
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ നേട്ടം കൊയ്തപ്പോൾ, എൽഡിഎഫിന് നേരിട്ടത്ത് കനത്ത തിരിച്ചടിയായിരുന്നു. ഈ തിരിച്ചടിയ്ക്കിടയിലും തല ഉയർത്തി നിൽക്കുകയാണ് കേരള കോൺഗ്രസ് എം. കോട്ടയം നിയോജക മണ്ഡലത്തിൽ തങ്ങളുടെ കരുത്ത് തെളിയിച്ചാണ് കേരള കോൺഗ്രസ് എം കുതിയ്ക്കുന്നത്. നിയോജക മണ്ഡലത്തിൽ എൽഡിഎഫിലെ മറ്റെല്ലാ കക്ഷികൾക്കും സീറ്റ് കുറഞ്ഞപ്പോൾ കനത്ത തോൽവി സംഭവിക്കാതെയാണ് കേരള കോൺഗ്രസ് നിൽക്കുന്നത്.
കോട്ടയം നഗരസഭയിൽ കഴിഞ്ഞ തവണ കേരള കോൺഗ്രസിന് ഒരു സീറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ഇക്കുറി രണ്ട് സീറ്റിൽ വിജയിച്ചാണ് കേരള കോൺഗ്രസ് നേട്ടമുണ്ടാക്കിയത്. കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് ജോജി കുറത്തിയാടൻ ശക്തമായ മത്സരത്തിനൊടുവിൽ നഗരസഭയിലേയ്ക്ക് വിജയിച്ചത് ഇരട്ടിമധുരമായി.
കോട്ടയം നഗരസഭയിൽ സിപിഎമ്മിനും സിപിഐയ്ക്കും സീറ്റ് നഷ്ടം സംഭവിച്ചപ്പോഴാണ് കഴിഞ്ഞ തവണത്തേ സീറ്റ് നില കേരള കോൺഗ്രസ് വർദ്ധിപ്പിച്ചത്. സിപിഐക്ക് കഴിഞ്ഞതവണ മൂന്ന് സീറ്റ് ഉണ്ടായിരുന്നിടത്ത് ഇപ്രാവശ്യം ഒരു സീറ്റിലേക്ക് ഒതുങ്ങി ബിജെപി ആകട്ടെ എട്ട് സീറ്റിൽ നിന്ന് 6 സീറ്റിലേക്ക് ഒതുങ്ങി. കഴിഞ്ഞ തവണ സീറ്റില്ലാതിരുന്ന പനച്ചിക്കാട് പഞ്ചായത്തിൽ എൽഡിഎഫിന് വേണ്ടി കേരള കോൺഗ്രസ് ഒരു സീറ്റ് വിജയിച്ചു. ഇത്തരത്തിൽ മോശമല്ലാത്ത പ്രകടനം നടത്തിയാണ് കേരള കോൺഗ്രസ് എം ഇക്കുറി കോട്ടയം നിയോജക മണ്ഡലത്തിൽ തല ഉയർത്തി നിൽക്കുന്നത്.