മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ നിന്ന് നടന് ജഗദീഷ് പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം സംബന്ധിച്ച് മുതിര്‍ന്ന നടന്മാരായ മമ്മൂട്ടിയുമായും മോഹന്‍ലാലുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ഇവരുടെ അനുമതി ലഭിച്ചാല്‍ ജഗദീഷ് പത്രിക പിന്‍വലിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിത വരണമെന്നാണ് ആഗ്രഹമെന്നും ജഗദീഷ് പറഞ്ഞതായി അറിയുന്നു.

ജഗദീഷ് ഉള്‍പ്പെടെ ആറുപേരാണ് അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ശ്വേതാ മേനോന്, രവീന്ദ്രന്, ജയന് ചേര്‍ത്തല, അനൂപ് ചന്ദ്രന്, ദേവന് എന്നിവരാണ് ബാക്കിയുള്ളവര്‍. ജഗദീഷ് പിന്മാറുന്നതോടെ ശ്വേതാ മേനോന് അധ്യക്ഷ സ്ഥാനത്തേക്കുള്ള സാധ്യത ഉയരുമെന്നാണ് വിലയിരുത്തല്‍. ബാബുരാജ്, അനൂപ് ചന്ദ്രന്, രവീന്ദ്രന്, ജയന് ചേര്‍ത്തല, കുക്കു പരമേശ്വരന് എന്നിവര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്.
ആശ അരവിന്ദ്, അനൂപ് ചന്ദ്രന്, ജയന് ചേര്‍ത്തല, രവീന്ദ്രന്, ലക്ഷ്മിപ്രിയ, നവ്യ നായര്‍, കുക്കു പരമേശ്വരന്, ഉണ്ണി ശിവപാല്‍, നാസര്‍ ലത്തീഫ് എന്നിവര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ട്. ഒരാള്‍ക്ക് ഒരു സ്ഥാനത്തേക്ക് മാത്രമേ മത്സരിക്കാന്‍ സാധിക്കൂ. ഒന്നിലേറ സ്ഥാനങ്ങളിലേയ്ക്ക് പത്രിക നല്കിയവര് 31-ന് അന്തിമ സ്ഥാനാര്‍ഥി പട്ടിക വരുന്നതിന് മുൻപായി മറ്റു സ്ഥാനങ്ങളിലേയ്ക്ക് നൽകിയ പത്രിക പിൻവലിക്കണം.
