കാഞ്ഞിരപ്പള്ളിയിലെ യു ഡി എഫ് സ്ഥാനാർത്ഥിയുടെ പിടിവാശിയിൽ കോൺഗ്രസിന് നഷ്ടമായത് കുത്തക സീറ്റ് . കാഞ്ഞിരപ്പള്ളി ഇരുപത്തിയൊന്നാം വാർഡ് കഴിഞ്ഞ ലോക്സഭ ഇലക്ഷനിലും നിയമസഭാ ഇലക്ഷനിലും 600 ഓളം വോട്ടിന്റെ ലീഡ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചിരുന്നു. കേവലം രണ്ട് കുടുംബങ്ങൾ മാത്രമാണ് ജോസഫ് ഗ്രൂപ്പിന് ഇവിടെയുള്ളത് .

അതായത് തോമസ് കുന്നപ്പള്ളിയുടെ കുടുംബവും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൻറെ മണ്ഡലം പ്രസിഡണ്ടായ ഇപ്പോഴത്തെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്ന ജോയി മുണ്ടാമ്പള്ളിയുടെ കുടുംബവും മാത്രം അധിവസിക്കുന്ന ഈ വാർഡിൽ ബഹുഭൂരിപക്ഷം കോൺഗ്രസ് പ്രവർത്തകരുടെ എതിർപ്പിനെ മറികടന്ന് നേതൃത്വം ഈ സീറ്റ് വിട്ടു കൊടുത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട് .
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും പ്രമുഖ നേതാവായ രഞ്ജു തോമസിനെ വെട്ടിയൊതുക്കിയാണ് കുന്നപ്പള്ളി ഈ സീറ്റ് പിടിച്ചെടുത്തത് .രഞ്ജു തോമസ് സ്വതന്ത്രനായി മത്സരിക്കുമെന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. വാർഡ് കമ്മിറ്റി ഒന്നടങ്കം രഞ്ജുവിൻ്റെ പുറകിൽ അണിനിരക്കുകയാണ്. തോമസ് കുന്നപ്പള്ളിയുടെ ഭവനമുൾക്കൊള്ളുന്ന വാർഡിൽ തൻ്റെ മണ്ഡലം പ്രസിഡണ്ടിനെ എന്ത് വില കൊടുത്തും മൽസരിപ്പിക്കുമെന്ന വാശിയാണ് ഈ പിടിച്ചെടുക്കലിൽ കലാശിച്ചത്.

ആൻ്റോ ആൻ്റെണി യുടെ വിശ്വസ്ഥനായ രഞ്ജുവിന് സീറ്റ് കിട്ടാതിരിക്കാൻ മണ്ഡലം കമ്മിറ്റിയിലും ചരടുവലികൾ നടന്നതായാണ് വിവരം. മണ്ഡലം പ്രസിഡണ്ട് ഉൾപ്പെടെ ഒരു വിഭാഗം സീറ്റ് വിട്ടുകൊടുക്കുന്നതിൽ ചരടുവലി നടത്തിയെന്നുതാണ് വിവരം. ഇദ്ദേഹവും ഈ സീറ്റിൽ കണ്ണു വച്ചിരുന്നു. വരും ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത. കോൺഗ്രസ് നേതാവ് രഞ്ജു തോമസും വാർഡ് കമ്മിറ്റിയും ഏതായാലും നോമിനേഷൻ നൽകാനുള്ള തയ്യാറെടുപ്പിലാണ്. ഇത് സ്ഥിതി കൂടുതൽ വഷളാക്കും എന്ന് നേത്യത്വത്തിന് ആശങ്കയുണ്ട്.