ചേർപ്പുങ്കൽ: യുവതലമുറയ്ക്ക് കൈമോശം സംഭവിച്ച കാർഷിക സംസ്കാരത്തെ വിദ്യാർത്ഥി ഹൃദയങ്ങളിൽ വിത്തുപാകി വളർത്തുവാനും കാർഷികവൃത്തിയോട് താല്പര്യവും, മണ്ണിൽ പണിത് വിളവെടുത്ത് അന്നമൊരുക്കുന്ന കർഷകനോട് ബഹുമാനം സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി “ഫാർമർ ഫസ്റ്റ്” എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് എ. കെ. സി.സി ചേർപ്പുങ്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ഹരിതസങ്കീർത്തനം എന്ന പേരിൽ വിദ്യാർത്ഥി കാർഷിക പഠന കളരി ആരംഭിച്ചു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്നപദ്ധതിയുടെ ഉത്ഘാടനം ചേർപ്പുങ്കൽ ഹോളിക്രോസ് ഹൈസ്കൂളിലെ കുട്ടി കർഷകർക്ക് വിത്തുകുട്ട കൈമാറിക്കൊണ്ട് രൂപതാ ഡയറക്ടർ റവ . ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ഓദ്യോഗികമായി നിർവഹിച്ചു.
കൃഷി എന്നത് ഒരു സംസ്കാരമാണെന്നും മണ്ണിൽ പണിയുന്ന കർഷകനോളം ധാർമിക ആത്മീയ മൂല്യങ്ങൾ പാലിക്കുന്ന മനുഷ്യ വ്യക്തിത്വങ്ങൾ ഭൂമിയിൽ വേറെയില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അന്നം തരുന്നവൻ ദൈവമാണെന്നും നമുക്ക് ഭക്ഷണം ഒരുക്കുവാൻ മണ്ണിൽ പണിയുന്ന ഓരോ കർഷകനെയും ദൈവതുല്യനായി കണ്ടു അർഹിക്കുന്ന ബഹുമാനവും ആദരവും നൽകുവാൻ നമ്മൾ ശീലിക്കേണ്ടതുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അനുസ്മരിച്ചു. ശൈശവ ബാല്യ കൗമാര കാലങ്ങളിൽ പുസ്തകത്തോടൊപ്പം പഠിക്കുകയും ശീലിക്കുകയും ചെയ്യേണ്ട വലിയൊരു സംസ്കാരമാണ് കൃഷിയെന്നും ഉയർന്ന ജോലിയും വലിയ ശമ്പളവും ആഗ്രഹിക്കുമ്പോഴും അതിനൊന്നും വിശപ്പിനെ ശമിപ്പിക്കാൻ ആകില്ല എന്നുളള യാഥാർത്ഥ്യബോധം എപ്പോഴും മനസ്സിൽ സൂക്ഷിക്കണമെന്നും , അധ്യക്ഷ പ്രസംഗത്തിൽ യൂണിറ്റ് ഡയറക്ടർ ഫാ. അജിത്ത് പരിയാരത്ത് പറഞ്ഞു. കൃഷി ലോക സംസ്കാരങ്ങളുടെ രൂപീകരണത്തിൽ നിർണ്ണായകമായിരുന്നുവെന്നും നദീതടങ്ങളിൽ കൃഷിക്കായി ഒത്തു ചേർന്നവരാണ് ആദ്യത്തെ മനുഷ്യസമൂഹവും സംസ്കാരവും സൃഷ്ടിച്ചതെന്നും ഹെഡ്മാസ്റ്റർ ജോജി എബ്രഹാം സ്വാഗത പ്രസംഗത്തിൽ ചരിത്രം ഉദ്ധരിച്ച് ഓർമിപ്പിച്ചു.
