പാലാ.: വർഷങ്ങളായി ജോലി ചെയ്യുന്ന അധ്യാപകർക്ക് ശമ്പളം നൽകാതെ കഷ്ടപ്പെടുത്തുന്നത് പ്രതിഷേധാർഹമാണെന്നും എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്നും മാണി സി. കാപ്പൻ എം.എൽ.എ. പണി എടുക്കുന്നവർക്ക് കൂലി കൊടുക്കുകയെന്ന സാമാന്യ നീതി പോലും പാലിക്കാത്ത സർക്കാർ തൊഴിലാളിവിരുദ്ധ ഏകാധിപത്യ ഭരണ ശൈലിയാണ് അനുവർത്തിക്കുന്നത്. അനാവശ്യ കാര്യങ്ങൾക്ക് ധൂർത്തടിക്കുകയും അനധികൃതമായി നിയമനം നടത്തുകയും ചെയ്യുന്ന സർക്കാർ നിയമാനുസൃതം ജോലി ചെയ്യുന്നവരെ അവഹേളിക്കുകയാണ്.

കേരളത്തിന്റെ പുരോഗതിക്ക് വലിയ സംഭാവന ചെയ്യുന്ന ക്രൈസ്തവ മാനേജുമെന്റ് സ്കൂളുകളിലെ ജീവനക്കാരോടുള്ള വിവേചനം അവസാനിപ്പിക്കാൻ മുൻകൈ എടുക്കേണ്ടവർ ഭരണസുഖം അനുഭവിച്ച് മൗനം പാലിക്കുന്നത് ജനം തിരിച്ചറിയുന്നുണ്ട്. കോടതി വിധിയുണ്ടായിട്ടും ക്രൈസ്തവ മാനേജുമെന്റ് സ്കൂളുകളോട് വിവേചനം കാണിക്കുന്നത് ക്രൂരതയാണ്. ഇലക്ഷൻ അടുക്കുമ്പോൾ കിറ്റ് നൽകി സുഖിപ്പിക്കുന്നതുപോലെ ജീവനക്കാരെ കബളിപ്പിക്കാനാവില്ല.അർഹതപ്പെട്ട ശമ്പളം നേടിയെടുക്കുന്നതിന് പോരാടുന്ന അധ്യാപക, അനധ്യാപക സഹോദരങ്ങൾക്കും നേതൃത്വം നൽകുന്ന മാനേജുമെന്റിനും ഐക്യദാർഢ്യം പ്രകടിപ്പിച്ച് നിയമസഭക്കകത്തും പുറത്തും പോരാടുമെന്ന് മാണി സി. കാപ്പൻ എം.എൽ.എ പറഞ്ഞു.