
മൂന്നിലവ്: കർഷകരുടെ നിലനിൽപ്പിനായി ഏതറ്റംവരെയും പോരാടും എന്നും അവരെ വഞ്ചിക്കാനുള്ള എല്ലാ നീക്കങ്ങളും തടയും എന്നും കത്തോലിക്കാ കോൺഗ്രസ്. ഒരു നൂറ്റാണ്ടിലേറെയായുള്ള കത്തോലിക്കാ കോൺഗ്രസിന്റെ സമരങ്ങളിൽ ഏറെയും കർഷകർക്ക് വേണ്ടിയും അവരുടെ അവകാശങ്ങൾക്ക് വേണ്ടിയും ആയിരുന്നു എന്ന് കത്തോലിക്ക കോൺഗ്രസ് പാലാ രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ പ്രസ്താവിച്ചു. കത്തോലിക്ക കോൺഗ്രസ് പാലാ രൂപതാസമിതി ചിങ്ങം ഒന്നിന് നടത്തിയ കർഷക വഞ്ചനാദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വികസിത രാജ്യങ്ങളും കർഷകരെ സംരക്ഷിക്കാനും വന്യജീവികളെ നിയന്ത്രിക്കാനും ഉള്ള നിയമനിർമ്മാണങ്ങൾ നടത്തുമ്പോൾ തികച്ചും വ്യത്യസ്തമായ നിലപാടെടുത്ത് വന്യജീവികളെ സംരക്ഷിക്കാനും കർഷകരെ ദ്രോഹിക്കാനുമാണ് ഇവിടെ അധികാരികൾ നിയമങ്ങൾ ഉണ്ടാക്കുന്നത്. അശാസ്ത്രീയമായ പരിസ്ഥിതി നിയമങ്ങളും കർഷകരെ ബുദ്ധിമുട്ടിലാക്കുകയാണ്. വന്യജീവികളുടെ ശല്യം കാരണം കൃഷി ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. സർക്കാരുകൾ ഇക്കാര്യങ്ങളിൽ കൃത്യമായ നിയമനിർമണം നടത്തിയില്ലെങ്കിൽ കത്തോലിക്കാ കോൺഗ്രസ് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു.

രൂപത പ്രസിഡൻറ് ഇമ്മാനുവൽ നിധീരി അധ്യക്ഷത വഹിച്ച യോഗത്തിൽ റവ. ഫാ കുര്യൻ തടത്തിൽ, ജോയി കണിപ്പറമ്പിൽ, ആൻസമ്മ സാബു, ജോൺസൺ വീട്ടിയാങ്കൽ, പയസ് കവളംമാക്കൽ, ജോൺസൺ ചെറുവള്ളി, ബെന്നി കിണറ്റുകര, സാബു പ്ലാത്തോട്ടം, ടോമിച്ചൻ പഴയ മഠം, ജോർജ് തൊടുവനാൽ, ജോ സെബാസറ്റ്യൻ, വർഗീസ് ജോർജ് ഇളംതുരുത്തിയിൽ, ജിമ്മി കൊച്ചെട്ടൊന്നിൽ തുടങ്ങിയവർ സംസാരിച്ചു.