
പാലാ ;മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ 2010 മുതൽ 2025 വരെ കാലയളവിൽ കുര്യനാട്-കോലത്താംകുന്ന്, കുര്യനാട് കുരിശുംതാഴത്ത് എന്നീ പേരുകളിൽ ആസ്തി രജിസ്റ്ററിൽ ചേർത്തിട്ടുള്ള റോഡുകൾക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച് ലഭിച്ച മറുപടി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ഈ കാലയളവിൽ ഈ റോഡുകൾക്ക് യാതൊരു തുകയും ചിലവഴിച്ചിട്ടില്ല. ആസ്തി രജിസ്റ്ററിൽ ഈ റോഡുകളുടെ പേരുകൾ ചേർത്തിരിക്കുന്നത് 2004 എന്നാണ് നിർമ്മാണ വർഷമായി രേഖപ്പെടുത്തിയിരിക്കുന്നത്. അക്കാലത്ത് പഴയ ആസ്തി രജിസ്റ്റർ ഡിജിറ്റൽ രീതിയിൽ അപ്ഡേറ്റ് ചെയ്തത് പൊതുമരാമത്ത് വകുപ്പിൽ നിന്നും ഡിപ്ലോയ് ചെയ്ത് വന്ന താത്കാലികമായി നിയമിക്കപ്പെട്ട എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ് ഡേറ്റാ എൻട്രി ചെയ്തത്. ഇവർക്ക് പറ്റിയ പിഴവ് ആയിട്ട് ഈ റോഡിന് 2400000/- രൂപയും കലുങ്കിന് 30000/- രൂപയും ചെലവഴിച്ചതായി തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നതിന്റെ കാരണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ പാലാ പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഡേറ്റാ എൻട്രിയിൽ സംഭവിച്ച തെറ്റിന് ഭരണസമിതിയെ കുറ്റപ്പെടുത്തുന്നത് അടിസ്ഥാന രഹിതമാണ്. വ്യക്തികളുടെ സ്വാർത്ഥ താത്പര്യങ്ങളുടെ പേരിൽ ഭരണസമിതിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നതിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെടുന്നു.മരങ്ങാട്ടുവിള്ളി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ കുര്യനാട് ഭാഗത്തുനിന്നും കോലത്താകുന്ന് നിവാസികൾ ഉപയോഗിച്ചുവരുന്ന രണ്ട് റോഡുകളാണ് കുര്യനാട് കോലത്താംകുന്ന് റോഡും പെരുമറ്റത്തുംപുഴ കോലത്താംകുന്ന്റോഡും.

ഇവ രണ്ടും വർഷങ്ങളായി പൊതു ഉപയോഗത്തിലുള്ള റോഡുകൾ എന്ന നിലയിൽ ഗ്രാമപഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെട്ടവയുമാണ് പഞ്ചായത്തുകളുടെ ആസ്തി രജിസ്റ്റുകൾ ഡിജിലറ്റൈസ് ചെയ്യണമെന്ന് നിർദ്ദേശത്തിന് അടിസ്ഥാനത്തിൽ ഡിജിറ്റൽ ആസ്തി രജിസ്റ്റർ തയ്യാറാക്കിയപ്പോൾ രണ്ട് റോഡുകളും ആസ്തിയുടെ ഭാഗമായി ഉൾപ്പെടുകയുണ്ടായി. ഇതിൽ പെരുമറ്റത്തുംപുഴ കോലത്താംകുന്ന് റോഡിന് പല വർഷങ്ങളിലായി വിവിധ ഇനത്തിൽ ഉള്ള ഫണ്ടുകൾ വിനിയോഗിക്കുകയും പാലം, ടാറിങ് മുതലായ പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ കുര്യനാട് എസ്.എൻ.ഡി.പി ജംഗ്ഷൻ മുതൽ പള്ളിമല ഭാഗത്തേക്കുള്ള റോഡിലെ പ്രവർത്തികൾ ഒന്നും നടത്തുകയോ പണം ചെലവഴിക്കുകയും ചെയ്തിട്ടില്ല. റോഡിന്റെ വികസനത്തിന് എതിര് നിൽക്കുന്നത് മാത്രമല്ല, റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തുന്നതിനും നിലവിൽ ആരോപണം ഉന്നയിക്കുന്ന വ്യക്തി ശ്രമിച്ചിട്ടുള്ളതും റോഡ് കേസുകൾ നിലവിലുണ്ടായിരുന്നതുമാണ്. ഉപയോഗിക്കുന്ന തീർത്തും സാധുക്കളും സാധാരണക്കാരുമായ ജനങ്ങളുടെ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് കോൺക്രീറ്റ് അഭ്യർത്ഥന പ്രകാരം ചെയ്യുന്നതിനെക്കുറിച്ച് പ്രാഥമിക ആലോചന നടത്തിയപ്പോൾ തന്നെ ടി വ്യക്തി എതിർപ്പ് പ്രകടിപ്പിക്കുകയുണ്ടായി.
