പാലായങ്കം 13:പാലായിലെ രണ്ടാം വാർഡായ മുണ്ടുപാലത്ത് മുൻ ചെയർമാനും ഇപ്പോൾ ഒന്നാം വാർഡ് കൗൺസിലറുമായ ഷാജു വി തുരുത്തൻ വീടുകയറി വോട്ട് അഭ്യർത്ഥന തുടങ്ങി കഴിഞ്ഞു.മുന്നണി ഏതായാലും വോട്ട് നന്നായാൽ മതി എന്നാണ് തുരുത്തന്റെ ഭാഷ്യം.ഒന്നാം വാർഡിൽ സീറ്റ് വിഭജനവും ഒന്നും ആയില്ലെങ്കിലും തുരുത്തി വീട് കയറി വോട്ടഭ്യർത്ഥന നേരത്തെ തുടങ്ങി കഴിഞ്ഞു.കൂടെ ആളൊന്നും വേണ്ടാ രണ്ടു പേരും തന്നെയാണ് വീട് കയറുന്നത് .ഒന്നാം വാർഡിൽ തുരുത്തിയും ;രണ്ടാം വാർഡിൽ തുരുത്തനും മൂന്ന് റൗണ്ട് വീട് കയറി ഇനി സ്ലിപ്പ് കൊടുത്താൽ മാത്രം മതി .ചിഹ്നം ഒന്നും വിഷയമല്ല മാണി സാറാ നമ്മുടെ ചിഹ്നം എന്നും;കൈപ്പത്തിയാ ചിഹ്നമെന്നും ;എ കെ ജി സെന്ററിലൊക്കെ ഞങ്ങൾ പോകാറുള്ളതാ ;വാസവൻ ചേട്ടൻ ഞങ്ങടെ വീട്ടിൽ വന്നിട്ടുണ്ട് എന്നൊക്കെ തരാ തരാം പോലെ പറയുന്നുണ്ട് .

വീട്ടിൽ കയറി മണിക്കൂറുകളോളം ഒറ്റയിരുപ്പാണ്.വോട്ട് തരാം എന്ന് പറഞ്ഞാൽ മാത്രമേ വീട്ടിൽ നിന്നും ഇറങ്ങൂ.വീട്ടിൽ നിന്നും ഇറങ്ങി പോകാൻ പറയാൻ പറ്റുമോ അതുകൊണ്ടു വീട്ടുകാർ വോട്ടു തരാം എന്ന് തന്നെ പറയും .എൽ ഡി എഫ് ആണോ യു ഡി എഫ് ആണോ എന്നൊക്കെ ചോദിച്ചാൽ രണ്ടു പേരും ഒരു മോണോലിസാ ചിരി ചിരിക്കും .ഹോ …അതൊക്കെ വലിയ പങ്കപ്പാടാ എന്നൊരു കാച്ച് കാച്ചും .രണ്ടു വശവും കൊള്ളുന്ന ഒരു വർത്തമാന അത് .
ഇന്നാകട്ടെ തുരുത്തി വനിതാ കോൺഗ്രസിന്റെ നിയോജക മണ്ഡലം സമ്മേളനത്തിൽ സജീവമായി ഉണ്ടായിരുന്നു.കൂടുതൽ നേരവും മൊബൈലിൽ തോണ്ടായിരുന്നു പണി .മുഖം കണ്ടാൽ ഒരു ആവണക്കെണ്ണയിൽ കടവിറങ്ങിയ മാതിരിയും .എന്തോ ഒരസ്ക്കിത തോന്നി .ജോസ് കെ മാണിയെ വിജയിപ്പിക്കണമെന്നൊക്കെ നേതാക്കൾ പറഞ്ഞപ്പോൾ മൊബൈലിലെ തോണ്ടിന്റെ ശക്തി കൂടിക്കൊണ്ടിരുന്നു .ഇനിയെങ്ങാനും കേരളാ കോൺഗ്രസ് (ടി ) ഉണ്ടാക്കാനുള്ള പുറപ്പാടാണോ ഒന്നും പറയാൻ പറ്റില്ല.എപ്പഴാ എങ്ങോട്ടാ മാറുന്നത് എന്നൊന്നും ആർക്കും മുൻകൂട്ടി പറയാൻ പറ്റില്ല .

ഈയിടെ യു ഡി എഫ് മുനിസിപ്പാലിറ്റിയുടെ മുമ്പിൽ നടത്തിയ സമരത്തിനെല്ലാം ചെറിയൊരു സാന്നിധ്യമായി തുരുത്തനുണ്ടായിരുന്നു .അതെന്താ എന്ന് ചോദിച്ചാൽ എല്ലാം ഒന്നല്ലേ എന്നൊരു മറുചോദ്യമാണ് തുരുത്തന്റെ വക വരുന്നത് .ഈയിടെ ബിജെപി ക്കാരെ കണ്ടപ്പോഴും പറഞ്ഞു നമ്മൾ എല്ലാരും ഒന്നാ കേട്ടോ.മനുഷേന്റെ കാര്യമല്ലേ എവിടുന്നാ ഗുണം കൂടുന്നതെന്നു പറയാൻ പറ്റുമോ.പണ്ട് അമ്മൂമ്മ പറഞ്ഞതു പോലെ ഗീവർഗീസ് പുണ്യാളന് ഒരു രൂപാ വച്ച് കൊടുത്തു .പാമ്പിന്റെ വായിൽ ഒരു 25 പൈസാ തുട്ടും വച്ച് കൊടുത്തു .അപ്പോൾ ഒരാൾ ചോദിച്ചു അതെന്തിനാ അമ്മാമ്മേ പാമ്പിന് പൈസ കൊടുത്ത് .അമ്മാമ പറഞ്ഞു ആരെ കൊണ്ടാ കൊണം കിട്ടുന്നതെന്നു പറയാൻ പറ്റുമോ ,അതുകൊണ്ടു ബിജെപി ക്കാർക്കും ഇരിക്കട്ടെ ഒരു നല്ല നമസ്ക്കാരം .ചക്രം മുടക്കൊന്നുമില്ലല്ലോ.
