Kerala

അഴിമതിക്കെതിരെ ഞാൻ ആവോളം യുദ്ധം ചെയ്തു;എന്റെ ഓട്ടം ഞാൻ പൂർത്തിയാക്കി :പാലാക്കാരുടെ സ്വന്തം വീയെസ്

പാലാ :2011 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ വി എസ് അച്യുതാന്ദന് സീറ്റില്ല എന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമായി പുറത്ത് വന്നപ്പോൾ കേരളമെങ്ങും പ്രതിഷേധ ജ്വാല ഉയർന്നു.ആ പ്രതിഷേധ തീ കത്തിപ്പടർന്ന് പാലായിലുമെത്തി.പാലായിലെ ഇടതുപക്ഷ അനുഭാവികൾ മുഴുവൻ അച്യുതാന്ദന് മത്സരിക്കാൻ സീറ്റ് നൽകാത്തതിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി .

അന്നൊക്കെ അച്യുതാന്ദന് എന്തെങ്കിലും തട്ടുകേട് പറ്റിയാൽ കാസർകോട് നീലേശ്വരത്ത് നിന്നാണ് ആദ്യം പ്രകടനം തുടങ്ങുന്നത് .നീലേശ്വരത്തെ പ്രകടന വാർത്ത കണ്ട് പാലായിലെ ഇടതുപക്ഷ അനുഭാവികളും പ്രതിഷേധ പ്രകടനത്തിന് സംഘടിച്ചെങ്കിലും ;ഒരിടത്തും പ്രകടനം നടന്നില്ല .പിറ്റേ ദിവസം ജില്ലാ കമ്മിറ്റിയുണ്ട് ; വീയെസ്സിന് സീറ്റില്ലെന്ന് പാർട്ടി പറഞ്ഞിട്ടില്ല എന്നൊക്കെ പറഞ്ഞ് നേതാക്കൾ പ്രതിഷേധ തീ കെടുത്താൻ ആവതു ശ്രമിച്ചെങ്കിലും വഴിവക്കുകളിലെല്ലാം പരുഷമായ വാക്കുകളോടെ  ആയിരുന്നു സിപിഐ(എം) നേതാക്കളെ അനുയായികൾ നേരിട്ടത് .

2006 ൽ അദ്ദേഹം മുഖ്യമന്ത്രി ആയപ്പോൾ കേരളത്തിന്റെ സന്തോഷത്തോടൊപ്പം പാലായും ആ സന്തോഷത്തിൽ പങ്കാളിയായി .മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ എടുത്ത തീരുമാനങ്ങൾ അദ്ദേഹത്തിന് രാജ്യാന്തര പ്രശസ്തി നേടി കൊടുത്തു .നാട്ടിൽ അനീതി കണ്ടാൽ പലരും കാര്യമായിട്ടും അല്ലാതെയും പറയാൻ തുടങ്ങി .എങ്ങിനെയാ അച്യുതാന്ദനെ വിളിക്കണോ.തെറ്റിനെതിരെ പോരാടുന്ന പട നായകനായാണ് വീ എസ്സിനെ അന്ന് എല്ലാവരും കണ്ടിരുന്നത് .അത് കൊണ്ട് തന്നെ പാർട്ടിയിലെ ഒരു വിഭാഗം  2011 ലെ തെരെഞ്ഞെടുപ്പിൽ അദ്ദേഹത്തിന് സീറ്റ് നൽകാൻ വിമുഖത കാണിച്ചു .

അച്ചുമാമൻ അച്ചുമാമൻ
ഞങ്ങടെ ചാച്ചനാം അച്ചുമാമൻ
പണമെന്നു കേൾക്കുമ്പോൾ 
പിണമായി മാറുന്ന 
പിണിയാളന്മാരെ തുരത്തി മാമൻ 

മൂന്നാർ ഓപ്പറേഷനിലൂടെ കേരള മനസുകളിൽ സ്പുടം ചെയ്തെടുത്ത കവിതകളുടെ പാലാ പരിഭാഷ പല ഇടതുപക്ഷ അനുഭവമുള്ള വീടുകളിലെയും കൊച്ചു കുട്ടികൾ പോലും ആലപിക്കാൻ തുടങ്ങി .ഇതൊക്കെ പാർട്ടിയിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു.അതിന്റെ പരിണിത ഫലമാണ് 2011 സീറ്റ് നിഷേധിക്കലിലൂടെ അവർ പ്രകടമാക്കിയത് .

2011 ൽ മാണി സി കാപ്പൻ കെ എം മാണിയുമായി മത്സരിച്ചു തോറ്റെങ്കിലും കെ എം മാണിയുടെ ഭൂരിപക്ഷം തുലോം കുറച്ചു കൊണ്ട് വരുവാൻ വി എസ് തരംഗത്തിന് കഴിഞ്ഞിരുന്നു .അന്ന് വി എസ്സും കാപ്പനും നിൽക്കുന്ന ഫ്ലെക്സുകൾ പാലായാകെ നിറഞ്ഞു നിന്നിരുന്നു.പാലാ ളാലം പാലത്തുങ്കലെ  പൊതു യോഗത്തിൽ വി എസ് വന്നപ്പോൾ പാലായാകെ മനുഷ്യ മഹാ സാഗരമായി മാറിയിരുന്നു .പല തൊഴിലാളികളും അന്ന് ജോലിക്കു പോയിരുന്നില്ല .ഞങ്ങടെ വീയെസ്സിനെ കാണാതിരിക്കാൻ പറ്റുമോ എന്നായിരുന്നു പല തൊഴിലാളികളും അന്ന് ചോദിച്ചത് .ജനഹൃദയങ്ങളിൽ ജീവിച്ച വീയെസ്സിന് ഇതില്പര്യമൊരു അംഗീകാരം എങ്ങനെ ലഭിക്കും .

