
കോട്ടയം:_വോട്ടർ പട്ടിക തീവ്ര പരിഷ്കരണം രാജ്യവ്യാപകമായി നടത്തുവാനുള്ള കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ നീക്കത്തിൽ അടിമുടി ദുരൂഹതയെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.ബീഹാറിൽ നടത്തിയ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിലൂടെ 65 ലക്ഷം വോട്ടർമാർക്കാണ് വോട്ടവകാശം നഷ്ടമായത്.ഇതു സംബന്ധിച്ച കേസ് സുപ്രീംകോടതിയിൽ ഇപ്പോഴും നടക്കുകയാണ്.
ഇതിൻ്റെ അന്തിമ വിധി വരുന്നതിനുമുമ്പ് എല്ലാ സംസ്ഥാനങ്ങളിലും വോട്ടർ പട്ടിക തീവ്ര പരിഷ്കരണം നടത്താനുള്ള കേന്ദ്ര ഇലക്ഷൻ കമ്മീഷൻ നീക്കം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.1987 ജൂലൈ മാസം ഒന്നിന് മുൻപ് ജനിച്ചവർ അവരുടെ മാതാപിതാക്കളുടെ ജനന സർട്ടിഫിക്കറ്റടക്കം രേഖയായി നൽകണമെന്നതാണ് കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശം.ഇതിനായി 11 രേഖകളുടെ പട്ടികയാണ് ഇലക്ഷൻ കമ്മീഷൻ നൽകിയിരിക്കുന്നത്. പന്ത്രണ്ടാം രേഖയായി ആധാർ കാർഡ് ഉൾപ്പെടുത്തണമെന്ന നിർദ്ദേശമാണ് സുപ്രീംകോടതി നൽകിയിരിക്കുന്നത്.

ഈ നിർദ്ദേശത്തെ ഇപ്പോൾ സുപ്രീംകോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന കേസിൽ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ ശക്തിയായി എതിർക്കുകയാണ്.വോട്ടർ പട്ടിക സംബന്ധിച്ച് ഏറെ ആരോപണങ്ങൾ ഉയർന്ന ബീഹാറിൽ 2003 ലാണ് അവസാനം വോട്ടർ പട്ടിക തീവ്ര പരിഷ്കരണം നടന്നത്.കേരളത്തിൽ ഇത് 2002ലാണ് അവസാനമായി നടന്നത്.2026 ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം ബീഹാർ ആവർത്തിക്കുമോയെന്ന ഭയപ്പാട് ജനങ്ങൾക്കുള്ളതെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.