ഈയിടെ ചേർന്ന എൽ ഡി എഫ് യോഗത്തിൽ സിപിഎം കാർ ഈ വിഷയം ഉന്നയിച്ചു .ഞങ്ങടെ സീറ്റിൽ കയറി വോട്ട് ചോദിക്കുന്നത് മുന്നണി മര്യാദയുടെ ലംഘനമാണ്.പാലാ കുഞ്ഞാണ്ടന്മാർ ഉടനെ പറഞ്ഞു .ഞങ്ങൾ ഇത് ജോസ് കെ മാണിയോട് പറഞ്ഞോളാം … .ഓ …പറഞാലെന്താ …ജോസ് കെ മാണിയുടെ പിതാവ് സാക്ഷാൽ കെ എം മാണി പറഞ്ഞിട്ട് കേട്ടിട്ടില്ല പിന്നെയാ ജോസ് കെ മാണി പറഞ്ഞാൽ കേൾക്കുന്നത് .യു ഡി എഫ് കാരുമായി അടുത്ത് കൂടിയപ്പോൾ അവർ പറഞ്ഞു സ്വതന്ത്ര വേഷം വേണ്ടാ .ഒന്നെങ്കിൽ തൊടുപുഴ കുഞ്ഞാണ്ടനിൽ ചേരണം ,അല്ലെങ്കിൽ എം എൽ എ യുടെ പാർട്ടിയിൽ ചേരണം .അത് തുരുത്തനും തുരുത്തിക്കും അത്രയ്ക്കങ്ങ് പിടിച്ചില്ല .ഞങ്ങളെ കുപ്പിയിലാക്കാൻ ഒരുത്തനും വളർന്നിട്ടില്ല .ഞങ്ങൾ എല്ലാരേയും കുപ്പിയിലാക്കിയിട്ടേ ഒള്ളൂ.അതറിയാവോ..?
രണ്ടാം വാർഡിൽ അടുത്ത തവണ വലിയേട്ടൻ പാർട്ടിയുടെ ജോസിൻ ബിനോ മത്സരിക്കാനുറച്ചാണ് നിൽപ്പ് .അപ്പോഴാണ് പുത്തരിയിൽ കല്ലുകടിയുമായി തുരുത്തൻ വന്നത്.ഡി വൈ എഫ് ഐ പരിപാടിയിലും ;ഹർത്താൽ പ്രകടനത്തിലും ഒക്കെ പങ്കെടുത്തു വലിയേട്ടന്റെ ഗുഡ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുമ്പോഴാണ് വോട്ടേഴ്‌സ് ലിസ്റ്റിൽ അനധികൃതമായി പേര് ചേർത്ത് എന്നൊക്കെ പറഞ്ഞു തുരുത്തൻ ബഹളമുണ്ടാക്കിയത്.നമ്മൾ എൽ ഡി എഫ് അല്ലെ എന്നൊക്കെ ജോസിൻ ബിനോ സ്നേഹം പ്രകടിപ്പിച്ചെങ്കിലും തുരുത്തനുണ്ടോ വഴങ്ങുന്നു .പോത്തിനെന്ത് ഏത്തവാഴ ;തുരുത്തനെന്ത് എൽ ഡി എഫ്.അതൊന്നും തുരുത്തന് വഴങ്ങുന്ന ഭാഷയല്ല. തെരെഞ്ഞെടുപ്പ് വന്നാൽ പിന്നെ തുരുത്തനും തുരുത്തിക്കും മുന്നണിയൊന്നും വിഷയമല്ല .പണ്ട് പള്ളീലച്ചൻ പറഞ്ഞപോലെ യെസും പൂസും പള്ളിക്കു പുറത്ത് ഏലിയെ കെട്ടാൻ മനസാണോ എന്ന് ചോദിച്ചപ്പോലെ ,ഒന്നെങ്കിൽ ഞാൻ രണ്ടാം വാർഡിൽ മത്സരിക്കാം ;അല്ലെങ്കിൽ തുരുത്തി ഒന്നാം വാർഡിൽ മത്സരിക്കട്ടെ .ബാക്കി 24 വാർഡിൽ ഞാനൊന്നും ചോദിച്ചില്ലല്ലോ.അവിടെ നിങ്ങൾ ആരെ വേണേലും മത്സരിപ്പിച്ചോ .?എനിക്ക് ഒരു വിരോധവുമില്ല .എത്ര മര്യാദയുള്ള എൽ ഡി എഫ് പ്രവർത്തകൻ .എത്ര അച്ചടക്കമുള്ള എൽ ഡി എഫ് പ്രവർത്തകൻ .ആര് കാണിക്കും ഇത്രയും മര്യാദ.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