
പാലാ: തദ്ദേശ തെരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്താൽ എൽ.ഡി.എഫ് ലീഡ് ചെയ്ത മണ്ഡലമാണ് പാലാ എന്നും ഈ വസ്തുത മറച്ചു വച്ചുള്ള പ്രചാരണമാണ് ചില നിക്ഷ്പ്ത കേന്ദ്രങ്ങൾ ആസൂത്രണം ചെയ്ത് പ്രചരിപ്പിക്കുന്നതെന്നും കേരള കോൺഗ്രസ് (എം) മീഡിയാ സെൽ കൺവീനർ ജയ്സൺമാന്തോട്ടം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനു ലഭിച്ച 15000-ൽ പരവും അടുത്തു നടന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിച്ച 10000-ൽ പരം ലീഡും ഇപ്പോൾ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ .എൽ.ഡി.എ.ഫ് മറികടന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പു നടന്ന പാലാ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന കിടങ്ങൂർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ യു.ഡി.എഫിൽ നിന്നും വലിയ ഭൂരിപക്ഷത്തിൽ തിരിച്ചുപിടിക്കുകയും ഭരണങ്ങാനം, രാമപുരം പഞ്ചായത്ത് ഉൾപ്പെടുന്ന ഉഴവൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ നിലനിർത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
പാലാ നഗരസഭയിൽ 1175 വോട്ടിൻ്റെ മികച്ച ലീഡാണ് എൽ.ഡി.എഫ് നേടിയത്. കിടങ്ങൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ മുത്താലിയിൽ 1534 വോട്ടിൻ്റെയും കൊഴുവനാലിൽ 647 വോട്ടിൻ്റെയും ലീഡ് എൽ.ഡി.എഫിന് ലഭിച്ചു.