പാലാ :മുത്തോലി :വ്യത്യസ്തമായ പ്രചാരണവും ,വ്യത്യസ്തമായ വാഗ്ദാനവുമായി ഒരു സ്ഥാനാർഥി.തോപ്പിൽ സൂസമ്മ തോമസ് മുത്തോലി പഞ്ചായത്തിൽ ജന മനസുകൾ കീഴടക്കുകയാണ് .കപട വാഗ്ദാനങ്ങളില്ല .പക്ഷെ സൂസമ്മ ഒന്നേ പറയുന്നുള്ളൂ.താൻ വിജയിച്ചാൽ തനിക്കു ലഭിക്കുന്ന ശമ്പളം ജനങ്ങൾക്കായി വിനിയോഗിക്കും .

കോട്ടയം ജില്ലയിലെ തന്നെ നീന്തൽ പരിശീലന കേന്ദ്രമാണ് പാലായിലെ തോപ്പൻ നീന്തൽ അക്കാദമി .അവിടെ താൻ വിജയിച്ചാൽ മുത്തോലി പഞ്ചായത്തിലെ മുഴുവൻ കുട്ടികൾക്കും സൗജന്യ നീന്തൽ പരിശീലനം നൽകുമെന്നാണ് മറ്റൊരു വാഗ്ദാനം .നീന്തൽ കൊണ്ട് ജീവിത വിജയം നേടിയവർ ധാരാളമുണ്ട് ഈ നാട്ടിൽ ,അവരുടെ ജീവിത വിജയം പഞ്ചായത്തിലെ മറ്റുള്ളവരും മാതൃകയാക്കണമെന്നാണ് സൂസമ്മ തോമസ് പറയുന്നത് .
വേറിട്ട പ്രചാരണ ശൈലി നാട്ടുകാരിലും ആകർഷണീയത സൃഷ്ടിച്ചിട്ടുണ്ട് . പ്രചാരണ പ്രവർത്തനവുമായി എവിടെ ചെന്നാലും നാട്ടുകാരുടെ സ്നേഹ മസൃണമായ ഇടപെടീൽ തന്നെ തനിക്കു വിജയം ഉറപ്പാണെന്ന് സൂസമ്മ തോമസ് അഭിപ്രായപ്പെട്ടു .നാട്ടുകാർക്കുള്ള അഭ്യര്ഥനയിൽ സൂസൻ തോമസ് താൻ നടപ്പാക്കുന്ന കാര്യങ്ങൾ അക്കമിട്ടു നിരത്തുന്നുണ്ട് .

1 ഈ വാർഡിൽ നല്ലൊരു നടപ്പുവഴി പോലുമില്ലാത്ത കുറേയേറെ ഭവനങ്ങളുണ്ടെന്നത് എന്നെ ദുഃഖിതയാക്കി.
2. തെരഞ്ഞെടുപ്പു കാലമായിട്ടു പോലും യാത്ര ചെയ്യാനുതകാത്ത വിധത്തിൽ പൊട്ടിപ്പൊളിഞ്ഞ പല റോഡുകളും കാണുവാനിടയായി.
ا3. റോഡിന്റെ വശങ്ങൾ കാടു പിടിച്ചും ക്ഷുദ്ര ജീവികൾ നിറഞ്ഞും പലയിടങ്ങളിലും വൃത്തിഹീനമായി കാണപ്പെട്ടു.
4. മറ്റു ചില ഭാഗങ്ങൾ വഴി വിളക്കുകളില്ലാതെ അന്ധകാരത്തിൽ ഭയാനകമായിരുന്നു.
5. തെരുവുനായ്ക്കളുടെ ശല്യം കാൽനടയാത്രക്കാരുടെ സ്വൈര്യം കെടുത്തുന്ന നിലയിൽ കാണപ്പെട്ടു.
6. മനോഹരമായിരുന്ന പൂവരണി അമ്പലത്തിൻ്റെ ആറാട്ടു കടവായ മുണ്ടക്കൽ കടവ് തകർന്ന് നാശോന്മുഖമായിരിക്കുന്നു.
ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എനിക്ക് ഒരു വോട്ട് നൽകി വിജയിപ്പിച്ചാൽ മേൽപറഞ്ഞ പ്രശ്നങ്ങൾക്കെല്ലാം നിങ്ങളോടൊപ്പം നിന്ന് എന്നാലാവും വിധമുള്ള പരിഹാരം കാണുവാൻ ആത്മാർത്ഥമായി ശ്രമിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു.
തെരഞ്ഞെടുക്കപ്പെട്ടാൽ എല്ലാമാസവും എനിക്ക് ലഭിക്കുന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും അടുത്ത അഞ്ചു വർഷവും ഈ വാർഡിന്റെ പുനർ നിർമ്മാണത്തിനും ജനക്ഷേമ പദ്ധതികൾക്കുമായി ചെലവാക്കുമെന്നും ഉറപ്പു നൽകുന്നു.
വെള്ളിയേപ്പള്ളി ഗവ എൽപിഎസ് ലെ മുഴുവൻ കുട്ടികൾക്കും മറ്റു 30 കുട്ടികൾക്കും, ഓണത്തിനും ക്രിസ്മസിനും ഞങ്ങൾ നടത്തിവരുന്ന സൗജന്യ നീന്തൽ പരിശീലനം പഞ്ചായത്തിലെ മുഴുവൻ സ്കൂൾ കുട്ടികളിലേക്കും വ്യാപിപ്പിക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നു. മത്സരനീന്തൽപരിശീലനം ആഗ്രഹിക്കുന്നവർക്കും അവസരമൊരുക്കും. നീന്തലിലൂടെ ജീവിത വിജയം നേടിയ അനേകം പേർ, ജീവിക്കുന്ന സാക്ഷ്യങ്ങളായി, നമ്മുടെ ഇടയിൽ തന്നെയുണ്ട്. നീന്തൽ അറിയില്ലാത്ത തിനാൽ ഒരു കുട്ടി പോലും അപകടത്തിൽ പെടരുത്. മോഹന വാഗ്ദാനങ്ങൾ നൽകുവാൻ എനിക്കറിയില്ല. എൻ്റെ വാക്കുകൾ നിങ്ങൾക്ക് വിശ്വസിക്കാം.