ചരക്ക് സേവന നികുതിയുടെ പരിഷ്‌കരണത്തിന് പിന്നാലെ മില്‍മ ഉത്പന്നങ്ങള്‍ക്കും വിലകുറയും. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയിലാണ് കുറവ് സംഭവിക്കുകയെന്ന് മില്‍മ അധികൃതരർ അറിയിച്ചു. പുതുക്കിയ ചരക്ക് സേവന നികുതി നിരക്കുകൾ പ്രാബല്യത്തില്‍ വരുന്ന തിങ്കളാഴ്ച മുതല്‍ വിലക്കുറവും നിലവില്‍ വരും. നെയ്യ്, വെണ്ണ, പനീര്‍ എന്നിവയുടെ വിലയില്‍ ഏഴ് ശതമാനത്തോളം കുറവാണ് ഉണ്ടാവുക. ഐസ്‌ക്രീമിന് 12 മുതല്‍ 13 ശതമാനം വരെ വിലക്കുറവ് ഉണ്ടാകും. പുതിയ നിരക്കുകൾ മില്‍മ അധികൃതർ പങ്കുവച്ചു.

ജിഎസ്ടി നിരക്കില്‍ മാറ്റം വന്നതോടെ മില്‍മ നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും. നിലവില്‍ 720 രൂപ വിലയുള്ള നെയ്യ് 675 രൂപയായി കുറയും. അരലിറ്റര്‍ നെയ്യിന് 370 രൂപയില്‍ നിന്നും 25 രൂപ കുറഞ്ഞ് 345 രൂപയാകും. നെയ്യിന്റെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചതാണ് വിലയിലെ മാറ്റത്തിന് കാരണം.
400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് ഇനിമുതല്‍ 225 രൂപയ്ക്ക് ലഭിക്കും. 240 രൂപയായിരുന്നു നേരത്തെ ഇതിന്റെ വില. 500 ഗ്രാം പനീറിന്റെ വില 245 രൂപയില്‍ നിന്ന് 234 രൂപയായി കുറയും. പനീറിനെ ജിഎസ്ടി നിരക്ക് ഒഴിവാക്കിയിട്ടുണ്ട്. മില്‍മ ഐസ്‌ക്രീമിന്റെ വിലയിലും മാറ്റം വരും. ഐസ്‌ക്രീം ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചിട്ടുണ്ട്. ഫ്‌ളേവേര്‍ഡ് പാലിന്റെ നികുതിയും 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറഞ്ഞിട്ടുണ്ട്. അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിയിരുന്ന യുച്ച്ടി പാലിന്റെ നികുതി ഒഴിവാക്കുകയും ചെയ്തതിന്റെ ഗുണവും വിലയില്‍ പ്രതിഫലിക്കും.
