
പഞ്ചായത്ത് – മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) തകർന്നുപോയി എന്ന പ്രചാരണം മനപ്പൂർവമായ നുണപ്രചാരണമാണെന്നും, കോട്ടയം ജില്ലയിൽ യുഡിഎഫ് മുന്നേറ്റത്തിലും കേരള കോൺഗ്രസ് (എം) അതിന്റെ സംഘടന ശേഷി കൊണ്ടാണ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനായതെന്ന് ജില്ല പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു വിലയിരുത്തി പറഞ്ഞു. ഉദാഹരണമായി പാലാ നിയോജക മണ്ഡലത്തിൽ ഗ്രാമപഞ്ചായത്ത് – മുനിസിപ്പൽ വാർഡുകളിൽ യുഡിഎഫ് 91 സീറ്റുകൾ നേടിയപ്പോൾ എൽഡിഎഫിന് 87 സീറ്റുകൾ ലഭിച്ചു. പാലാ മുൻസിപ്പാലിറ്റിയിൽ കഴിഞ്ഞ പ്രാവശ്യം നേടിയ 10 സീറ്റുകളും രണ്ടിലയിൽ നിലനിർത്തി. ഒന്ന് കുറി ഇട്ടാണ് നഷ്ടപ്പെട്ടത്.
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ പൂർണ്ണമായും പാലാ നിയോജക മണ്ഡലത്തിൽവരുന്ന ഭരണങ്ങാനം ഡിവിഷൻ നിലനിർത്തി. ഉഴവൂർ ഡിവിഷൻ കേരള കോൺഗ്രസ് (എം) ജയിച്ചപ്പോൾ അതിൽ വരുന്ന രാമപുരം പഞ്ചായത്ത് പാലാ നിയോജക മണ്ഡലത്തിൽ പെട്ടതാണ്. കിടങ്ങൂർ ഡിവിഷൻ കേരള കോൺഗ്രസ് (എം) ഇത്തവണ തിരിച്ചുപിടിച്ചതാണ്, ആ ഡിവിഷനിൽ വരുന്ന കൊഴുവനാൽ, മുത്തോലി, കരൂർ പഞ്ചായത്തിന്റെ വള്ളിച്ചിറ ബ്ലോക്ക് പ്രദേശം എന്നിവ പാലാ നിയോജക മണ്ഡലത്തിൽ വരുന്ന പഞ്ചായത്തുകളാണ്. ഇങ്ങനെ പാലാ നിയോജകമണ്ഡലത്തിലെ ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും ജില്ലാ പഞ്ചായത്തിലും, മുൻസിപ്പാലിറ്റിയിലും പാർട്ടിക്ക് സീറ്റുകൾ ജയിക്കാൻ കഴിഞ്ഞു. പാലായിൽ തന്നെ കഴിഞ്ഞ പ്രാവശ്യം ബി.ജെ.പി ഭരിച്ച മുത്തോലി പഞ്ചായത്ത് ഇത്തവണ എൽ.ഡി.എഫ് ഭരിക്കും അവിടെ കേരള കോൺഗ്രസ് എമ്മിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ട്.
അതുപോലെ പാലായിലെ ഭരണങ്ങാനം പഞ്ചായത്ത് ഇത്തവണ എൽഡിഎഫ് തിരിച്ചു പിടിച്ചു. ഇതേപോലെ കഴിഞ്ഞ പ്രാവശ്യം യുഡിഎഫ് ഭരിച്ച കുറവിലങ്ങാട് പഞ്ചായത്ത് ഇത്തവണ കേരള കോൺഗ്രസ് (എം) ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയിട്ടുണ്ട്. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കഴിഞ്ഞ 20 വർഷമായി യുഡിഎഫ് ഭരിക്കുന്ന തീക്കോയി പഞ്ചായത്ത് ഇത്തവണ എൽഡിഎഫ് ഭരിക്കും. ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലും കേരള കോൺഗ്രസ് (എം) സീറ്റ് നിലനിർത്തുകയും ചെയ്തിട്ടുണ്ട്.എൽഡിഎഫ് ന് കഴിഞ്ഞ പ്രാവശ്യത്തെ അപേക്ഷിച്ചു സീറ്റ് കൂടുതലുമാണ്. കോട്ടയം ജില്ലയിൽ പഞ്ചായത്തുകൾ നഷ്ടപ്പെട്ടപ്പോഴും 7 പഞ്ചായത്തുകൾ യുഡിഎഫിൽ നിന്നും തിരിച്ചുപിടിച്ചിട്ടുണ്ട് അപ്പോൾ ആ പഞ്ചായത്തുകളിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നില്ലേ
പാലാ നിയോജക മണ്ഡലത്തിലെ കിഴക്കൻ മേഖല പഞ്ചായത്തുകൾ ആയ ഭരണങ്ങാനം തലപ്പലം മേലുകാവ് മൂന്നിലവ് തലനാട് പഞ്ചായത്തുകളിൽ ഇത്തവണ സീറ്റുകൾ കൂടുകയാണ് ചെയ്തത്. പാലായിൽ കഴിഞ്ഞ പ്രാവശ്യം വാർഡുകൾ 44 ആയിരുന്നത് 47 ആയി കൂടി. കോട്ടയത്ത് സീറ്റുകൾ കൂടി (1 – 3), ഏറ്റുമാനൂരിൽ സീറ്റുകൾ നിലനിർത്തി (8 – 8) പൂഞ്ഞാറിൽ 17 എന്നത് 12 ആയി. കാഞ്ഞിരപ്പള്ളിയിൽ 18 – 9 ആയി. ചങ്ങനാശേരിയിൽ 13 – 10 ആയി, വൈക്കത്ത് 8 അഞ്ചായും കുറഞ്ഞു. കടുത്തുരുത്തിയിൽ 51 – 34 ആയി കുറയുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ പ്രാവശ്യം 208 സീറ്റ് വിജയിച്ചിടത്ത് ഇത്തവണ 152 ആയി കുറയുക മാത്രമേ ചെയ്തിട്ടുള്ളൂ. കൂടാതെ ബിജെപിക്ക് ഉണ്ടായ മുന്നേറ്റം യുഡിഫ് നു തുണയായി എന്നതു യാഥാർഥ്യവും ആണ്.