Kerala

വോട്ടു രേഖപ്പെടുത്തല്‍ എങ്ങനെ അറിയേണ്ടതെല്ലാം :തുടർന്ന് വായിക്കുക

 

1) ത്രിതല പഞ്ചായത്തിൽ ഓരോ വോട്ടറും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്ക് ഓരോ വോട്ട് വീതം, മൊത്തം മൂന്ന് വോട്ട് രേഖപ്പെടുത്തണം.

2) ബാലറ്റ് യൂണിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

3) ആദ്യത്തെ ബാലറ്റ് യൂണിറ്റില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നങ്ങളുമുള്ള വെള്ള നിറത്തിലുള്ള ബാലറ്റ് ലേബല്‍ ഉണ്ടാകും.

4) വോട്ടര്‍ താന്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിന് നേരെയുള്ള ബട്ടണ്‍ അമര്‍ത്തണം.

5) ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഒരു ബീപ് ശബ്ദം കേള്‍ക്കുകയും സ്ഥാനാര്‍ഥിയുടെ ബട്ടണിന് നേരെയുള്ള ലൈറ്റ് തെളിയുകയും ചെയ്യും. ഇത് വോട്ട് ആ സ്ഥാനാര്‍ഥിക്ക് രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കുന്നു.

6) മറ്റ് രണ്ട് തലങ്ങളിലേക്കുമുള്ള വോട്ടുകളും മുകളില്‍ പറഞ്ഞ രീതിയില്‍ തന്നെ രേഖപ്പെടുത്തണം. ബ്ലോക്ക് പഞ്ചായത്തിനുള്ള ബാലറ്റ് ലേബലുകള്‍ പിങ്കി നിറത്തിലും ജില്ലാ പഞ്ചായത്തിനുള്ളത് നീലയുമാണ്.

7) മൂന്നു തലങ്ങളിലേക്കുമുള്ള വോട്ട് രേഖപ്പെടുത്തല്‍ ശരിയായ രീതിയില്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഒരു നീണ്ട ബീപ് ശബ്ദം കേള്‍ക്കാം.

8) ഒന്നോ രണ്ടോ തലങ്ങളിലേക്ക് വോട്ട് ചെയ്യാതെ ഒഴിവാക്കാന്‍ വോട്ടര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവസാനത്തെ ബാലറ്റ് യൂണിറ്റിലെ ചുവന്ന എന്‍ഡ് ബട്ടണ്‍ (END BUTTON) അമര്‍ത്തി വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാക്കണം. എന്‍ഡ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ പ്രക്രിയ പൂര്‍ത്തിയായതായി സൂചിപ്പിച്ചുകൊണ്ട് ഒരു നീണ്ട ബീപ് ശബ്ദം ഉണ്ടാകും.

9) ഒന്നോ രണ്ടോ തലങ്ങളിലെ വോട്ട് ഒഴിവാക്കി വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുമ്പോള്‍ മാത്രമേ എന്‍ഡ് ബട്ടണ്‍ ഉപയോഗിക്കാന്‍ പാടുള്ളൂ.

10) മൂന്ന് തട്ടുകളിലേക്കുമുള്ള വോട്ട് രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തേണ്ട ആവശ്യമില്ല.

11) വോട്ടര്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ ഒരു തട്ടിലേക്കും വോട്ട് രേഖപ്പെടുത്താന്‍ കഴിയില്ല.

12) രണ്ട് ബട്ടണുകള്‍ ഒരേ സമയം അമര്‍ത്തിയാല്‍ ഒരു വോട്ടേ രേഖപ്പെടുത്തുകയുള്ളൂ. ഒരു ബട്ടണ്‍ ഒന്നിലധികം തവണ അമര്‍ത്തിയാലും ഒരു വോട്ടേ രേഖപ്പെടുത്തുകയുള്ളൂ.

14) വോട്ടിംഗ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടോ സംശയമോ ഉണ്ടെങ്കില്‍ പോളിംഗ് ഉദ്യോഗസ്ഥരെ അറിയിക്കണം.
അവര്‍ വോട്ടറെ സഹായിക്കാന്‍ ബാധ്യസ്ഥരാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top