റോഡ് നന്നാവുന്നതിലുള്ള അസഹിഷ്ണുത മൂലം കുപ്രചരണങ്ങൾ നടത്തി അനാവശ്യമായ പരാതികളും നൽകി പാവപ്പെട്ടവരുടെ സഞ്ചാരമാർഗത്തെ തടയാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. കുര്യനാട് കോലത്താംകുന്ന് റോഡ് ഇരുപതോളം കുടുംബങ്ങളുടെയും എസ്.എൻ.ഡി.പി ഗുരുമന്ദിരത്തിന്റെയും ഉപയോഗത്തിനുള്ള റോഡാണ്. അദ്ദേഹം ആരോപിക്കുന്നതു പോലെ ടി റോഡിന് വേണ്ടി ഏതെങ്കിലും പ്രവർത്തി നടത്തിയതായോ ഏതെങ്കിലും തരത്തിൽ പണം മാറുകയോ ചെയ്തിട്ടുണ്ടെങ്കിൽ ആയത് വിജിലൻസ് പരിശോധനയിൽ കണ്ടെത്തേണ്ടതായിരുന്നു. മുഖ്യമന്ത്രിക്കും വിജിലൻസിനും നൽകിയ പരാതി സംബന്ധമായി വിജിലൻസും, തദ്ദേശ സ്വയംഭരണ വകുപ്പും പല തവണ പരിശോധന നടത്തിയിട്ടുള്ളതും യാതൊരുവിധ അഴിമതിയും കണ്ടെത്തിയിട്ടില്ലാത്തതുമാണ്.
ടേക്ക് എ ബ്രേക്ക് സംബന്ധമായി സർക്കാരിൻ്റെ എല്ലാവിധ നിർദ്ദേശങ്ങളും പാലിച്ചു കൊണ്ടാണ് പദ്ധതി തയ്യാറാക്കി, എല്ലാവിധ അനുമതിയും ലഭ്യമാക്കി നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. നാളിത് വരെ നടത്തപ്പെട്ട വ്യവസ്ഥാപിത ഓഡിറ്റുകളിൽ ഒന്നും അഴിമതിയോ യാതൊരുവിധ ക്രമക്കേടോ കണ്ടെത്തിയിട്ടില്ല. ടേക്ക് എ ബ്രേക്ക് നടത്തിപ്പ് വാടകയ്ക്ക് എടുത്തിട്ടുള്ളവർക്ക് നേരിട്ട് പലവിധ അസൗകര്യങ്ങൾ മൂലമാണ് മുടങ്ങാനിടയായതെന്നും ഗ്രാമപഞ്ചായത് പ്രസിഡന്റ് പറഞ്ഞു..പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ ഗ്രാമപഞ്ചായത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ,വൈസ് പ്രസിഡന്റ് ഉഷ രാജു.മെമ്പർമാരായ സാബു അഗസ്റ്റിൻ,തുളസീദാസ്,ലിസ്സി ജോയി,ജോസഫ് ജോസഫ്,സാലിമോൾ ബെന്നി,പ്രസീദ സജീവ്,ലിസ്സി ജോർജ്,നിർമല ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു..