Kerala

ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി പാലക്കാട് ശ്രീകൃഷ്ണപുരം വലംപിരിമംഗലം മൂര്‍ത്തിയേടത്ത് മന സുധാകരന്‍ നമ്പൂതിരി (59) തിരഞ്ഞെടുക്കപ്പെട്ടു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി പാലക്കാട് ശ്രീകൃഷ്ണപുരം വലംപിരിമംഗലം മൂര്‍ത്തിയേടത്ത് മന സുധാകരന്‍ നമ്പൂതിരി (59) തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ ഒന്നു മുതല്‍ അടുത്ത ആറ് മാസത്തേക്കാണ് നിയമനം. ബുധനാഴ്ച ഉച്ചപൂജ കഴിഞ്ഞ് ക്ഷേത്രം നട തുറന്ന ശേഷം നറുക്കെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്.

കൂടിക്കാഴ്ചയിലൂടെ യോഗ്യരെന്ന് കണ്ടെത്തിയ 51 അപേക്ഷകരുടെ പേരുകള്‍ ശ്രീലകത്തിന് മുന്നിലെ നമസ്‌ക്കാര മണ്ഡപത്തില്‍ വെള്ളിക്കുടത്തില്‍ നിക്ഷേപിച്ചു. ക്ഷേത്രംതന്ത്രി പി.സി.ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി കവപ്ര മാറത്ത് അച്യുതന്‍ നമ്പൂതിരി നറുക്കെടുത്തു. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.എസ് ബാലഗോപാല്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി.അരുണ്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. 63 അപേക്ഷകരില്‍ എട്ട് പേര്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയില്ല. നാലു പേര്‍ കൂടിക്കാഴ്ചയില്‍ അയോഗ്യരായി.

59 കാരനായ നിയുക്ത മേല്‍ശാന്തി എം എ, ബി.എഡ് ബിരുദധാരിയാണ്. ശ്രീകൃഷ്ണപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പലാണ്. എഴുത്തുകാരനും ഘടം, മൃദംഗം കലാകാരനുമാണ്. രണ്ട് കവിതാ സമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഭാര്യ: ഷാജിനി (റിട്ട.പ്രധാനധ്യാപിക, മണ്ണാര്‍ക്കാട് കല്ലടി ഹൈസ്‌കൂള്‍). മക്കൾ: സുമനേഷ്, നിഖിലേഷ് എന്നിവരാണ്.

ചുമതലയേറ്റെടുക്കുന്നതിന് മുന്നോടിയായി നിയുക്ത മേല്‍ശാന്തി 12 ദിവസം ക്ഷേത്രത്തില്‍ ഭജനമിരിക്കും. അതിനുശേഷം സെപ്റ്റംബര്‍ 30 ന് രാത്രി ചുമതലയേല്‍ക്കും. ആറു മാസം പുറപ്പെടാശാന്തിയായി ക്ഷേത്രത്തില്‍ തന്നെ താമസിച്ച് പൂജാകര്‍മങ്ങള്‍ നിര്‍വഹിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top