Kottayam

കടവുപുഴ പാലം പുനർനിർമ്മാണം കേന്ദ്ര സഹായംഉറപ്പ് ലഭിച്ചു: ഫ്രാൻസിസ് ജോർജ് എം.പി

പാലാ : – 2021 ൽ ഉണ്ടായ അതി തീവ്ര മഴയെ തുടർന്ന് തകർന്നു വീണ കോട്ടയം ജില്ലയിലെ മൂന്നിലവ് പഞ്ചായത്തിലെ കടവുപുഴ പാലവും റോഡും നിർമ്മിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്ര ഗോത്ര കാര്യ വകുപ്പ് മന്ത്രി ജൂവൽ ഓറം ഉറപ്പ് നൽകിയതായി ഫ്രാൻസിസ് ജോർജ് എം.പി,മാണി സി.കാപ്പൻ എം.എൽ.എ എന്നിവർ അറിയിച്ചു.

കോട്ടയം ലോക്സഭാ മണ്ഡലത്തിലെ ഏക പട്ടിക വർഗ്ഗ ഗ്രാമ പഞ്ചായത്തായ മൂന്നിലവിലെ കടവുപുഴ പാലവും അപ്രോച്ച് റോഡും അടിയന്തിരമായി പുനർനിർമ്മിക്കുന്നത് സംബന്ധിച്ച് കേന്ദ്ര മന്ത്രിയുമായി നടത്തിയ ചർച്ചയിൽ അറിയിച്ചതാണ് ഇക്കാര്യം.

പാലം തകർന്നതോടെ മലഞ്ചെരുവുകൾ നിറഞ്ഞ പഞ്ചായത്തിലെ ഭൂരിപക്ഷം ജനങ്ങളുടെയും സഞ്ചാരം ദുഷ്കരമായിരിക്കുകയാണ്. ആശുപത്രികൾ, സ്കൂൾ,കോളജ് എന്നിവിടങ്ങളിലേക്ക് ജനങ്ങൾക്ക് പോകാൻ 20 കിലോമീറ്ററിലധികം കൂടുതലായി യാത്ര ചെയ്യേണ്ട സ്ഥിതി ആണ് ഇപ്പോൾ ഉള്ളതെന്ന് ചർച്ചയിൽ ഫ്രാൻസിസ് ജോർജ് മന്ത്രിയെ ധരിപ്പിച്ചു.

പാലം തകർന്നിട്ട് മൂന്നുവർഷം കഴിഞ്ഞിട്ടും പുനർ നിർമ്മിക്കാനുള്ള യാതൊരു നടപടിയും സംസ്ഥാന സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ല. പാലം പുനർ നിർമ്മാണത്തിനായി
മാണി.സി.കാപ്പൻ എം.എൽ.എ നിരന്തരമായി ശ്രമിച്ചു വരുകയായിരുന്നു.
പൊതു മരാമത്ത് വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് പാലം പുതുക്കി പണിയാൻ 2.5കോടിയും മേച്ചാലിലേക്കുള്ള 7.5 കിലോമീറ്റർ റോഡ് നിർമ്മാണത്തിന് 15 കോടിയും ഉൾപ്പെട്ടെ 17.5 കോടി രൂപ അനുവദിക്കണമെന്നാണ് ചർച്ചയിൽ ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടത്.

പട്ടിക വർഗ്ഗ വിഭാഗത്തിനുള്ള പ്രത്യേക സ്കീമിൽ നിന്നും തുക അനുവദിക്കുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ഫ്രാൻസിസ് ജോർജ് എം.പി യും മാണി.സി. കാപ്പൻ എം.എൽ.എ യും പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top