുവദിക്കുന്നതല്ല.

പാലാ ബിഷപ്സ് ഹൗസിൽ വച്ച് നടന്ന പത്രസമ്മേളനത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട് കൺവെൻഷൻ ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിച്ചു. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ജോസഫ് തടത്തിൽ, വികാരി ജനറാളന്മാരായ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് (ജനറൽ കോ-ഓർഡിനേറ്റർ), മോൺ. ജോസഫ് മലേപ്പറമ്പിൽ, മോൺ. ജോസഫ് കണിയോടിയ്ക്കൽ, റവ. ഫാ. ജോസഫ് മുത്തനാട്ട്, റവ. ഫാ. ജോസഫ് കുറ്റിയാങ്കൽ, രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ റവ. ഫാ. ജോസഫ് അരിമറ്റത്ത് (ജനറൽ കൺവീനർ), റവ. ഫാ. ആൽബിൻ പുതുപ്പറമ്പിൽ (വോളന്റിയേഴ്സ് ചെയർമാൻ), റവ. ഫാ. ജോർജ് നെല്ലിക്കുന്നുചെരിവുപുരയിടം, ജോർജുകുട്ടി ഞാവള്ളിൽ, പോൾസൺ പൊരിയത്ത് (പബ്ലിസിറ്റി കൺവീനേഴ്സ്), സണ്ണി പള്ളിവാതുക്കൽ, ജിമ്മിച്ചൻ ഇടക്കര, സോഫി വൈപ്പന തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

പാലാ രൂപത ബൈബിൾ കൺവൻഷൻ 19 ന് ജോർജ് ആലഞ്ചേരി പിതാവ് ഉദ്‌ഘാടനം നിർവഹിക്കും :രൂപതയുടെ കുടുംബ സമ്മേളനമായ ഈ ബൈബിൾ കൺവെൻഷൻ എല്ലാ ഇടവകകളിൽ നിന്നും വിശ്വാസ സമൂഹം ഒരുമിച്ചുചേരുന്ന ഏറ്റവും വലിയ ആത്മീയ സംഗമവും ആഘോഷവുമാണ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top