കോട്ടയം :പാലായങ്കം :17: ഒരു കാലത്ത് സിപിഐ(എം) ന്റെ തീപ്പൊരി പ്രാസംഗികനായിരുന്നു വൈക്കം വിശ്വൻ.1980 ൽ പഞ്ചാബിലെ ലുധിയാനയിൽ ഡി വൈ എഫ് ഐ രൂപീകരിക്കുന്നതിന് മുൻപ് ഉണ്ടായിരുന്ന കേരളാ സ്റ്റേറ്റ് യൂത്ത് ഫെഡറേഷന്റെ(കെ എസ് വൈ എഫ് ) സംസ്ഥാന പ്രസിഡന്റും വൈക്കം വിശ്വനായിരുന്നു .അവിടെ നിന്നും ഉയർന്ന വൈക്കം വിശ്വൻ സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായും ,സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും ;എൽ ഡി എഫ് ഏകോപന സമിതിയുടെ കൺവീനർ വരെയായി .

1987 കാലഘട്ടത്തിൽ അദ്ദേഹമായിരുന്നു സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി.ആ കാലഘട്ടത്തിൽ നടന്ന തദ്ദേശ തെരെഞ്ഞെടുപ്പിൽ ഇന്നത്തെ ജില്ലാ പഞ്ചായത്ത് അന്നത്തെ ജില്ലാ കൗൺസിൽ ആയിരുന്നു .അന്നാണ് ലാലിച്ചൻ ജോർജ് കരൂർ ഉൾപ്പെടുന്ന മരങ്ങാട്ടുപള്ളി ഡിവിഷനിൽ മത്സരിക്കുകയും ;ജോയി നടുക്കരയോട് പരാജയപ്പെടുകയും ചെയ്തത് .അന്ന് എൽ ഡി എഫിലെ സീറ്റ് ചർച്ചയിൽ പരിഹൃതമാകാത്ത കേസുകൾ ജില്ലാ കമ്മിറ്റിക്കു വിടുകയായിരുന്നു .
സിപിഐ യുമായാണ് പ്രധാന തർക്കങ്ങൾ ഉണ്ടായിരുന്നത് .അന്ന് സിപിഐഎം പ്രാദേശിക നേതാക്കൾ വൈക്കം വിശ്വനോട് പറഞ്ഞിരുന്നത് .സിപിഐ ക്കു ഞങ്ങടെ പഞ്ചായത്തിൽ ആളില്ല അവർക്കു സീറ്റ് കൊടുക്കരുത് എന്നായിരുന്നു .അങ്ങനെ സിപിഐക്ക് സീറ്റ് ലഭിച്ചിരുന്നില്ല .തർക്കമുള്ള സീറ്റുകളിലെല്ലാം എൽ ഡി എഫ് തോറ്റ് തുന്നം പാടി.പ്രാദേശിക നേതാക്കൾ വൈക്കം വിശ്വനെ ചെന്ന് കണ്ടു പറഞ്ഞു .സിപിഐ ക്കാർ കാലുവാരി .അവർ യു ഡി എഫിന് വോട്ടു മറിച്ചു .

പ്രാദേശിക നേതാക്കളെല്ലാം ജില്ലാ സെക്രട്ടറിയുടെ പക്കൽ ചെന്ന് സിപിഐ ക്കെതിരെ പരാതി പറഞ്ഞപ്പോൾ വൈക്കം വിശ്വൻ പറഞ്ഞു .ആദ്യം നിങ്ങൾ പറഞ്ഞു സിപിഐ ക്കു ആളില്ലെന്ന് .സ്ഥാനാർഥി തോറ്റപ്പോൾ ഇപ്പോൾ പറയുന്നു സിപിഐ ക്കു ആളുണ്ടെന്നും അവർ കാലുവാരിയെന്നും.അന്നേ ഞാൻ പറഞ്ഞിരുന്നല്ലോ അവർക്കു രണ്ടു സീറ്റ് നൽകണം എന്ന് ,അന്ന് ഞാൻ പറഞ്ഞപ്പോൾ നിങ്ങൾ ആരും സമ്മതിച്ചില്ല.ഇടതു ജനാധിപത്യ ഐക്യം നമ്മളിൽ പലർക്കുമില്ല അതാണ് പ്രശ്നം .അന്നത്തെ വൈക്കം വിശ്വന്റെ പരാമർശം 47 വര്ഷം കഴിഞ്ഞിട്ടും പാലായിലെ സീറ്റ് വിഭജന തർക്കങ്ങളിലും പ്രസക്തമാവുകയാണ് .