ഹരിതഭാവങ്ങൾ നഷ്ടപ്പെട്ട മനുഷ്യമനസുകളുടെ എണ്ണം ക്രമാതീതമായ വർദ്ധിച്ചതാണ് ഇന്നത്തെ മൂല്യച്യുതികൾക്കെല്ലാം കാരണമെന്നും വളർന്നുവരുന്ന തലമുറയ്ക്ക് മണ്ണിൻ്റെ നൈർമല്യവും വിയർപ്പിന്റെ മഹത്വവും വ്യക്തമാക്കി കൊടുക്കാനുള്ള പരിശ്രമമാണ് ഹരിത സങ്കീർത്തനത്തിലൂടെ നടപ്പാക്കുകയെന്നും യൂണിറ്റ് പ്രസിഡണ്ട് മാർട്ടിൻ ജെ കോലടി പറഞ്ഞു .വിദ്യാർത്ഥി ഹൃദയങ്ങളിൽ നന്മയുടെ ഹരിതകാന്തി കെടാതെ സൂക്ഷിക്കുവാനുള്ള വിവിധ പ്രവർത്തനങ്ങൾ അഗ്രികൾച്ചറൽ ക്ലബ്ബുമായി സഹകരിച്ച് നടപ്പിലാക്കുമെന്ന് പിടിഎ പ്രസിഡണ്ട് സജു കൂടത്തിനാൽ അറിയിച്ചു .ആദ്യഘട്ടമായി അടുക്കളത്തോട്ട മത്സരം സംഘടിപ്പിക്കും.എൽപി ,യുപി , ഹൈസ്കൂൾ ഹയർസെക്കൻഡറി സ്കൂൾ തലങ്ങളിൽ പ്രത്യേകം പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കും . ഇതിനായി അംഗുരണ ശേഷി കൂടിയ മുന്തിയ ഇനം വിത്തുകൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകും. വിത്തു മുതൽ ഫലം വരെയുള്ള കൃഷി അറിവുകൾ പകർന്നു കൊടുക്കുവാനും കൃഷി സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കാനും ,അനുദിന കാർഷിക പ്രവർത്തികൾ ഓർമിപ്പിക്കുവാനും, പദ്ധതിയെ ഒത്തൊരുമയോടെ മുന്നോട്ടു കൊണ്ടു പോകുവാനുമായി നവമാധ്യമങ്ങളെ പ്രയോജനപ്പെടുത്തും.

കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കാർഷികവ്യവസ്ഥയിലെ പരിചയസമ്പന്നരും ഉൾപ്പെടെ അനുഭവ സമ്പന്നരുടെ നീണ്ട നിര ഇതിനായി കുട്ടികളുടെ ഒപ്പമുണ്ടാകും.
എ കെ സി സി രൂപതാ സമിതി നടത്തുന്ന അടുക്കളത്തോട്ട മത്സരവുമായി സഹകരിച്ചു നടത്തുന്ന മത്സരത്തിൽ യോഗ്യരായവർക്ക് ഫെറോന-രൂപതാ തല മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.
ഒന്നാം സമ്മാനമായി 10000 രൂപയും 5-ാം സമ്മാനം ആയിരം രൂപയും കൂടാതെ മികച്ച 20 കർഷകർക്ക് പ്രോത്സാഹന സമ്മാനവും ഉണ്ടാകും. ഓഗസ്റ്റ് 17 മുതൽ നവംബർ 17 വരെ 90 ദിവസം നീണ്ടു നിലനിൽക്കുന്ന ഒന്നാം ഘട്ടത്തിൽ ഏതാണ് 180 വിദ്യാർത്ഥികൾ പങ്കെടുക്കും. കൃഷിയുടെ മുന്നൊരുക്കങ്ങൾ കാർഷിക ബാലപാഠങ്ങൾ ,ജൈവപരിപാലന രീതികൾ ,പരിചരണ കലണ്ടർ എന്നിവ ഉൾപ്പെടുത്തി കൊണ്ട് നടന്ന കാർഷിക സെമിനാറിന് എ കെ.സി സി രൂപതാ
കർഷക വേദി ചെയർമാൻ ടോമി കണ്ണേറ്റുമാലിൽ നേതൃത്വം നൽകി.