1987 ൽ രാമപുരത്ത് വച്ച് നടന്ന ഡി വൈ എഫ് ഐ യുടെ പാലാ ബ്ലോക്ക് സമ്മേളനത്തിലാണ് വി എസ് ആദ്യമായി രാമപുരത്ത് വന്നത്.നീട്ടിയും കുറുക്കിയുമുള്ള അദ്ദേഹത്തിന്റെ പ്രസംഗ ശൈലി പിൽക്കാലത്ത് പല ഡി വൈ എഫ് ഐ ക്കാരും അനുകരിച്ചിരുന്നു.ജില്ലാ കൗൺസിൽ തെരെഞ്ഞെടുപ്പിൽ യു  ഡി എഫ് തോറ്റ്  പോയപ്പോൾ രാമപുരത്ത് വച്ച് വി എസ് പറഞ്ഞു .കോൺഗ്രസ് ജില്ലാ കൗൺസിൽ തെരെഞ്ഞെടുപ്പിൽ തോഓ ഓ ഓ ഓ ഓറ്റ് പോ ഓ ഓ ഓ ഓ യി ;അത് മാത്രമല്ല തോഓ ഓ ഓ ഓ ഓറ്റ് തൊപ്പിയിട്ടു യെന്ന് കേ ഏ ഏ ഏ ഏ ട്ടിട്ടില്ലേ അതാ ആ ആ ആ ആ ണ് സംഭവിച്ചത്.അതൊരു ജനകീയ ശൈലിയാണ് വളർന്നു .

മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ വിഷയങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അച്യുതാനന്ദൻ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.1985 ൽ സിപിഐഎം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ എം വി രാഘവനിലൂടെ നേരിട്ടിരുന്നു .അന്ന് എം വി രാഘവൻ അവതരിപ്പിച്ച ബദൽ രേഖയിൽ ഒപ്പ് വച്ചവരിൽ പാർട്ടിയിലെ ഒട്ടു മിക്കവരും  ഉണ്ടായിരുന്നു .

എം വി രാഘവൻ ;പി വി കുഞ്ഞിക്കണ്ണൻ ,സി പി മൂസാൻ കുട്ടി ;പുത്തലത്ത് നാരായണൻ തുടങ്ങിയവരുടെ പ്രചണ്ഡ പ്രചാരണത്തെ അന്ന് സമർഥമായി നേരിട്ടത് വി എസ് എന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറി ആയിരുന്നു .നാലു പേരെയും സസ്പെൻഷനിലാക്കി വി എസ് നടത്തിയ രക്ഷ പ്രവർത്തനമാണ് അന്ന് സിപിഐ (എം) നെ രക്ഷ പെടുത്തിയത് .അരിശം കൊണ്ട എം വി രാഘവൻ പാലാ ളാലം പാലത്തിനു സമീപം നടന്ന പൊതുയോഗത്തിൽ എടൊ അച്യുതാനന്ദാ താൻ അച്യുതാനന്ദൻ അല്ല അത്ഭുതാനന്ദനാണ് എന്ന് ആക്രോശിക്കുകയും ചെയ്തു .അന്ന് കോട്ടയം ജില്ലയിൽ സുരേഷ് കുറുപ്പ് ;വൈക്കം വിശ്വൻ ;കെ എസ് കൃഷ്ണൻ കുട്ടി നായർ തുടങ്ങിയവർ എം വി ആർ പക്ഷത്തായിരുന്നപ്പോൾ കെ കെ ജോസഫ് മാത്രമായിരുന്നു ഔദ്യോഗിക പക്ഷത്ത് ഉറച്ച് നിന്നത്.തുടർന്ന് കെ എസ് കൃഷ്ണൻ കുട്ടി നായർ എന്ന എസ് എഫ് ഐ നേതാവിനെ എ കെ ജി സെന്ററിൽ കൊണ്ട് പോയി തടഞ്ഞു വയ്ക്കുകയും മുടി മുറിക്കുകയും ഒക്കെ ചെയ്തത് അക്കാലത്ത് വിവാദമായിരുന്നു .

അന്ന് 1985 ൽ പാർട്ടി ആഫീസിൽ നടന്ന കൺവൻഷനു ശേഷം നടന്ന പ്രകടനത്തിൽ അന്നത്തെ യുവജന നേതാവ്   ലാലിച്ചൻ ജോർജ് വിളിച്ചു കൊടുത്ത മുദ്രാവാക്യം ഇതായിരുന്നു …

സ്വർണ്ണം കായ്ക്കും മരമാണേലും ;
പുരയ്ക്കു മീതെ ചരിഞ്ഞെന്നാൽ
വെട്ടി കളയും കട്ടായം
ആരിതു പറയുവതറിയാമോ
ചോര ചാലുകൾ നീന്തി കയറിയ
പുന്നപ്രയുടെ പുന്നാര മക്കൾ 
കയ്യൂരിന്റെ കരുത്തുള്ളോർ

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top