പാലായിലെ സീറ്റ് വിഭജന തർക്കങ്ങളിൽ ചെറുകക്ഷികളെ പരിഗണിക്കേണ്ടതില്ല എന്ന നിലപാടായിരുന്നു തുടക്കത്തിലേ സിപിഐഎം നും ,കേരളാ കോൺഗ്രസ് എമ്മിനും ഉണ്ടായിരുന്നത് .സിപിഐ ക്കു എന്തേലും കൊടുത്തിട്ട് നമ്മൾക്ക് വീതിച്ചെടുക്കാം എന്ന നിലപാടിൽ കേരളാ കോൺഗ്രസ് എമ്മും യോജിച്ചു.പല പഞ്ചായത്തിലും സീറ്റുകളുടെ എണ്ണം കൂടിയെങ്കിലും അതും ഇരുവരും വീതിച്ചെടുക്കുന്ന ധാർഷ്ട്യമാണ് ഇരു കക്ഷികളും പുലർത്തിയത് .അങ്ങനെ വന്നപ്പോൾ എൻ സി പി യുടെ ബെന്നി മൈലാടൂരിനും ;ആർ ജെ ടിയുടെ പീറ്റർ പന്തലാനിക്കും ,കേരളാ കോൺഗ്രസ് ബി യുടെ ഔസേപ്പച്ചൻ ഓടയ്ക്കലിനും ;പ്രശാന്ത് നന്ദകുമാറിനും ;ജനതാദൾ എസ്സിന്റെ രമേശ് ബാബുവിനും;ഡോക്ടർ തോമസ് കാപ്പനും ,കേരളാ കോൺഗ്രസ് സ്കറിയാ വിഭാഗത്തിന്റെ പ്രൊഫസർ ഷാജി കടമലയ്ക്കും ഒക്കെ സീറ്റ് ചർച്ചയിൽ പോലും ഇടം കിട്ടിയില്ല .
തിരുവനന്തപുരം കാരുടെ ഭാഷയിൽ പറഞ്ഞാൽ ചീള് കേസ് എന്ന നിലപാടാണ് സിപിഐഎം ;കേരളാ കോൺഗ്രസ് എം എന്നീ കക്ഷികൾ വച്ച് പുലർത്തുന്നത് .ഇതിൽ ഒരു ഹിഡൻ അജണ്ടയും ഒളിഞ്ഞിരിപ്പുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു .ഇടതു കക്ഷിയിലെ പല നേതാക്കളും ഇപ്പോഴും മാണി സി കാ പ്പനുമായി വളരെ അടുത്ത സൗഹൃദത്തിലാണ് .ആ സൗഹൃദം കഴിഞ്ഞ നിയമ സഭാ തെരെഞ്ഞെടുപ്പിൽ കാപ്പന് ഗുണം ചെയ്തിരുന്നു .നിയമസഭാ തെരെഞ്ഞെടുപ്പ് മുറുകി നിന്നപ്പോൾ പാലാ മുൻസിപ്പൽ കൗൺസിലിൽ ഭരണ പക്ഷത്തെ രണ്ടു കൗൺസിലർമാർ തമ്മിൽ അടികൂടിയതും ജോസ് കെ മാണിയെ തോൽപ്പിക്കുക എന്ന ചില കേന്ദ്രങ്ങളുടെ അജണ്ടയുടെ ഭാഗമായിരുന്നു .അന്ന് ഇടതുപക്ഷത്തുണ്ടായിരുന്ന ചില കൗൺസിലർമാരുടെ കുതന്ത്രത്തിൽ കേരളാ കോൺഗ്രസിലെ ഒരു കൗൺസിലർ അറിയാതെ ചെന്ന് വീഴുകയായിരുന്നു .അന്നത് ജോസ് കെ മാണിക്ക് കനത്ത വോട്ട് ചോർച്ചയാണ് ഉണ്ടാക്കിയത് .
ഇന്ന് ചെറു കക്ഷികളെ എൽ ഡി എഫ് പരിഗണിക്കാത്തത് ഫലത്തിൽ ചില കേന്ദ്രങ്ങളുടെ സൃഗാല തന്ത്രമാണെന്നത് ജോസ് കെ മാണി വിഭാഗം അറിയുന്നില്ല .അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൽ ജോസ് കെ മാണി വിരോധം കുത്തി പൊക്കാനുള്ള ചില കേന്ദ്രങ്ങളുടെ കുതന്ത്രത്തിൽ കേരളാ കോൺഗ്രസ് എമ്മും വീഴുന്ന കാഴ്ചയാണ് ഇവിടെ സംഭവിക്കുന്നത് .അതായത് കഴിഞ്ഞ നിയമ സഭാ തെരെഞ്ഞെടുപ്പിനു മുൻപ് പാലാ നഗരസഭയിൽ ഭരണകക്ഷിയിലെ രണ്ടംഗങ്ങൾ തമ്മിൽ അടിയുണ്ടായപ്പോൾ കൊണ്ടത് ജോസ് കെ മാണിക്കാണ്.ജോസ് കെ മാണി ഒരു അഹങ്കാരിയാണെന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നതിൽ ചില ഭരണ കക്ഷി നേതാക്കളും കൂടിയിരുന്നു .അങ്ങനെ എല്ലാം ചേർന്നപ്പോഴാണ് ജോസ് കെ മാണി തോറ്റത്.ആ തന്ത്രങ്ങളുടെ മുന ഒടിഞ്ഞിട്ടില്ല ഇപ്പോഴും . മുന കൂർപ്പിക്കേണ്ടവർ പണി തുടങ്ങി കഴിഞ്ഞു .ജോസ് കെ മാണിയെക്കൊണ്ട് തന്നെ ജോസ് കെ മാണിയെ തീർക്കുക എന്ന സൃഗാല തന്ത്രമാണ് ഇപ്പോൾ പാലാ എൽ ഡി എഫിൽ നടക്കുന്നത് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